അഹമ്മദാബാദ്‌: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ 15-ാം സീസണിന്റെ ഫൈനല്‍ ഇന്നു നടക്കും. മൊട്ടേരയിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വൈകിട്ട്‌ എട്ട്‌ മുതലാണു മത്സരം. പ്ലേ ഓഫുകള്‍ ഉള്‍പ്പെടെ ടൂര്‍ണമെന്റിലെ ഇതുവരെയുള്ള മുഴുവന്‍ മത്സരങ്ങളും 7.30 നാണു തുടങ്ങിയിരുന്നത്‌. ഫൈനല്‍ എട്ടു മണിക്കാണ്‌ ആരംഭിക്കുക. അതിനു മുമ്പ്‌ സമാപനച്ചടങ്ങളുകളാണ്‌്. സംഗീത വിസ്‌മയം എ.ആര്‍. റഹ്‌മാനും ബോളിവുഡ്‌ നടന്‍ രണ്‍വീര്‍ സിങും ചടങ്ങില്‍ വിവിധ പരിപാടികളുമായി അരങ്ങ്‌ കൊഴുപ്പിക്കും.
ഒന്നാം ക്വാളിഫയറില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ ടീമുകളാണ്‌ ഗുജറാത്ത്‌ ടൈറ്റന്‍സും രാജസ്‌ഥാന്‍ റോയല്‍സും. രാജസ്‌ഥാനെ തോല്‍പ്പിച്ച്‌ ഗുജറാത്ത്‌ ആദ്യം ഫൈനല്‍ ടിക്കറ്റെടുത്തു. രണ്ടാം ക്വാളിഫയറില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ തോല്‍പ്പിച്ചാണ്‌ രാജസ്‌ഥാന്റെ ഫൈനല്‍ പ്രവേശനം.

അന്തരീക്ഷം അനുകൂലം

നരേന്ദ്രമോദി സ്‌റ്റേഡിയത്തിലെ പിച്ച്‌ ബാറ്റിങിന്‌ യോജിച്ചതാണ്‌. വേഗമേറിയ ഔട്ട്‌ഫീല്‍ഡായതിനാല്‍ ബാറ്റര്‍മാര്‍ക്കു റണ്ണെടുക്കാന്‍ ബുദ്ധിമുട്ടില്ല. കഴിഞ്ഞ മത്സരങ്ങളിലേതു പോലെ ടോസ്‌ നിര്‍ണായക ഘടകമാണ്‌. ടോസ്‌ ലഭിക്കുന്ന ടീം ബൗളിങ്‌ തെരഞ്ഞെടുക്കാനാണു സാധ്യത. കാലാവസ്‌ഥാ വകുപ്പിന്റെ പ്രവചന പ്രകാരം അന്തരീക്ഷം മത്സരത്തിന്‌ അനുകൂലമാണ്‌.
കന്നി ഐ.പി.എല്ലില്‍ തന്നെ ഫൈനലില്‍ കടന്ന നേട്ടവുമായാണു ഹാര്‍ദിക്‌ പാണ്ഡ്യയും സംഘവും കളിക്കുക. റോയല്‍സിനെതിരേ നടന്ന കളികളിലെ കണക്കുകളിലേക്കു വന്നാല്‍ മുന്‍തൂക്കം പാണ്ഡ്യക്കും സംഘത്തിനുമാണ്‌. രണ്ടു തവണയാണ്‌ റോയല്‍സുമായി കൊമ്പുകോര്‍ത്തത്‌. രണ്ടിലും ജയം ടൈറ്റന്‍സിനായി. ഏപ്രില്‍ 14 നു നടന്ന ലീഗ്‌ മത്സരത്തിലാണ്‌ ടൈറ്റന്‍സും റോയല്‍സും ആദ്യമായി മുഖാമുഖം വന്നത്‌. അന്നു 37 റണ്ണിനാണു ഗുജറാത്ത്‌ ജയിച്ചത്‌. ആദ്യം ബാറ്റ്‌ ചെയ്‌ത ഗുജറാത്ത്‌ ഹാര്‍ദിക്കിന്റെ (87) ഇന്നിങ്‌സിലേറി 192 റണ്ണെടുത്തു. റോയല്‍സിനു ഒമ്പത്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 155 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. ക്വാളിഫയര്‍ വണ്ണിലാണ്‌ പിന്നീട്‌ ഏറ്റുമുട്ടിയത്‌. ആദ്യം ബാറ്റ്‌ ചെയ്‌ത റോയല്‍സ്‌ ഗുജറാത്തിന്‌ 189 റണ്ണിന്റെ വിജയലക്ഷ്യം നല്‍കി. കളി തീരാന്‍ മൂന്ന്‌ പന്തുകള്‍ ബാക്കി നില്‍ക്കേ ടൈറ്റന്‍സ്‌ മൂന്നു വിക്കറ്റ്‌ നഷ്‌ടത്തില്‍ ലക്ഷ്യം കണ്ടു.
പോയിന്റ്‌ പട്ടികയില്‍ ഒന്നാംസ്‌ഥാനത്തു ഫിനിഷ്‌ ചെയ്‌താണ്‌ ടൈറ്റന്‍സ്‌ പ്ലേഓഫിലെത്തിയത്‌. 14 മത്സരങ്ങളില്‍ പത്തിലും അവര്‍ വിജയിച്ചു. 20 പോയിന്റോടെയാണ്‌ ലീഗ്‌ ഘട്ടത്തിലെ വിജയികളായത്‌. റോയല്‍സ്‌ രണ്ടാംസ്‌ഥാനത്തു ഫിനിഷ്‌ ചെയ്‌തു. 14 മത്സരങ്ങളില്‍ ഒന്‍പതെണ്ണത്തില്‍ ജയിക്കാന്‍ അവര്‍ക്കായി. 18 പോയിന്റാണ്‌ അവര്‍ക്കു ലഭിച്ചത്‌. സെമി ഫൈനലിനു തുല്യമായ ഒന്നാം ക്വാളിഫയറില്‍ റോയല്‍സിനെ തകര്‍ത്താണ്‌ ടൈറ്റന്‍സ്‌ ഫൈനലിലെത്തിയത്‌.
റോയല്‍സാവട്ടെ രണ്ടാം ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂരിനെ ഏഴു വിക്കറ്റിനു തുരത്തി ഫൈനലില്‍ ഇടം നേടി. രാജസ്‌ഥാനെ ആദ്യ ക്വാളിഫയറില്‍ തോല്‍പ്പിച്ച ആത്മവിശ്വാസം ഗുജറാത്തിനുണ്ട്‌. ആര്‍.സി.ബിയെ പരാജയപ്പെടുത്തിയെത്തുന്ന രാജസ്‌ഥാന്‍ നിസാരക്കാരല്ല. തോല്‍വിയില്‍ നിന്ന്‌ പാഠം ഉള്‍ക്കൊണ്ട്‌ ശക്‌തമായ തിരിച്ചുവരവ്‌ നടത്താന്‍ കെല്‍പ്പുള്ള നിരയാണ്‌ രാജസ്‌ഥാന്റേത്‌.

