ലണ്ടൻ: മാഞ്ചസ്‌റ്റർ സിറ്റി ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ കിരീടത്തിലേക്ക്‌ അടുത്തു. ക്രിസ്‌റ്റൽ പാലസിനെ രണ്ട്‌ ഗോളിന്‌ തോൽപ്പിച്ച സിറ്റിക്ക്‌ ഒന്നാംസ്ഥാനത്ത്‌ 80 പോയിന്റായി. രണ്ടാമതുള്ള മാഞ്ചസ്‌റ്റർ യുണൈറ്റഡ്‌ ഇന്ന്‌ ലിവർപൂളിനോട്‌ തോറ്റാൽ സിറ്റിക്ക്‌ ഈയാഴ്‌ചതന്നെ കിരീടം ചൂടാം. മറിച്ചായാൽ അടുത്ത കളി ജയിച്ചാൽ മതി.

നാല്‌ സീസണിനിടെ മൂന്നാംകിരീടമാണ്‌ സിറ്റി ലക്ഷ്യമിട്ടത്‌. പാലസുമായുള്ള കളിയിലെ ആധികാരികജയം ആ നേട്ടത്തിലേക്ക്‌ സിറ്റിയെ അടുപ്പിച്ചു. സെർജിയോ അഗ്വേറോയും ഫെറാൻ ടോറെസുമാണ്‌ സിറ്റിക്കായി ഗോളടിച്ചത്‌. ആദ്യപകുതിയിൽ പെപ്‌ ഗ്വാർഡിയോളയുടെ സംഘത്തിന്‌ താളം കണ്ടെത്താനായില്ല. കെവിൻ ഡി ബ്രയ്‌ൻ, ഇകായ്‌ ഗുൺഡോവൻ, റൂബെൻ ഡയസ്‌ തുടങ്ങിയ പ്രധാന താരങ്ങളില്ലാതെയാണ്‌ സിറ്റി പാലസിനെതിരെ കളിക്കാനിറങ്ങിയത്‌. രണ്ടാംപകുതിയിൽ സിറ്റിയുടെ കളി മാറി. ഈ സീസണിൽ ക്ലബ് വിടുന്ന അഗ്വേറോയായിരുന്നു തിളങ്ങിയത്‌. ബെർണാഡ്‌ മെൻഡിയുടെ നീക്കം പിടിച്ചെടുത്ത്‌ അഗ്വേറോ തകർപ്പൻ ഷോട്ട്‌ പായിച്ചു. 80 സെക്കൻഡിനിടെ അടുത്ത ഗോളുമെത്തി. ഇക്കുറി ഫെറാൻ ടോറെസാണ്‌ ലക്ഷ്യംകണ്ടത്‌.

ലീഗിൽ ഇനി നാലു കളിയാണ്‌ ശേഷിക്കുന്നത്‌. 33 കളിയിൽ 67 പോയിന്റുള്ള യുണൈറ്റഡാണ്‌ രണ്ടാമത്‌. അതേസമയം, മൂന്നാംസ്ഥാനക്കാരായ ലെസ്‌റ്റർ സിറ്റി സതാംപ്‌ടണോട്‌ 1–-1 കുരുങ്ങി. കളി തുടങ്ങി 10 മിനിറ്റിനുള്ളിൽ ജാന്നിക്‌ വെസ്‌റ്റെഗാർഡ്‌ ചുവപ്പുകാർഡ്‌ കണ്ട്‌ പുറത്തായിട്ടും സതാംപ്‌ടൺ പതറിയില്ല. ജയിംസ്‌ വാർഡ്‌ പ്രോസി പെനൽറ്റിയിലൂടെ സതാംപ്‌ടനെ മുന്നിലെത്തിച്ചു. രണ്ടാംപകുതിയിൽ ജോണി ഇവാൻസ്‌ ലെസ്‌റ്ററിന്റെ സമനില ഗോളടിച്ചു.
 34 കളിയിൽ 63 പോയിന്റാണ്‌ ലെസ്‌റ്ററിന്‌. 58 പോയിന്റുമായി ചെൽസിയാണ് നാലാം സ്ഥാനത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here