മഞ്ചേരി :ഫുട്‌ബോൾ ആരാധകരുടെ ഇഷ്‌ടപ്പെട്ട പത്താംനമ്പർ ജേഴ്‌സിയിൽ സന്തോഷക്കൊടുമുടി കയറി കേരളം. ടി കെ ജെസിനെന്ന പത്താംനമ്പറുകാരൻ അഞ്ച്‌ ഗോളടിച്ച്‌ മായാജാലം തീർത്തപ്പോൾ കർണാടക നിശബ്ദരായി.

സന്തോഷ്‌ ട്രോഫി ഫുട്‌ബോൾ സെമിയിൽ കർണാടകയെ 7–-3ന്‌ തരിപ്പണമാക്കി കേരളം 15–-ാം ഫൈനലിലേക്ക്‌ മാർച്ച്‌ ചെയ്‌തു. ഒരുഗോളിന്‌ പിന്നിട്ടുനിന്നശേഷമാണ്‌ ഗോൾവർഷം. ഷിഗിലും അർജുൻ ജയരാജും വിജയത്തിന്റെ മാറ്റുകൂട്ടി. മെയ്‌ രണ്ടിന്‌ പയ്യനാട്‌ സ്‌റ്റേഡിയത്തിലാണ്‌ ഫൈനൽ. എതിരാളികൾ, ഇന്ന്‌ നടക്കുന്ന ബംഗാൾ–-മണിപ്പുർ രണ്ടാംസെമി ജേതാക്കൾ.പയ്യനാട്‌ സ്‌റ്റേഡിയത്തിലെ നിറഞ്ഞ ഗ്യാലറിക്കുമുന്നിൽ ആശിച്ച തുടക്കമായിരുന്നില്ല കേരളത്തിന്‌. 25–-ാം മിനിറ്റിൽ പിന്നിലായി.

കേരളത്തിന്റെ പ്രതിരോധപ്പിഴവ്‌ മുതലാക്കി ക്യാപ്‌റ്റനും ഗോളടിയന്ത്രവുമായ സുധീർ കൊട്ടിക്കേല കർണാടകയെ മുന്നിലെത്തിച്ചു. ഇടതുവശത്തുനിന്ന്‌ എൻ സൊളയ്‌മലെയ്‌ നൽകിയ ക്രോസ്‌ നാല്‌ കേരള താരങ്ങൾക്കിടയിലൂടെ സുധീറിനരികിലേക്ക്‌. ഉന്നം തെറ്റിയില്ല. പിന്നിലായതിന്റെ സമ്മർദമായിരുന്നില്ല കേരളത്തിന്‌. വീര്യം നഷ്ടമാകാതെ അവർ പൊരുതി. ഒത്തൊരുമയോടെ പന്ത്‌ തട്ടിയപ്പോൾ കർണാടക പ്രതിരോധം നിലംപൊത്തി. പത്ത്‌ മിനിറ്റിനുള്ളിൽ സമനിലഗോൾ എത്തി. വലതുമൂലയിൽനിന്ന്‌ മുഹമ്മദ്‌ റാഷിദ്‌ നീട്ടിനൽകിയ പന്ത്‌ ജെസിൻ കർണാടക വലയിലേക്ക്‌ പായിച്ചു. അതൊരു തുടക്കംമാത്രമായിരുന്നു. ഗോൾമേളമായിരുന്നു പിന്നീട്‌. പത്ത്‌ മിനിറ്റിനുള്ളിൽ ഹാട്രിക്‌ പൂർത്തിയാക്കി ജെസിൻ. ഇടവേളയ്ക്ക്‌ പിരിയുംമുമ്പേ ഷിഗിൽ കേരളത്തിന്റെ നാലാംഗോൾ നേടി. പിന്നിട്ടുനിന്നശേഷം ഇരുപത്‌ മിനിറ്റുകൊണ്ട്‌ നാല്‌ ഗോൾ.

