മുംബൈ: ഇന്ത്യൻ പ്രീമിയർ‌ ലീഗിൽ മുംബൈ ഇന്ത്യൻസിന് ആദ്യ ജയം. എട്ട് മത്സരങ്ങള്‍ തുടർച്ചയായി പരാജയപ്പെട്ട മുംബൈ രാജസ്ഥാൻ റോയൽസിനെതിരെ അഞ്ച് വിക്കറ്റ് വിജയമാണു സ്വന്തമാക്കിയത്. 159 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നാല് പന്തുകൾ ബാക്കി നില്‍ക്കെ വിജയ റൺസ് കുറിച്ചു. 39 പന്തിൽ 51 റൺസെടുത്ത സൂര്യകുമാർ യാദവിന്റെ അർധസെഞ്ചുറി പ്രകടനമാണ് മുംബൈയ്ക്കു തുണയായത്. 30 പന്തിൽ 35 റണ്‍സെടുത്ത തിലക് വർമയും മുംബൈ വിജയത്തിനു വഴിയൊരുക്കി. 

മുംബൈ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് രാജസ്ഥാനെതിരെയും തിളങ്ങാനായില്ല. അഞ്ച് പന്തിൽ രണ്ട് റൺസെടുത്ത രോഹിത് അശ്വിന്റെ പന്തിൽ ഡാരിൽ മിച്ചൽ ക്യാച്ചെടുത്തു പുറത്തായി. 18 പന്തുകൾ നേരിട്ട ഇഷാൻ കിഷൻ 26 റൺസെടുത്തു. സൂര്യകുമാർ‌ യാദവും തിലക് വർമയും സ്കോർ ഉയര്‍ത്തിയതോടെ മുംബൈ 100 കടന്നു. സ്കോർ 122 ൽ നിൽക്കെ സൂര്യയും തിലക് വർമയും പുറത്തായി. പൊള്ളാർഡ് 14 പന്തിൽ 10 റൺസെടുത്തു മടങ്ങി. അവസാന ഓവറുകളിൽ ആഞ്ഞടിച്ച് ടിം ഡേവിഡും (9 പന്തിൽ 20), 20–ാം ഓവറിലെ രണ്ടാം പന്ത് സിക്സടിച്ച് ഡാനിയൽ സാംസും (1 പന്തിൽ ആറ്) മുംബൈയുടെ വിജയമുറപ്പിച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുത്തു. ഓപ്പണർ ജോസ് ബട്‍ലറുടെ അർധസെ‍ഞ്ചുറിയാണു രാജസ്ഥാനു കരുത്തായത്. ബട്‍ലർ 52 പന്തിൽ 67 റൺസെടുത്തു . 48 പന്തുകളിൽനിന്നാണ് ബട്‍ലർ അർധസെഞ്ചുറി തികച്ചത്. ഭേദപ്പെട്ട തുടക്കമാണ് ബാറ്റിങ്ങിൽ രാജസ്ഥാനു ലഭിച്ചത്. ഒന്നാം വിക്കറ്റിൽ 26 റൺസിന്റെ കൂട്ടുകെട്ട്. 15 പന്തിൽ 15 റൺസെടുത്ത് ഓപ്പണർ ദേവ്‍ദത്ത് പടിക്കൽ പുറത്തായി. ക്യാപ്റ്റൻ സഞ്ജു സാംസണും നിലയുറപ്പിക്കാൻ സാധിക്കാതെ പോയതോടെ രാജസ്ഥാന്‍ ബാറ്റിങ്ങിന്റെ തീവ്രത കുറഞ്ഞു. ഏഴു പന്തുകളിൽനിന്ന് രണ്ടു സിക്സുൾപ്പെടെ 16 റൺസെടുത്ത സഞ്ജു ആദ്യ മത്സരം കളിക്കുന്ന മുംബൈ സ്പിന്നർ കാർത്തികേയയുടെ പന്തിലാണു പുറത്തായത്.

നാല് ഓവറുകളെറിഞ്ഞ കാർത്തികേയ വെറും 19 റൺസാണ് മധ്യ ഓവറുകളിൽ വിട്ടുകൊടുത്തത്. ഡാരിൽ മിച്ചൽ 20 പന്തിൽ 17 റൺസെടുത്തു മടങ്ങി. ഹൃത്വിക് ഷോകിന്റെ 16–ാം ഓവറിൽ തുടര്‍ച്ചയായി നാലു സിക്സുകൾ അടിച്ച് ബട്‍ലർ രാജസ്ഥാന്‍ സ്കോർ 120 കടത്തിയെങ്കിലും ഇതേ ഓവറിലെ അവസാന പന്തിൽ പുറത്തായി. ഒരു സീസണിൽ രാജസ്ഥാനു വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന നേട്ടവും ബട്‍ലർ ഈ മത്സരത്തോടെ സ്വന്തമാക്കി. സീസണിൽ ഇതുവരെ ബട്‍ലർ 566 റൺസ് നേടിയിട്ടുണ്ട്.

രാജസ്ഥാനു വേണ്ടി സീസണുകളില്‍ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനങ്ങൾ നടത്തിയ താരങ്ങൾ (സ്കോർ, താരം, വർഷം എന്ന ക്രമത്തിൽ)

566 ജോസ് ബട്‍ലർ 2022

560 അജിൻക്യ രഹാനെ 2012

548 ജോസ് ബട്‍‌ലർ 2018

543 ഷെയ്ൻ വാട്സൻ 2013

540 അജിൻ‌ക്യ രഹാനെ 2015

റിയാൻ പരാഗ് മൂന്നു പന്തിൽ മൂന്ന് റണ്‍സ് മാത്രമെടുത്തു പുറത്തായി. അവസാന ഓവറുകളിൽ റൺസ് കണ്ടെത്തിയ ആര്‍. അശ്വിൻ ഒന്‍പതു പന്തിൽ 21 എടുത്തു മടങ്ങി. ഹെറ്റ്മിയറിനു പതിവു ഫോം കണ്ടെത്താൻ സാധിച്ചില്ല. 14 പന്തുകൾ നേരിട്ട താരം ആറു റൺസ് മാത്രമാണു നേടിയത്. മുംബൈ ഇന്ത്യൻസിനു വേണ്ടി ഹൃത്വിക് ഷോകീൻ, റിലെ മെറി‍ഡിത് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഡാനിയൽ സാംസ്, കുമാർ കാർത്തികേയ എന്നിവർ ഓരോ വിക്കറ്റു വീതവും നേടി.

LEAVE A REPLY

Please enter your comment!
Please enter your name here