മുംബയ്: കൊവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ പടർന്നു പിടിക്കുന്ന അവസരത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനം നീട്ടിവയ്ക്കാൻ ആലോചന. ചുരുങ്ങിയത് ഒരാഴ്ചത്തേക്കെങ്കിലും പര്യടനം നീട്ടി വയ്ക്കാൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിനോട് ആവശ്യപ്പെടുമെന്ന് ബി സി സി ഐ വ്യക്തമാക്കി. കടുത്ത ബയോ ബബിളിനുള്ളിൽ നടക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ മൂന്ന് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും നാല് ടി ട്വന്റി മത്സരങ്ങളും ഇന്ത്യ കളിക്കും.

എന്നാൽ നിലവിലെ സാഹചര്യത്തിൽ ടെസ്റ്റ് മത്സരങ്ങളുടെ എണ്ണം മൂന്നിൽ നിന്ന് രണ്ടായിട്ട് കുറയ്ക്കാനും ബി സി സി ഐ ശ്രമിക്കുന്നുണ്ട്. ഇന്ത്യയുടെ ആവശ്യങ്ങൾ ദക്ഷിണാഫ്രിക്കയുടെ ക്രിക്കറ്റ് ബോർഡിനെ അറിയിച്ചിട്ടുണ്ടെന്നും അവർ അംഗീകരിച്ചാൽ എത്രയും വേഗം ഇന്ത്യൻ ടീമിന്റെ ഷെഡ്യൂൾ പ്രഖ്യാപിക്കുമെന്നും ബി സി സി ഐയുമായി ബന്ധപ്പെട്ടവർ മാദ്ധ്യമങ്ങളെ അറിയിച്ചു. മൂന്ന് ടെസ്റ്റ് പരമ്പര രണ്ടായി കുറയ്ക്കാൻ ദക്ഷിണാഫ്രിക്ക തയ്യാറായാൽ അടുത്ത വർഷം അഞ്ച് മത്സരങ്ങളുടെ ഒരു ടി ട്വന്റി പരമ്പര ദക്ഷിണാഫ്രിക്കയിൽ കളിക്കാൻ ഇന്ത്യ തയ്യാറായേക്കുമെന്ന് സൂചനയുണ്ട്.

ഏത് വിധേനയും ഇന്ത്യൻ പര്യടനം നടത്തുകയെന്നത് ദക്ഷിണാഫ്രിക്കയുടെ ആവശ്യമാണ്. അവരുടെ ഈ വർഷത്തെ ചിലവ് മുഴുവൻ ഈയൊരു പരമ്പരയിൽ നിന്നും ലഭിക്കുന്ന വരുമാനത്തെ ആശ്രയിച്ചാണ്. അതിനാൽ തന്നെ ഇന്ത്യ മുന്നോട്ട് വയ്ക്കുന്ന ഏതൊരു ഉപാധിയും ദക്ഷിണാഫ്രിക്ക സമ്മതിച്ചേക്കും. അതേസമയം ദക്ഷിണാഫ്രിക്കയുടെ അവസ്ഥ തങ്ങൾക്ക് മനസിലാകുമെന്നും അതിനാൽ തന്നെ പരമ്പര നടക്കണമെന്ന് തന്നെയാണ് തങ്ങളുടെ നിലപാടെന്നും ബി സി സി ഐ വൃത്തങ്ങൾ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here