സെവിയ്യ: നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവില്‍ എഫ്.സി ബാഴ്‌സലോണയ്‌ക്കൊരു കിരീടം. അത്‌ലറ്റിക്ക് ബില്‍ബാവോയെ ഗോള്‍വര്‍ഷത്തില്‍ മുക്കിയയാണ് ബാഴ്‌സ 2020-21 സീസണിലെ കോപ്പ ഡെല്‍ റേ കിരീടം സ്വന്തമാക്കിയത്. മടക്കമില്ലാത്ത നാലു ഗോളിനായിരുന്നു അവരുടെ ജയം. 2019നുശേഷം ഇതാദ്യമായാണ് ബാഴ്‌സ ഒരു കിരീടത്തില്‍ മുത്തമിടുന്നത്. മാനേജര്‍ റൊണാള്‍ഡ് കോമാന്‍ ചുമതലയേറ്റശേഷം ടീം സ്വന്തമാക്കുന്ന ആദ്യ കിരീടം കൂടിയാണിത്. അതേസമയം രണ്ടാഴ്ചയ്ക്കുള്ളില്‍ ബില്‍ബാവോ നേരിടുന്ന രണ്ടാമത്തെ ഫൈനല്‍ തോല്‍വിയാണിത്. കഴിഞ്ഞയാഴ്ച നടന്ന 2019-20 സീസണിലെ കോപ്പ ഡെല്‍ റേ ഫൈനലില്‍ റയല്‍ സോസിദാദിനോട് അവര്‍ പരാജയപ്പെട്ടിരുന്നു.

അറുപത്ത് മിനിറ്റ് നേരം ലക്ഷ്യം കാണാന്‍ വിഷമിച്ചശേഷം വെറും പന്ത്രണ്ട് മിനിറ്റില്‍ നാല് ഗോള്‍ വര്‍ഷിച്ചാണ് ബാഴ്‌സ ജയിച്ചത്. കളിയുടെ മുക്കാല്‍പങ്കും പന്ത് കൈവശം വച്ചിട്ടും ഗോളടിക്കാന്‍ കഴിയാതെ ബാഴ്‌സ നിരാശരായി കഴിയുമ്പോള്‍ അറുപതാം മിനിറ്റില്‍ ഗ്രീസ്മനാണ് സ്‌കോറിങ്ങിന് തുടക്കമിട്ടത്. മൂന്ന് മിനിറ്റിനുശേഷം ദേ ജോങ് ലീഡുയര്‍ത്തി. അറുപത്തിയെട്ട്, എഴുപത്തിരണ്ട് മിനിറ്റുകളില്‍ വല കുലുക്കി മെസ്സില്‍ കഥ പൂര്‍ത്തിയാക്കി.

ബാഴ്‌സയുടെ മുപ്പത്തിയൊന്നാം കോപ്പ ഡെല്‍ റേ കിരീടമാണിത്. കിഞ്ഞ പതിമൂന്ന് വര്‍ഷത്തിനിടെ നേടുന്ന ഏഴാം കിരീടവും. കഴിഞ്ഞ സീസണില്‍ ക്വാര്‍ട്ടറില്‍ തോല്‍ക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here