അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച അമ്പയർമാരിൽ ഒരാളായാണ് പാകിസ്താനിൽ നിന്നുള്ള അസദ് റൗഫ്. 2000 മുതല്‍ ക്രിക്കറ്റ് അമ്പയറായ ആസാദ്, തന്റെ 13 വർഷം നീണ്ട കരിയറിൽ 170 അന്താരാഷ്ട്ര മത്സരങ്ങൾ നിയന്ത്രിച്ചു. ഇതിൽ 49 ടെസ്റ്റുകൾ, 98 ഏകദിനം, 23 ടി20കളും ഉൾപ്പെടുന്നു. 2013 ന് ശേഷം ക്രിക്കറ്റ് വിട്ട ഇദ്ദേഹം ഇന്നെവിടെയാണ്? ലാഹോറിലെ ഒരു മാർക്കറ്റിൽ തുണിക്കട നടത്തുകയാണ് റൗഫ്.

ഐപിഎല്ലാണ് റൗഫിന്റെ ജീവിതം മാറ്റിയത്. ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ച ഐപിഎല്‍ മാച്ച് ഫിക്‌സിങ്ങില്‍ റൗഫിന്റെ പേരും ഉള്‍പ്പെട്ടിരുന്നു. 2013-ല്‍ ശ്രീശാന്തും അജിത്ത് ചാണ്ടേലയും ഉള്‍പ്പെട്ട ഒത്തുകളി വിവാദത്തിലാണ് റൗഫും ഉള്‍പ്പെട്ടത്. റൗഫ് വാതുവെപ്പുകാരില്‍ നിന്ന് പണം വാങ്ങിയെന്നായിരുന്നു ബിസിസിഐയുടെ ആരോപണം. തുടര്‍ന്ന് 2016-ല്‍ ബിസിസിഐ റൗഫിന് വിലക്കേര്‍പ്പെടുത്തി. 5 വര്‍ഷം ഐപിഎല്ലില്‍ അമ്പയറായിരുന്ന ആസാദിനെ മികച്ച ഒഫിഷ്യലായും തെരഞ്ഞെടുത്തിരുന്നു.

“ജീവിതത്തില്‍ ഒരുപാട് മത്സരങ്ങള്‍ കണ്ട എനിക്ക് ഇനിയൊന്നും ബാക്കിയില്ല. ബിസിസിഐയുടെ നടപടിയ്ക്ക് കാരണമായ ആരോപണങ്ങളുമായി എനിക്ക് യാതൊരു ബന്ധവുമില്ല. വിവാദങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ഐപിഎൽ മികച്ച അനുഭവങ്ങൾ സമ്മാനിച്ചു. 2013 ന് ശേഷം ക്രിക്കറ്റുമായി യാതൊരു ബന്ധവും പുലര്‍ത്തിയിട്ടില്ല. ഞാൻ എന്തെങ്കിലും ഉപേക്ഷിച്ചാല്‍ അത് പൂര്‍ണമായുള്ള ഉപേക്ഷിക്കലായിരിക്കും..” പാക്ക് ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ റൗഫ് പറഞ്ഞു.

മുംബൈ ആസ്ഥാനമായുള്ള ഒരു മോഡലിൽ നിന്നുള്ള ലൈംഗിക ചൂഷണ ആരോപണങ്ങളുടെ പേരില്‍ 2012 ല്‍ റൗഫ് വാർത്തകളിൽ ഇടം നേടിയിരുന്നു. പാക്ക് അമ്പയറുമായി തനിക്ക് ബന്ധമുണ്ടെന്നും വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കുകയും പിന്നിട് അദ്ദേഹം പിന്മാറിയെന്നുമായിരുന്നു യുവതിയുടെ ആരോപണം. പത്തുവർഷം മുന്‍പ് ആരോപണം നിഷേധിച്ച റൗഫ് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ഇന്നും ആ നിലപാടിൽ ഉറച്ചു നില്കുന്നു.

ലാഹോറിലെ ലാൻഡ ബസാർ വിലകുറഞ്ഞതും സാധാരണക്കാര്‍ക്ക് വാങ്ങാന്‍ സാധിക്കുന്നതുമായ വസ്ത്രങ്ങൾ, ഷൂസ്, മറ്റ് സാധനങ്ങൾ എന്നിവയ്ക്ക് പ്രശസ്തമാണ്. റൗഫിന്റെ കടയില്‍ വസ്ത്രങ്ങളും ഷൂസുമൊക്കെയാണ് വില്‍ക്കുന്നത്. “എനിക്ക് വേണ്ടിയല്ല കട നടത്തുന്നത്, ദിവസ വേതനത്തിന് നില്‍ക്കുന്ന ജോലിക്കാര്‍ക്ക് വേണ്ടിയാണ് ഈ കട. എനിക്ക് അത്യാഗ്രഹമില്ല… ധാരാളം പണവും ലോകവുമെല്ലാം ഞാൻ കണ്ടതാണ്. എന്റെ ഒരു മകൻ പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടിയാണ്. മറ്റൊരാൾ അമേരിക്കയിൽ നിന്ന് ബിരുദം പൂർത്തിയാക്കി തിരിച്ചെത്തി” – റൗഫ് പറയുന്നു.

“അഞ്ച് നേരം നമസ്കരിക്കാറുണ്ട്….ഒരു കടയില്‍ ജീവനക്കാരനായാണ് തുടങ്ങിയത്, ഇന്ന് എനിക്ക് സ്വന്തമായി ഒരു കടയുണ്ട്. ക്രിക്കറ്റ് കളിച്ചു, അതിലും ഉന്നതിയിലെത്തി. അമ്പയറെന്ന നിലയില്‍ ഐസിസിയുടെ എലൈറ്റ് പാനലില്‍ അംഗമായി, കൂടുതൽ ഒന്നും വേണ്ട” റൗഫ് പറഞ്ഞവസാനിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here