മുംബയ്: ഇന്ത്യയിലെ കൊവിഡ് രോഗികളുടെ നിരക്ക് കുറഞ്ഞാൽ ഇത്തവണത്തെ ഐ പി എൽ ഇന്ത്യയിൽ വച്ച് തന്നെ നടന്നേക്കുമെന്ന് ബി സി സി ഐയിലെ ഉന്നത വൃത്തങ്ങൾ ദേശീയ വാ‌ർത്താ ഏജൻസിയായ എ എൻ ഐയോട് പറഞ്ഞു. നേരത്തെ ടി ട്വന്റി ലീഗ് ദക്ഷിണാഫ്രിക്കയിൽ വച്ച് നടത്താനായിരുന്നു പദ്ധതിയെങ്കിലും ഐ പി എൽ നടക്കേണ്ട സമയമാകുമ്പോഴേക്ക് ഇന്ത്യയിലെ രോഗബാധയുടെ നിരക്ക് കുറയാൻ സാദ്ധ്യതയുണ്ടെന്ന സാഹചര്യം കണക്കിലെടുത്താണ് ഇന്ത്യയിൽ വച്ച് തന്നെ മത്സരങ്ങൾ സംഘടിപ്പിക്കാൻ തത്ക്കാലം ബി സി സി ഐ തീരുമാനിച്ചിരിക്കുന്നത്.

ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നതിന് വേണ്ടി ഐ പി എൽ ടീം ഉടമകളുടെ ഓൺലൈൻ മീറ്റിംഗ് ബി സി സി ഐ ഇന്ന് വിളിച്ചിരുന്നു. ടീം ഉടമകൾക്ക് മാത്രമായിരുന്നു ഈ മീറ്റിംഗിലേക്ക് ക്ഷണം ലഭിച്ചിരുന്നത്. ഐ പി എൽ ഇന്ത്യയിൽ വച്ച് നടത്താനായിരുന്നു ഉടമകൾക്കും താത്പര്യമെന്നാണ് അറിയാൻ സാധിച്ചത്.

അതേസമയം ഇന്ത്യയിൽ വച്ച് മത്സരങ്ങൾ നടക്കുകയാണെങ്കിൽ മൂന്ന് വേദികളെ ബി സി സി ഐ മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ട്. വാങ്കഡേ സ്റ്റേഡിയം, ക്രിക്കറ്റ് ക്ളബ് ഒഫ് ഇന്ത്യ (സി സി ഐ), ഡി വൈ പാട്ടീൽ സ്റ്റേഡിയം എന്നിവയാണ് ഐ പി എൽ വേദികളായി തിരഞ്ഞെടുത്തിട്ടുള്ളത്. മൂന്ന് സ്റ്റേഡിയവും മുംബയിലാണുള്ളത്. ആവശ്യമായി വരികയാണെങ്കിൽ പൂനെയും വേദിയായേക്കുമെന്ന് ബി സി സി ഐ വൃത്തങ്ങൾ വെളിപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here