ടോക്കിയോ : രാജ്യത്തിന്റെ പ്രതീക്ഷകളുടെ റാക്കറ്റുമായി മുന്നേറ്റം തുടരുന്ന പിവി. സിന്ധു ടോക്കിയോ ഒളിംപിക്സിൽ ബാഡ്മിന്റൻ വനിതാ വിഭാഗം സിംഗിൾസ് സെമിയിൽ. ക്വാർട്ടറിൽ ജപ്പാന്റെ 5–ാം നമ്പർ താരം അകാനെ യമഗൂച്ചിയെയാണു ലോക 7–ാം നമ്പറായ സിന്ധു വീഴ്ത്തിയത് (21–13, 22–20). ആദ്യ ഗെയിമിൽ സിന്ധുവിന്റെ കരുത്തുറ്റ സ്മാഷുകൾക്കും വേഗത്തിനും മുന്നിൽ പകച്ചുപോയ യമഗൂച്ചി രണ്ടാം ഗെയിമിൽ ഉജ്വല തിരിച്ചുവരവാണു നടത്തിയത്.

8–6നു മുന്നിലെത്തിയതിനുശേഷം ഉജ്വല ഫോമിലേക്ക് ഉയർന്ന സിന്ധു ആദ്യ ഗെയിം അനായാസം നേടി. സിന്ധുവിന്റെ ഷോട്ടുകൾ ഒാടിപ്പിടിക്കാനുള്ള ശ്രമത്തിനിടെ യമഗൂച്ചി പല തവണ കോർട്ടിൽ വീണുപോയി. യമഗൂച്ചിക്കുമേൽ വ്യക്തമായ ആധിപത്യം സ്ഥാപിച്ചാണു സിന്ധു രണ്ടാം ഗെയിമും തുടങ്ങിയത്. ആദ്യ ഗെയിമിന്റെ തനിയാവർത്തനം എന്നപോലെ രണ്ടാം ഗെയിമിലും സിന്ധു 12–6നു മുന്നിലെത്തി. 

എന്നാൽ നാട്ടിലെ പരിചിത സാഹചര്യം മുതലെടുത്ത് യമഗൂച്ചി പൊരുതിക്കറുന്നതാണു പിന്നീടു കണ്ടത്. 15–15നു തുല്യതയിലെത്തിയോതോടെ അൽപ നേരത്തേക്കു സിന്ധുവും സമ്മർദത്തിന് അടിപ്പെട്ടു. ഇതു മുതലാക്കിയ ജാപ്പനീസ് താരം 20–18നു മുന്നിലെത്തിയെങ്കിലും തുടർച്ചയായ രണ്ടു ഗെയിം പോയിന്റുകൾ അതിജീവിച്ച സിന്ധു 22–20നു രണ്ടാം ഗെയിമും മത്സരവും സ്വന്തമാക്കിയത് ആരാധകർ ശ്വാസം അടക്കിപ്പിടിച്ചാണു കണ്ടത്. മത്സരം 56 മിനിറ്റ് നീണ്ടു.

യമഗുച്ചിയും പി.വി.സിന്ധുവും തമ്മിലുള്ള 19–ാം മത്സരമായിരുന്നു ഇന്നത്തേത്. 12 മത്സരങ്ങളിൽ സിന്ധുവിനൊപ്പമായിരുന്നു വിജയം. ഇരുവരും ഏറ്റവും ഒടുവിൽ ഏറ്റുമുട്ടിയ മാർച്ചിലെ ഓൾ ഇംഗ്ലണ്ട് ചാംപ്യൻഷിപ്പിലും സിന്ധുവായിരുന്നു ജേതാവ്. ഞായറാഴ്ചയാണു സെമി ഫൈനൽ മത്സരം. 

തുടർച്ചയായി 2 ഒളിംപിക്സുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടത്തിന് ഒരു ജയം മാത്രം അകലെയാണു സിന്ധു. ഞായറാഴ്ച സെമിയിൽ ജയിക്കാനായാൽ സിന്ധുവിനു വെള്ളി മെഡൽ ഉറപ്പിക്കാം. ജയിക്കാനായില്ലെങ്കിൽ ലൂസേഴ്സ് ഫൈനലിൽ വെങ്കലത്തിനായി പൊരുതാം. 2016 റിയോ ഒളിംപിക്സിൽ സിന്ധു വെള്ളി നേടിയിരുന്നു.

പ്രീക്വാർട്ടർ മത്സരത്തിൽ ഡെൻമാർക്ക് താരം മിയ ബ്ലിച്ഫെൽറ്റിനെ നേരിട്ടുള്ള സെറ്റുകൾക്കു തോൽപിച്ചാണ് (21–15, 21–13) സിന്ധു ക്വാർട്ടറിലെത്തിയത്. 

LEAVE A REPLY

Please enter your comment!
Please enter your name here