സതാംപ്ടൻ : ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിന്റെ മൂന്നാം ദിനത്തിൽ ഇന്ത്യയുടെ തുടക്കം പാളി. മൂന്നു വിക്കറ്റ് നഷ്ടത്തിൽ 146 റൺസുമായി ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക്, തുടക്കത്തിൽത്തന്നെ രണ്ടു വിക്കറ്റ് കൂടി നഷ്ടമായി. ക്യാപ്റ്റൻ വിരാട് കോലി (44), ഋഷഭ് പന്ത് (നാല്) എന്നിവരാണ് പുറത്തായത്. ഇരുവരെയും കൈൽ ജയ്മിസനാണ് പുറത്താക്കിയത്. ഇതോടെ ജയ്മിസന് ആകെ മൂന്നു വിക്കറ്റായി. 74 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് എന്ന നിലയിലാണ് ഇന്ത്യ. അജിൻക്യ രഹാനെ (33), രവീന്ദ്ര ജഡേജ (0) എന്നിവർ ക്രീസിൽ.

ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) വിരാട് കോലി നയിക്കുന്ന റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിൽ കളിക്കുന്ന കൈൽ ജയ്മിസനാണ് കോലിയെ പുറത്താക്കിയത്. 132 പന്തിൽ ഒരേയൊരു ഫോർ സഹിതം 44 റൺസെടുത്ത കോലിയെ ജയ്മിസൻ എൽബിയിൽ കുരുക്കി. രണ്ടാം ദിനത്തിലെ ഇന്ത്യൻ സ്കോറിനോട് മൂന്നു റൺസ് മാത്രം കൂട്ടിച്ചേർക്കുമ്പോഴാണ് കോലി പുറത്തായത്.

തൊട്ടുപിന്നാലെ ബാറ്റിങ്ങിനെത്തിയ ഋഷഭ് പന്തിനെയും ജയ്മിസൻ എൽബിയിൽ കുരുക്കിയെങ്കിലും അംപയർ ഔട്ട് അനുവദിച്ചില്ല. ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൻ ഡിആർഎസ് എടുത്തെങ്കിലും ഫലുമുണ്ടായില്ല. അംപയേഴ്സ് കോളിന്റെ ആനുകൂല്യം പന്തിന്. എന്നാൽ അവസരം മുതലെടുക്കാൻ പന്തിനുമായില്ല. ‘സ്വതസിദ്ധമായ ശൈലി’യിൽ ജയ്മിസന്റെ പന്തിൽ ബാറ്റുവച്ച ഋഷഭിനെ സ്ലിപ്പിൽ ടോം ലാഥം ക്യാച്ചെടുത്തു പുറത്താക്കി. 22 പന്തിൽ ഒരേയൊരു ബൗണ്ടറി സഹിതം നാലു റൺസുമായി പന്ത് പുറത്ത്.

ഓപ്പണർമാരായ രോഹിത് ശർമ (68 പന്തിൽ 34), ശുഭ്മൻ ഗിൽ (64 പന്തിൽ 28), ചേതേശ്വർ പൂജാര (54 പന്തിൽ എട്ട്) എന്നിവർ രണ്ടാം ദിനം പുറത്തായിരുന്നു. നിലവിൽ ജയ്മിസന് രണ്ടു വിക്കറ്റും ട്രെന്റ് ബോൾട്ട്, നീൽ വാഗ്‍നർ എന്നിവർക്ക് ഓരോ വിക്കറ്റുമുണ്ട്. മത്സരത്തിന്റെ ആദ്യ ദിനം പൂർണമായും മഴയെടുത്തിരുന്നു.

∙ മികച്ച തുടക്കമിട്ട് രോഹിത്–ഗിൽ

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് രോഹിത് ശർ‌മയും ശുഭ്മൻ ഗില്ലും ചേർന്നുള്ള 62 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് പ്രതീക്ഷ നൽകിയതാണ്. ട്രെന്റ് ബോൾ‌ട്ടിന്റെ ഇൻസ്വിങ്ങറിനെയും ടിം സൗത്തിയുടെ ഔട്ട് സ്വിങ്ങറിനെയും ഇരുവരും പിഴവില്ലാതെ നേരിട്ടു. ഒഴുക്കില്ലാത്ത ഔട്ട് ഫീൽഡിനെ അതിജീവിച്ച് 9 ഫോറുകൾ നേടിയ ഓപ്പണിങ് സഖ്യം വേഗത്തിൽ സ്കോർ ഉയർത്തി. വിദേശത്ത് ഇതുവരെ 5 തവണ മാത്രം ഒരുമിച്ചിറങ്ങിയിട്ടുള്ള ഇരുവരുടെയും 3–ാം അർധ സെഞ്ചുറി കൂട്ടുകെട്ടായിരുന്നു ഇന്നലത്തേത്.

എന്നാൽ തുടരെ 3 വിക്കറ്റുകൾ നഷ്ടമായ ഇന്ത്യയെ കോലി–രഹാനെ സഖ്യമാണ് താങ്ങിനിർത്തിയത്. ഇടയ്‌ക്കിടെ കളി നിർത്തിവയ്ക്കേണ്ടി വന്നതൊന്നും അവരെ ബാധിച്ചില്ല. കൈൽ ജയ്മിസന്റെ പന്തിൽ സ്ലിപ്പിൽ സൗത്തിക്കു ക്യാച്ച് നൽകി രോഹിത് (34) മടങ്ങുമ്പോൾ ഇന്ത്യൻ സ്കോർ 62. ഒരു റൺ കൂട്ടിച്ചേർത്തപ്പോഴേക്കും ഗില്ലിനെ (28) നീൽ വാഗ്നർ മടക്കി. അധികം വൈകാതെ ചേതേശ്വർ പൂജാരയുടെ പ്രതിരോധം തകർത്ത് ട്രെന്റ് ബോൾട്ട് കിവീസ് കാത്തിരുന്ന വിക്കറ്റ് സമ്മാനിച്ചു.

∙ ക്ഷമയോടെ കോലി

പേസർമാരെ സഹായിക്കുന്ന ഡ്യൂക്ക് ബോളിനെ ശ്രദ്ധയോടെയാണ് കോലി നേരിട്ടത്. കോളിൻ ഡി ഗ്രാൻഡ്ഹോം കോലിക്കെതിരെ തുടർച്ചയായ 3 മെയ്ഡൻ ഓവറുകൾ എറിഞ്ഞതായിരുന്നു അതിനുള്ള മികച്ച ഉദാഹരണം. ഇതുവരെ ഒരൊറ്റ ബൗണ്ടറി മാത്രം. ട്രെന്റ് ബോൾട്ടിന്റെ പന്തിൽ വിക്കറ്റിനു മുൻപിൽ കുരുങ്ങി പൂജാര (8) പുറത്തായശേഷമാണ് രഹാനെ ക്രീസിലെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here