ജൊഹാനസ്ബര്‍ഗ്:ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം മത്സരം അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സെടുത്തു. 11 റണ്‍സെടുത്ത് നായകന്‍ ഡീന്‍ എല്‍ഗറും 14 റണ്‍സുമായി കീഗന്‍ പീറ്റേഴ്‌സണും പുറത്താകാതെ നില്‍ക്കുന്നു. എയ്ഡന്‍ മാര്‍ക്രത്തിന്റെ വിക്കറ്റാണ് നഷ്ടമായത്. 

സ്‌കോര്‍ 14-ല്‍ നില്‍ക്കേ 7 റണ്‍സെടുത്ത മാര്‍ക്രത്തെ മുഹമ്മദ് ഷമി വിക്കറ്റിന് മുന്നില്‍ കുടുക്കി. ആദ്യ ദിനം 81.1 ഓവറുകളാണ് മത്സരം നടന്നത്. 11 വിക്കറ്റുകളും വീണു. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 202 റണ്‍സിന് ഓള്‍ ഔട്ടായി. അര്‍ധസെഞ്ചുറി നേടിയ നായകന്‍ കെ.എല്‍.രാഹുലും 46 റണ്‍സെടുത്ത ആര്‍ അശ്വിനും മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. ഇന്ത്യന്‍ മധ്യനിര ബാറ്റിങ് വന്‍പരാജയമായി.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ടീം സ്‌കോര്‍ 36-ല്‍ നില്‍ക്കേ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ പുറത്തായി. 37 പന്തുകളില്‍ നിന്ന് 26 റണ്‍സെടുത്ത മായങ്കിനെ മാര്‍ക്കോ ജാന്‍സണ്‍ കൈല്‍ വെറെയ്നെയുടെ കൈയ്യിലെത്തിച്ചു. മായങ്കിന് പകരം ചേതേശ്വര്‍ പൂജാര ക്രീസിലെത്തി. എന്നാല്‍ പൂജാരയും നിരാശപ്പെടുത്തി. 33 പന്തുകളില്‍ നിന്ന് മൂന്ന് റണ്‍സ് മാത്രമെടുത്ത പൂജാരയെ ഡ്യൂവാന്‍ ഒലിവിയര്‍ പുറത്താക്കി. പ്രതിരോധിക്കാന്‍ ശ്രമിച്ച പൂജാരയുടെ ഗ്ലൗസില്‍ തട്ടിയുയര്‍ന്ന പന്ത്  തെംബ ബാവുമ കൈയ്യിലൊതുക്കി. തൊട്ടടുത്ത പന്തില്‍ അജിങ്ക്യ രഹാനെയെയും മടക്കി ഒലിവിയര്‍ ഇന്ത്യയ്ക്ക് ഇറട്ട പ്രഹരമേല്‍പ്പിച്ചു. രഹാനെ നേരിട്ട ആദ്യ പന്തില്‍ തന്നെ കീഗന്‍ പീറ്റേഴ്സണ് ക്യാച്ച് നല്‍കി പുറത്തായി. അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് രഹാനെ പുറത്തായത്. ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും രാഹുല്‍ പിടിച്ചുനിന്നു. 

രഹാനെയ്ക്ക് പകരം വന്ന ഹനുമ വിഹാരിയെ കൂട്ടുപിടിച്ച് രാഹുല്‍ ടീം സ്‌കോര്‍ ഉയര്‍ത്തി. വിഹാരി നന്നായി തുടങ്ങിയെങ്കിലും ആ മികവ് നിലനിര്‍ത്താന്‍ സാധിച്ചില്ല. സ്‌കോര്‍ 91-ല്‍ നില്‍ക്കേ 53 പന്തുകളില്‍ നിന്ന് 20 റണ്‍സെടുത്ത വിഹാരിയെ റബാദ വാന്‍ ഡ്യൂസ്സന്റെ കൈയ്യിലെത്തിച്ചു. തകര്‍പ്പന്‍ ക്യാച്ചിലൂടെയാണ് ഡ്യൂസ്സന്‍ വിഹാരിയെ മടക്കിയത്. വിഹാരിയ്ക്ക് പകരമായി വന്ന ഋഷഭ് പന്തിനെ കൂട്ടുപിടിച്ച് രാഹുല്‍ ടീം സ്‌കോര്‍ 100 കടത്തി. പിന്നാലെ ഇന്ത്യന്‍ നായകന്‍ അര്‍ധസെഞ്ചുറിയും നേടി. പക്ഷേ അര്‍ധസെഞ്ചുറി നേടിയതിനുപുറകേ അനാവശ്യ ഷോട്ട് കളിച്ച് രാഹുല്‍ പുറത്തായി.133 പന്തുകളില്‍ നിന്ന് 50 റണ്‍സെടുത്ത രാഹുലിനെ മാര്‍ക്കോ ജാന്‍സണ്‍ കഗിസോ റബാദയുടെ കൈയ്യിലെത്തിച്ചു.

ഋഷഭ് പന്തും റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടി. വെറും 17 റണ്‍സ് മാത്രമെടുത്ത പന്തിനെ ജാന്‍സണ്‍ വിക്കറ്റ് കീപ്പര്‍ വെറെയ്‌നിന്റെ കൈയ്യിലെത്തിച്ചു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ആര്‍.അശ്വിനാണ് ഇന്ത്യയ്ക്ക് മാന്യമായ ടോട്ടല്‍ സമ്മാനിച്ചത്. 50 പന്തുകളില്‍ നിന്ന് 46 റണ്‍സെടുത്ത അശ്വിന്‍ ഏകദിന ശൈലിയില്‍ ബാറ്റുവീശി. ഒടുവില്‍ മാര്‍ക്കോ ജാന്‍സണ് വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയും ചെയ്തു. 

ഇന്ത്യയുടെ വാലറ്റവും പരാജയപ്പെട്ടു. ശാര്‍ദുല്‍ ഠാക്കൂര്‍ (0), മുഹമ്മദ് ഷമി (9), സിറാജ് (1) എന്നിവര്‍ അതിവേഗത്തില്‍ മടങ്ങി. 14 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ജസ്പ്രീത് ബുംറയാണ് ടീം സ്‌കോര്‍ 200 കടത്തിയത്. 

മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ച ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മാര്‍ക്കോ ജാന്‍സണ്‍ നാല് വിക്കറ്റ് വീഴ്ത്തി. കഗിസോ റബാദ, ഡ്യൂവാന്‍ ഒലിവിയര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here