ന്യൂഡൽഹി: ടോക്കിയോ ഒളിംപിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് എല്ലാവിധ പിന്തുണയും പ്രോത്സാഹനവും നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെയാണ് മോദിയുടെ ആഹ്വാനം. ‘ടോക്കിയോയിൽ നമ്മുടെ താരങ്ങളുടെ പ്രകടനത്തിൽ എല്ലാ ഇന്ത്യക്കാരും അഭിമാനം കൊള്ളുന്നു. ടോക്കിയോയിലേക്ക് പോയ ഓരോ താരത്തിനും വർഷങ്ങൾ നീണ്ട പോരാട്ടത്തിന്റെയും അധ്വാനത്തിന്റെയും കഥകൾ പറയാനുണ്ടാകും. അവർ അവർക്കു വേണ്ടി മാത്രമല്ല പോയത്, രാജ്യത്തിനു വേണ്ടി കൂടിയാണ്’– മോദി പറഞ്ഞു.

ഒളിംപിക് താരങ്ങളെ പിന്തുണയ്ക്കുന്നതിനായി സമൂഹമാധ്യമത്തിൽ ‘വിക്ടറി പഞ്ച് ക്യാംപെയ്ൻ’ ആരംഭിച്ചിട്ടുണ്ട്. നിങ്ങളും വിക്ടറി പഞ്ചിന്റെ ഭാഗമാകുകയും ഇന്ത്യയ്ക്കു വേണ്ടി ഹർഷാരവം മുഴക്കുകയും ചെയ്യണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

ഒളിംപിക് താരങ്ങൾ ഇവിടെ വരെയെത്തിയത് ധാരാളം വെല്ലുവിളികൾ മറികടന്നാണെന്നും മോദി പറഞ്ഞു. കഴിഞ്ഞ വട്ടത്തെ മൻ കി ബാത്തിൽ ഇന്ത്യയുടെ ഇതിഹാസ അത്‌ലീറ്റ് മിൽഖ സിങ് തനിക്ക് എങ്ങനെയാണ് പ്രചോദനമായതെന്ന് മോദി വാചാലനായിരുന്നു.

നാളെ ‘കാർഗിൽ വിജയ് ദിവസ്’ ആയിരിക്കെ കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ജവാന്മാരെയും മോദി അനുസ്മരിച്ചു. 1999ൽ നമ്മുടെ രാജ്യത്തിന്റെ അഭിമാനമുയർത്തിയവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതായി മോദി പറ‍ഞ്ഞു. രാജ്യം സ്വതന്ത്രമായിട്ട് 75 വർഷമാകുന്നതിനാൽ ഈ വർഷത്തെ സ്വാതന്ത്ര്യദിനം ഏറെ പ്രത്യേകതകൾ നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. 

LEAVE A REPLY

Please enter your comment!
Please enter your name here