ടോപ്‌ ത്രീ ചതിച്ചാല്‍

പക്ഷേ ടോപ്‌ ത്രീയുടെ പ്രകടനത്തെ ആശ്രയിച്ചാണ്‌ രാജസ്‌ഥാന്‍ മുന്നോട്ട്‌ പോകുന്നത്‌. ജോസ്‌ ബട്ട്‌ലര്‍, യശ്വസി ജയ്‌സ്വാള്‍, സഞ്‌ജു സാംസണ്‍ എന്നിവര്‍ നേരത്തെ പുറത്തായാല്‍ പിന്നെ പ്രതീക്ഷിക്കാവുന്ന താരം ഷിംറോണ്‍ ഹിറ്റ്‌മീര്‍ മാത്രം. ദേവ്‌ദത്ത്‌ പടിക്കല്‍, റിയാന്‍ പരാഗ്‌ എന്നിവര്‍ കഴിഞ്ഞ മത്സരങ്ങളില്‍ അടിച്ചു കളിക്കുന്നതില്‍ പിന്നാക്കം പോയി. മികച്ച ബൗളിങ്‌ കരുത്തുള്ള ഗുജറാത്തിന്‌ രാജസ്‌ഥാന്റെ ടോപ്‌ ത്രീയെ പെട്ടെന്ന്‌ മടക്കാനായാല്‍ കിരീടം നേടിയ അവസ്‌ഥയാകും.
രാജസ്‌ഥാന്റെ ഇതുവരെയുള്ള കുതിപ്പില്‍ ലെഗ്‌ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹാലിന്റെ ബൗളിങ്ങ്‌ നിര്‍ണായകമായി. വിക്കറ്റ്‌ വേട്ടക്കാരിന്‍ മുമ്പനായ ചാഹാല്‍ മധ്യ ഓവറുകളില്‍ വിക്കറ്റെടുത്ത്‌ എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. 16 മത്സരങ്ങളില്‍നിന്ന്‌ 26 വിക്കറ്റുകളാണ്‌ ചാഹാല്‍ വീഴ്‌ത്തിയത്‌. അവസാന നാല്‌ മത്സരങ്ങളിലും ചഹാലിന്റെ ഫോം മികച്ചതല്ല. ചാഹാല്‍ റണ്‍ വിട്ടുകൊടുക്കുന്നതിലും പിശുക്കു കാട്ടുന്നില്ല. ഗുജറാത്തിന്റെ ലെഗ്‌ സ്‌പിന്നര്‍ റാഷിദ്‌ ഖാന്‍ കഴിഞ്ഞ മത്സരത്തില്‍ രാജസ്‌ഥാനെ വട്ടം കറക്കിയിരുന്നു. റാഷിദിന്റെ സ്‌പിന്നിന്‌ രാജസ്‌ഥാന്റെ കൈയിലുള്ള മറുപടി ചാഹാലാണ്‌. ഫ്‌ളാറ്റ്‌ പിച്ചില്‍ ഓഫ്‌ സ്‌പിന്നര്‍ ആര്‍. അശ്വിന്‌ കാര്യമായൊന്നും ചെയ്യാനില്ല.

