മുംബയ്: ഇന്ത്യൻ പ്രീമിയർ ലീഗിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികൾ. ഇതിന് മുന്നോടിയായി നടക്കുന്ന താരലേലത്തിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. ഐ പി എല്ലിന് ആവേശം പകരാൻ പുതുതായി രണ്ട് ടീമുകൾ കൂടി എത്തിയതോടെ താരലേലം കൂടുതൽ പൊടിപൊടിക്കും. മലയാളികൾക്കഭിമാനമായി ഇത്തവണ താരലേലത്തിൽ പങ്കെടുക്കാൻ മുൻ ഇന്ത്യൻ താരമായ എസ് ശ്രീശാന്തും എത്തുന്നുണ്ട്.

 

50 ലക്ഷം രൂപയാണ് ശ്രീശാന്തിന്റെ അടിസ്ഥാന വില. കഴിഞ്ഞ സീസണിലും താരം പേര് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ അവസാന താരലേല പട്ടികയിൽ ഇടം നേടാനായിരുന്നില്ല. ഇത്തവണ 1214 താരങ്ങളാണ് ലേലത്തിൽ പങ്കെടുക്കുന്നത്. ഇതിൽ 318 പേർ വിദേശ കളിക്കാരും 896 പേർ ഇന്ത്യൻ കളിക്കാരുമാണ്. ഫെബ്രുവരി 12,13 തീയതികളിലായി ബംഗളൂരുവിൽ വച്ചാണ് ലേലം നടക്കുന്നത്. പത്ത് ടീമുകൾ ഇത്തവണ ലേലത്തിൽ പങ്കെടുക്കും. ലഖ്‌നൗ, അഹമ്മദാബാദ് എന്നിവയാണ് പുതുതായി എത്തുന്ന ടീമുകൾ.

 

രണ്ട് കോടി രൂപയാണ് ഏറ്റവും ഉയർന്ന അടിസ്ഥാന വില. 49 പേരാണ് ഈ പട്ടികയിൽ ഉള്ളത്. ഡേവിഡ് വാർണർ, രവിചന്ദ്ര അശ്വിൻ, ശിഖർ ധവാൻ തുടങ്ങിയവർ രണ്ട് കോടിയുടെ പട്ടികയിലുണ്ട്. ഇതിൽ 17 ഇന്ത്യൻ താരങ്ങളും 32 വിദേശ താരങ്ങളുമാണുള്ളത്. ജോഫ്ര ആർച്ചർ, സാം കറൺ, ക്രിസ് ഗെയിൽ തുടങ്ങിയ പല പ്രമുഖ താരങ്ങളും ഇത്തവണ ലേലത്തിൽ പങ്കെടുക്കുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here