ശ്രീലങ്കൻ ഇതിഹാസ പേസർ ലസിത് മലിംഗ വിരമിച്ചു. തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ക്രിക്കറ്റിൻ്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കുകയാണെന്ന് താരം അറിയിച്ചു. ക്രിക്കറ്റ് യാത്രയിൽ തന്നെ പിന്തുണച്ചവർക്ക് നന്ദി അറിയിച്ച താരം യുവ താരങ്ങൾക്ക് തൻ്റെ അനുഭവ സമ്പത്ത് പകർന്നുനൽകുമെന്നും വ്യക്തമാക്കി.


ശ്രീലങ്കൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളാണ് മലിംഗ. അസാധാരണമായ ബൗളിംഗ് ആക്ഷന്‍ കൊണ്ട് ശ്രദ്ധേയനായ താരം പരിമിത ഓവർ മത്സരങ്ങളിലാണ് കൂടുതൽ തിളങ്ങിയത്. അതുകൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും മികച്ച പരിമിത ഓവർ ബൗളർമാരിൽ ഒരാളായും താരത്തെ കണക്കാക്കുന്നു. 2014 ടി-20 ലോകകപ്പിൽ ശ്രീലങ്കയെ ജേതാക്കളാക്കാനും താരത്തിനു സാധിച്ചു.
രാജ്യാന്തര ക്രിക്കറ്റിൽ തുടർച്ചയായ നാല് പന്തുകളിൽ വിക്കറ്റിട്ട് ഡബിൾ ഹാട്രിക്ക് തികച്ച ഒരേയൊരു ബൗളറാണ് മലിംഗ. അതും രണ്ട് തവണ മലിംഗ ഈ നേട്ടത്തിലെത്തി. രണ്ട് ലോകകപ്പ് ഹാട്രിക്കുകൾ നേടിയ ഒരേയൊരു താരം, ഏകദിനത്തിൽ മൂന്ന് ഹാട്രിക്കുകളുള്ള ഒരേയൊരു താരം, രാജ്യാന്തര ക്രിക്കറ്റിൽ അഞ്ച് ഹാട്രിക്കുകൾ തികച്ച ആദ്യ താരം, രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവുമധികം ഹാട്രിക്കുകൾ ഉള്ള താരം എന്നിങ്ങനെയാണ് അദ്ദേഹത്തിൻ്റെ റെക്കോർഡുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here