ജൊഹാനസ്‌ബര്‍ഗ്‌: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് ഏഴ്‌ വിക്കറ്റ്‌ ജയം. ഒരു ദിവസം ശേഷിക്കേയാണു ദക്ഷിണാഫ്രിക്ക ജയം കുറിച്ചത്‌.
സ്‌കോര്‍: ഇന്ത്യ ഒന്നാം ഇന്നിങ്‌സ് 202, രണ്ടാം ഇന്നിങ്‌സ് 266. ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സ് 229, രണ്ടാം ഇന്നിങ്‌സ് മൂന്നിന്‌ 243.
240 റണ്ണിന്റെ വിജയ ലക്ഷ്യം നേടാനിറങ്ങിയ ദക്ഷിണാഫ്രിക്കയ്‌ക്കു കനത്ത മഴ വിഘാതമായിരുന്നു. വൈകിട്ടോടെയാണ്‌ (ഇന്ത്യന്‍ സമയം രാത്രി 7.15) മത്സരം പുനരാരംഭിക്കാനായത്‌. ഓപ്പണറും നായകനുമായ ഡീന്‍ എല്‍ഗാന്‍ 188 പന്തില്‍ 10 ഫോറുകളടക്കം 96 റണ്ണുമായും തെംബ ബാവുമ 45 പന്തില്‍ 23 റണ്ണുമായും പുറത്താകാതെനിന്നു.
ഓപ്പണര്‍ എയ്‌ദീന്‍ മര്‍ക്രാം (31), കീഗന്‍ പീറ്റേഴ്‌സണ്‍ (28), റാസി വാന്‍ഡര്‍ ദൂസാന്‍ (40) എന്നിവരെ പുറത്താക്കാന്‍ ഇന്ത്യക്കായി. മുഹമ്മദ്‌ ഷമി, ശാര്‍ദൂല്‍ ഠാക്കൂര്‍, ആര്‍. അശ്വിന്‍ എന്നിവര്‍ ഒരു വിക്കറ്റ്‌ വീതമെടുത്തു. ജയത്തോടെ ദക്ഷിണാഫ്രിക്ക ലോക ടെസ്‌റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 12 പോയിന്റ കൂടി ചേര്‍ത്തു. മൂന്നു ടെസ്‌റ്റുകളുടെ പരമ്പരയും 1-1 നു തുല്യ നിലയിലായി.
വാണ്ടറേഴ്‌സ്‌ സ്‌റ്റേഡിയത്തില്‍ ആദ്യമായാണ്‌ ഇന്ത്യ തോല്‍ക്കുന്നത്‌. വാണ്ടറേഴ്‌സില്‍ നേരത്തേ കളിച്ച അഞ്ചു ടെസ്‌റ്റുകളിലും ഇന്ത്യ തോറ്റിട്ടില്ല. രണ്ടു ജയവും മൂന്നു സമനിലയുമായിരുന്നു പേരിലുണ്ടായിരുന്നത്‌. ആറാം തവണ തോല്‍വി നേരിട്ടു. 240 റണ്ണിന്റെ വിജയ ലക്ഷ്യം നേടാന്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് ഒരു ദിവസത്തിലധികം സമയമുണ്ടായിരുന്നു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റെടുത്താല്‍ മാത്രമേ ഇന്ത്യക്കു വിജയപ്രതീക്ഷയുണ്ടായിരുന്നുള്ളൂ. നാലാംദിനം കനത്ത മഴ കാരണം ആദ്യത്തെ രണ്ടു സെഷനിലും കളി നടന്നില്ല. രണ്ടു വിക്കറ്റിന്‌ 118 റണ്ണെന്ന നിലയിലാണു ദക്ഷിണാഫ്രിക്ക നാലാം ദിവസം ബാറ്റിങ്‌ തുടങ്ങിയത്‌.
നാലാം ദിനത്തിന്റെ തുടക്കത്തില്‍ തന്നെ ദക്ഷിണാഫ്രിക്ക ആധിപത്യം പുലര്‍ത്തിയതോടെ കളി ഇന്ത്യയുടെ കൈയില്‍നിന്നു വഴുതി. സ്‌കോര്‍ 175 ല്‍ വച്ചാണ്‌ ഇന്ത്യക്ക്‌ ആദ്യ വിക്കറ്റ്‌ ലഭിച്ചത്‌.
ദുസാനെ (40) മുഹമ്മദ്‌ ഷമി വിക്കറ്റ്‌ കീപ്പര്‍ ഋഷഭ്‌ പന്തിന്റെ കൈകളിലെത്തിച്ചു. അപ്പോഴേയ്‌ക്കും ജയം മറുപക്ഷത്തെത്തി. 82 റണ്ണാണു മൂന്നാം വിക്കറ്റില്‍ എല്‍ഗാര്‍- ദുസാന്‍ സഖ്യം ചേര്‍ന്നെടുത്തത്‌. ജയത്തിന്‌ അടിത്തറയിട്ടതും ഈ ജോഡിയായിരുന്നു. 27 റണ്ണിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്‌ വഴങ്ങിയാണ്‌ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ്‌ ചെയ്‌തത്‌.
അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പുജാര എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ്‌ ഇന്ത്യയെ 266 ലെത്തിച്ചത്‌. മികച്ച ബാറ്റിങ്‌ പുറത്തെടുത്ത ഡീന്‍ എല്‍ഗാര്‍ മത്സരത്തിലെ താരമായി. മൂന്നാം ടെസ്‌റ്റ് 11 നു കേപ്‌ ടൗണില്‍ തുടങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here