കണ്ണൂർ: ഇന്ത്യൻ വോളിബോൾ ഇതിഹാസം ജിമ്മി ജോർജ് ഓർമ്മയായിട്ട് ഇന്നേക്ക് 34 വർഷം. കണ്ണൂർ പേരാവൂരിലെ ഗ്രാമത്തിൽ നിന്ന് സ്മാഷുകൾ ഉതിർത്ത് തുടങ്ങിയ ജിമ്മി ജോർജ് അതിരുകളും ആകാശങ്ങളും ഭേദിച്ച് യൂറോപ്യൻ ലീഗ് വരെ എത്തിയാണ് ഇന്ത്യൻ വോളിയുടെ ലോക മുഖമായത്. ലോകത്തിലെ ഏറ്റവും മികച്ച 10 സ്‌പൈക്കർമാരിൽ ഒരാളായ ജിമ്മി ജോർജ് 1987 നവംബർ 30ന് ഇറ്റലിയിൽ നടന്നൊരു കാറപകടത്തിൽ അപ്രതീക്ഷിതമായി മുപ്പത്തിരണ്ടാം വയസിൽ വിടവാങ്ങുകയായിരുന്നു.

കണ്ണൂരിലെ പേരാവൂരിൽ വോളിബോൾ കുടുംബമെന്ന പേരിൽ അറിയപ്പെട്ടിരുന്ന കുടുക്കച്ചിറ വീട്ടിൽ 1955 മാർച്ച് എട്ടിനായിരുന്നു ജിമ്മിയുടെ ജനനം. പിതാവ് അഡ്വ ജോർജ്ജിൻറെ ശിക്ഷണത്തിൽ സഹോദരങ്ങളോടൊപ്പമായിരുന്നു വോളിബോളിലെ ബാലപാഠങ്ങൾ അഭ്യസിച്ചത്. പിന്നീടങ്ങോട്ട് ഇന്ത്യൻ കായിക ചരിത്രത്തിലെ ഇതിഹാസങ്ങളിലൊരാളായി ജിമ്മി വളർന്നു. 21-ാം വയസിൽ അർജുന അവാർഡ് നേടിയ പ്രായം കുറഞ്ഞ വോളിബോൾ താരമായി മാറിയ ജിമ്മി യൂറോപ്യൻ പ്രഫഷണൽ വോളിബോളിൽ കുപ്പായമണിഞ്ഞ ആദ്യ ഇന്ത്യൻ താരമാണ്.

1970ൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി താരമായ ജിമ്മി പിന്നീട് പാല സെയ്ൻറ് തോമസ് കോളേജിനൊപ്പം കളിച്ചു. പ്രതിനിധീകരിച്ച നാല് തവണയും കേരള യുണിവേഴ്‌സിറ്റിക്ക് അന്തർ സർവ്വകലാശാല കിരീടം നേടിക്കൊടുത്തു. 1971ൽ പതിനാറാം വയസിൽ കേരള ടീമിൽ അംഗമായ ജിമ്മി തുടർച്ചയായ 11 വർഷങ്ങളിൽ കേരള ജേഴ്സിയണിഞ്ഞു.

1976ൽ കേരള പൊലീസിൽ അംഗമായ ജിമ്മി മരിക്കും വരെ ആ ടീമിലംഗമായിരുന്നു. എന്നാൽ 79ൽ ലീവെടുത്ത് അബുദാബി സ്‌പോർട്‌സ് ക്ലബിനായി കളിക്കാൻ പോയതോടെ ജിമ്മി വോളിബോളിൻറെ ആഗോള മുഖമായി. അബുദാബി സ്‌പോർട്‌സ് ക്ലബിനായി കളിക്കവെ അറേബ്യൻ നാടുകളിലെ മികച്ച താരമെന്ന് പേരെടുത്തു. 1982 ൽ ഇറ്റലിയിലേക്ക് ചേക്കേറിയതോടെയാണ് ജിമ്മി ഹെർമീസ് ദേവനായി അറിയപ്പെടാൻ തുടങ്ങിയത്.

1976ൽ സോൾ, 78ലെ ബാങ്കോംങ്, 1986 സോൾ ഏഷ്യൻ ഗെയിംസുകളിൽ ജിമ്മി ജോർജ് ഇന്ത്യയെ പ്രതിനിധീകരിച്ചു. ഇന്ത്യ വെങ്കലം നേടിയ 1986ലെ സോൾ ഏഷ്യൻ ഗെയിംസിൽ ടീമിൻറെ നേട്ടത്തിൽ നിർണ്ണായക പങ്കുവഹിച്ചു. 10-ാം നമ്പർ ജേഴ്‌സിയിൽ കായിക ചരിത്രത്തിൻറെ പ്രൗഡിക്കൊപ്പം കളംവാണ ജിമ്മി 80കളിൽ ലോകത്തെ മികച്ച അറ്റാക്കർമാരിൽ ഒരാളായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here