സൂപ്പര്‍ ഫിനിഷര്‍മാര്‍

ഗുജറാത്തിനെ വ്യത്യസ്‌തരാക്കുന്നതു ഫിനിഷിങ്ങിലെ മികവാണ്‌. രാജസ്‌ഥാന്‍ റോയല്‍സിനെതിരേ ഗുജറാത്തിന്‌ മുന്‍തൂക്കം നല്‍കുന്നതും ഫിനിഷിങ്ങിലെ ഈ മികവാണ്‌.
ഗുജറാത്തിനെ സംബന്ധിച്ച്‌ മികച്ച ഫിനിഷര്‍മാരാണ്‌ ടീമിലുള്ളത്‌. രാഹുല്‍ തെവാത്തിയ, ഡേവിഡ്‌ മില്ലര്‍ എന്നീ സൂപ്പര്‍ ഫിനിഷര്‍മാര്‍ സഞ്‌ജു സാംസണിന്റെ ഉറക്കം കെടുത്തും. രണ്ട്‌ പേരും മികച്ച ഫോമിലുമാണ്‌. ഇതിനോടകം നിരവധി മത്സരങ്ങള്‍ ഇവര്‍ ഭംഗിയായി ഫിനിഷ്‌ ചെയ്യുകയും ചെയ്‌തു. റാഷിദ്‌ ഖാനും ഫിനിഷറുടെ റോള്‍ നന്നായി ഇണങ്ങുമെന്ന്‌ ഈ സീസണില്‍ തെളിയിച്ചിരുന്നു. രാജസ്‌ഥാന്റെ ഫിനിഷര്‍മാരുമായി താരതമ്യം ചെയ്യുമ്പോള്‍ ഗുജറാത്തിന്റെ ഫിനിഷര്‍മാര്‍ക്ക്‌ കരുത്ത്‌ കൂടുതലാണ്‌.
രാജസ്‌ഥാന്റെ ഫിനിഷറായി കാണാവുന്നത്‌ ഷിംറോണ്‍ ഹിറ്റ്‌മീറിനെയാണ്‌. ഗ്രൂപ്പു ഘട്ടത്തില്‍ നന്നായി കളിച്ച ഹെറ്റ്‌മെയര്‍ ഇടയ്‌ക്ക് നാട്ടിലേക്ക്‌ മടങ്ങിയിരുന്നു. തിരിച്ചെത്തിയ ശേഷം പഴയ ഫോമിലേക്ക്‌ ഉയരാനായില്ല. റിയാന്‍ പരാഗിനെ ഫിനിഷറെന്ന നിലയില്‍ ഉറപ്പിക്കാനാകില്ല.
ആര്‍. അശ്വിന്‍ ഇടയ്‌ക്ക് ഫിനിഷറുടെ റോളിലേക്ക്‌ ഉയര്‍ന്നിരുന്നു. പിഞ്ച്‌ ഹിറ്ററും ആംഗറുമായി തിളങ്ങിയിരുന്ന അശ്വിന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ ഫിനിഷറുടെ റോളിലെത്തി. ആദ്യം ബാറ്റ്‌ ചെയ്‌ത സൂപ്പര്‍ കിങ്‌സ് ആറ്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 150 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത രാജസ്‌ഥാന്‍ റോയല്‍സ്‌ കളി തീരാന്‍ രണ്ട്‌ പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. 23 പന്തില്‍ മൂന്ന്‌ സിക്‌സറും രണ്ട്‌ ഫോറുമടക്കം 40 റണ്ണുമായിനിന്ന അശ്വിനാണു ചെന്നൈയുടെ കൈയില്‍നിന്നു ജയം തട്ടിയെടുത്തത്‌. മത്സരത്തില്‍ രാജസ്‌ഥാന്‍ റോയല്‍സിന്‌ അഞ്ച്‌ വിക്കറ്റിനാണു ജയിച്ചത്‌. ജയിക്കാന്‍ 30 പന്തില്‍ 47 റണ്ണെന്ന നിലയിലായിരിക്കേയാണ്‌ അശ്വിന്‍ തകര്‍ത്തടിച്ചത്‌. പ്രശാന്ത്‌ സോളങ്കി എറിഞ്ഞ ഓവറിലെ അവസാന പന്തിനെ അശ്വിന്‍ സിക്‌സറിച്ചപ്പോള്‍ ലക്ഷ്യം 18 പന്തില്‍ 32 റണ്ണായി. മതീഷ പതിരാന എറിഞ്ഞ 18-ാം ഓവറില്‍ അശ്വിനും റിയാന്‍ പരാഗും ചേര്‍ന്ന്‌ 13 റണ്‍ നേടി. മുകേഷ്‌ ചൗധരി എറിഞ്ഞ 19-ാം ഓവറില്‍ അശ്വിന്‍ നേടിയ സിക്‌സര്‍ അടക്കം 12 റണ്‍ പിറന്നു. അതോടെ അവസാന ഓവറില്‍ ലക്ഷ്യം ഏഴ്‌ റണ്ണായി. വിജയ റണ്ണെടുത്തതും അശ്വിനാണ്‌. മൂന്നാം നമ്പര്‍ സ്‌ഥാനത്തു ബാറ്റ്‌ ചെയ്യാന്‍ അശ്വിന്‍ നേരത്തെ തന്നെ സന്നദ്ധനായിരുന്നു. അശ്വിനെ മൂന്നാം നമ്പറില്‍ കയറ്റിവിട്ട റോയല്‍സിന്റെ വ്യത്യസ്‌തമായ തന്ത്രം അന്നു ക്ലിക്കായി.
ഗുജറാത്തിന്റെ ഓപ്പണിങ്‌ ജോഡി കഴിഞ്ഞ മത്സരങ്ങളില്‍ നിറംമങ്ങിയിരുന്നു. വിക്കറ്റ്‌ കീപ്പര്‍ കൂടിയായ വൃദ്ധിമാന്‍ സാഹ മികവ്‌ തുടരുകയാണെങ്കിലും ശുഭ്‌മന്‍ ഗില്ലിനു ഫോം തുടരാനായില്ല. പാണ്ഡ്യ, മാത്യു വേഡ്‌, ഡേവിഡ്‌ മില്ലര്‍ തുടങ്ങിയവരാണു മധ്യനിരയിലെ കരുത്ത്‌. പേസര്‍ മുഹമ്മദ്‌ ഷമിക്ക്‌ അവസരത്തിനൊത്തുയരാന്‍ കഴിയുന്നില്ലെന്ന പോരായ്‌മയുണ്ട്‌. രാജസ്‌ഥാന്‌ ട്രെന്റ്‌ ബോള്‍ട്ടിന്റെ സാന്നിധ്യം പ്ലസ്‌ പോയിന്റാണ്‌. പ്രസിദ്ധ്‌ കൃഷ്‌ണ, ഒബെദ്‌ മക്‌കോയ്‌ എന്നിവര്‍ അവസരത്തിനൊത്തുയര്‍ന്നാല്‍ കിരീടം റോയല്‍സിനൊപ്പമാകും.

