ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ കരിയറിലെ ഏറ്റവും ഉയര്‍ന്ന റാങ്ക് സ്വന്തമാക്കി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത്. ടെസ്റ്റ് റാങ്കിങ്ങില്‍ ആദ്യ പത്തിനുള്ളില്‍ ഇടം പിടിക്കുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ഋഷഭ് പന്ത്. നിലവില്‍ ആറാം സ്ഥാനത്താണ് 23-കാരന്‍. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ എം.എസ് ധോനിക്ക് പോലും ഈ നേട്ടത്തിലെത്താനായിട്ടില്ല. 19-ാം റാങ്കിലെത്തിയതാണ് ധോനിയുടെ ഏറ്റവും മികച്ച പ്രകടനം.

ഋഷഭ് പന്തിനെക്കൂടാതെ ക്യാപ്റ്റന്‍ വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ ആദ്യ പത്തിനുള്ളില്‍ സ്ഥാനം പിടിച്ചു. പന്തിനൊപ്പം ആറാം സ്ഥാനം പങ്കിടുകയാണ് രോഹിത്. കോലി അഞ്ചാം സ്ഥാനത്താണ്.

ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ പന്തിന്റെ പ്രകടനം നിര്‍ണായകമായിരുന്നു. ഇംഗ്ലണ്ടിനെതിരേ ഇന്ത്യയില്‍ നടന്ന പരമ്പരയിലും യുവതാരം മികച്ച പ്രകടനം പുറത്തെടുത്തു. ഇതാണ് റാങ്കിങ്ങില്‍ മുന്നേറ്റമുണ്ടാക്കാന്‍ സഹായിച്ചത്.

പന്തിനേയും രോഹിതിനേയും കൂടാതെ ന്യൂസീലന്‍ഡ്‌ താരം ഹെന്‍ട്രി നിക്കോള്‍സും ആറാം സ്ഥാനത്തുണ്ട്. മൂന്നു പേര്‍ക്കും 747 റേറ്റിങ് പോയിന്റാണുള്ളത്. 919 റേറ്റിങ് പോയിന്റുമായി ന്യൂസീലന്റ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണാണ് ഒന്നാം സ്ഥാനത്ത്. ഓസ്‌ട്രേലിയന്‍ താരങ്ങളായ സ്റ്റീവ് സ്മിത്ത് (891) രണ്ടാമതും മര്‍നസ് ലബൂഷെയ്ന്‍ (878) മൂന്നാം സ്ഥാനത്തുമാണ്. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് (831) ആണ് നാലാം സ്ഥാനത്ത്. 814 പോയിന്റാണ് അഞ്ചാമതുള്ള കോലിയുടെ സമ്പാദ്യം.

ബൗളര്‍മാരുടെ റാങ്കിങ്ങില്‍ മാറ്റങ്ങളൊന്നുമില്ല. ഓസീസ് പേസ് ബൗളര്‍ പാറ്റ് കമ്മിന്‍സ് ഒന്നാമതും ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ രണ്ടാം സ്ഥാനത്തുമാണ്. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ വെസ്റ്റിന്‍ഡീസ് താരം ജേസണ്‍ ഹോള്‍ഡറാണ് ഒന്നാം റാങ്കിലുള്ളത്. ഇന്ത്യന്‍ താരങ്ങളായ രവീന്ദ്ര ജഡേജ മൂന്നാമതും ആര്‍ അശ്വിന്‍ നാലാം സ്ഥാനത്തുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here