ജയമുറപ്പിച്ച്‌ രണ്ടാംപകുതിയിലിറങ്ങിയ കേരളം നിർത്തിയില്ല. ഇതിനിടയിൽ പി കമലേഷ്‌ കർണാടകയ്‌ക്കായി ഒന്ന്‌ മടക്കി. പക്ഷേ ജെസിൻ വീണ്ടും അവതരിച്ചു. 62–-ാം മിനിറ്റിൽ അർജുനിലൂടെ കേരളം ആറാംഗോളും കുറിച്ചു. എന്നാൽ, കർണാടക വിട്ടുകൊടുത്തില്ല. സൊളയ്‌മലെയ്‌ തിരിച്ചടിച്ചു. 74–-ാം മിനിറ്റിലാണ്‌ ജെസിൻ അഞ്ചാംഗോൾ നേടിയത്‌. കേരളത്തിന്റെ ഏഴാമത്തേതും. പിന്നീടെല്ലാം ചടങ്ങായിരുന്നു. പ്രതിരോധം കടുപ്പിച്ച്‌ കൂടുതൽ വഴങ്ങാതെ കർണാടകം രക്ഷപ്പെട്ടു. പയ്യനാടിൽ ആർത്തുവിളിച്ച ആയിരങ്ങളെ ആനന്ദിപ്പിച്ച്‌ കേരളം ഫൈനലിലേക്ക്‌.

ജെസിൻ, അഞ്ചിന്റെ മൊഞ്ച്‌
ഇരുപത്തൊമ്പതാം മിനിറ്റിൽ കളത്തിൽ. 16 മിനിറ്റുകൊണ്ട്‌ ഹാട്രിക്‌. സന്തോഷ്‌ ട്രോഫിയിൽ കേരളത്തിനെ ഫൈനലിലേക്ക്‌ ഉയർത്തിയത്‌ ടി കെ ജെസിൻ എന്ന ഇരുപത്തിരണ്ടുകാരൻ. നാട്ടുകാർക്കുമുമ്പിൽ മൊഞ്ചുള്ള അഞ്ച്‌ ഗോളുമായി ജെസിൻ ചരിത്രത്തിലേക്ക്‌ നടന്നുകയറി. സന്തോഷ്‌ ട്രോഫിയിൽ കേരളത്തിനായി ഒരുകളിയിൽ അഞ്ച്‌ ഗോളടിക്കുന്ന ആദ്യതാരം. ടൂർണമെന്റിൽ ആകെ ആറ്‌ ഗോളായി മലപ്പുറം നിലമ്പൂർ മിനർവപ്പടി സ്വദേശിക്ക്‌.

കർണാടകയ്‌ക്കെതിരെ പകരക്കാരുടെ ബെഞ്ചിലായിരുന്നു. എം വിഘ്‌നേഷിനായിരുന്നു ഗോളടിക്കാനുള്ള ചുമതല. 25–-ാം മിനിറ്റിൽ കേരളം പിന്നിലാവുകയും വിഘ്‌നേഷ്‌ മങ്ങുകയും ചെയ്‌തതോടെ പരിശീലകൻ ബിനോ ജോർജ്‌ ജെസിനെ കളത്തിലിറക്കി.

 

ബിനോയുടെ പ്രതീക്ഷയ്ക്കപ്പുറമായിരുന്നു ജെസിന്റെ കളി. ഒരു സമ്പൂർണ സ്‌ട്രൈക്കറുടെ മെയ്‌വഴക്കത്തോടെയായിരുന്നു അഞ്ച്‌ ഗോളുകളും. കേരള യുണൈറ്റഡ് താരമാണ്‌. മിനര്‍വപ്പടിയിലെ ഓട്ടോ ഡ്രൈവര്‍ തോണിക്കര നിസാറിന്റെയും സുനൈനയുടെയും മകൻ. മമ്പാട് എംഇഎസ് കോളേജിലെ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥിയുമാണ്‌. കേരള യുണൈറ്റഡിലെ പ്രകടനമാണ്‌ സന്തോഷ് ട്രോഫി ടീമിലെത്തിച്ചത്‌. ദക്ഷിണമേഖലാ യോഗ്യതാ മത്സരത്തിലും കേരളത്തിന്റെ മുന്നേറ്റനിരയിലുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here