സാധ്യതാ ടീം: ഗുജറാത്ത്‌ ടൈറ്റന്‍സ്‌- വൃധിമാന്‍ സാഹ, ശുഭ്‌മന്‍ ഗില്‍, ഹാര്‍ദിക്‌ പാണ്ഡ്യ (നായകന്‍), മാത്യു വേഡ്‌, ഡേവിഡ്‌ മില്ലര്‍, രാഹുല്‍ തെവാത്തിയ, റാഷിദ്‌ ഖാന്‍, യഷ്‌ ദയാല്‍, സായ്‌ കിഷോര്‍, അല്‍സാരി ജോസഫ്‌, മുഹമ്മദ്‌ ഷമി.
സാധ്യതാ ടീം: രാജസ്‌ഥാന്‍ റോയല്‍സ്‌- യശസ്വി ജയ്‌സ്വാള്‍, ജോസ്‌ ബട്ട്‌്ലര്‍, സഞ്‌ജു സാംസണ്‍ (നായകന്‍), ദേവ്‌ദത്ത്‌ പടിക്കല്‍, ഷിംറോണ്‍ ഹിറ്റ്‌മീര്‍, റിയാന്‍ പരാഗ്‌, ആര്‍.അശ്വിന്‍, ട്രെന്റ്‌ ബോള്‍ട്ട്‌, പ്രസിദ്ധ്‌ കൃഷ്‌ണ, യുസ്വേന്ദ്ര ചാഹല്‍, ഒബെദ്‌ മക്കോയ്‌.

LEAVE A REPLY

Please enter your comment!
Please enter your name here