ഇറാനി കപ്പ് റെസ്റ്റ് ഓഫ് ഇന്ത്യക്ക്. സൗരാഷ്ട്രയെ 8 വിക്കറ്റിനു കീഴടക്കിയാണ് റെസ്റ്റ് ഓഫ് ഇന്ത്യ കിരീടം ചൂടിയത്. രണ്ടാം ഇന്നിംഗ്സിൽ സൗരാഷ്ട്ര മുന്നോട്ടുവച്ച 105 റൺസ് വിജയലക്ഷ്യം 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി റെസ്റ്റ് ഓഫ് ഇന്ത്യ മറികടന്നു. രണ്ടാം ഇന്നിംഗ്സിൽ അഭിമന്യു ഈശ്വരനാണ് (63 നോട്ടൗട്ട്) റെസ്റ്റ് ഒഫ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. (india irani cup saurashtra)

8 വിക്കറ്റ് നഷ്ടത്തിൽ 368 റൺസെന നിലയിൽ നാലാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച സൗരാഷ്ട്ര 380 റൺസെടുക്കുന്നതിനിടെ ഓൾ ഔട്ടായി. അവസാന രണ്ട് വിക്കറ്റുകളും വീഴ്ത്തിയ കുൽദീപ് സെൻ ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. 89 റൺസെടുത്ത ക്യാപ്റ്റൻ ജയദേവ് ഉനദ്കട്ട് ആണ് സൗരാഷ്ട്രയുടെ ടോപ്പ് സ്കോറർ. അവസാന വിക്കറ്റായാണ് താരം പുറത്തായത്.പെരക് മങ്കാദ് (72), ഷെൽഡൻ ജാക്ക്സൺ (71), അർപിത് വാസവദ (55) എന്നിവരും സൗരാഷ്ട്രക്കായി തിളങ്ങി.

മറുപടി ബാറ്റിംഗിൽ പ്രിയങ്ക് പഞ്ചലും (2) യാഷ് ധുലും (8) വേഗം പുറത്തായെങ്കിലും അഭിമന്യു ഈശ്വരൻ്റെ മികച്ച പ്രകടനം റെസ്റ്റ് ഓഫ് ഇന്ത്യയെ വിജയിപ്പിക്കുകയായിരുന്നു. അഭിമന്യുവും കെഎസ് ഭരതും (27) പുറത്താവാതെ നിന്നു. റെസ്റ്റ് ഓഫ് ഇന്ത്യയുടെ രണ്ട് വിക്കറ്റും വീഴ്ത്തിയത് ജയദേവ് ഉനദ്കട്ടാണ്.

ആദ്യ ഇന്നിംഗ്സിൽ പേസർമാരാണ് സൗരാഷ്ട്രയെ തകർത്തുകളഞ്ഞത്. മുകേഷ് കുമാർ 4 വിക്കറ്റ് വീഴ്ത്തിയപ്പോൾ കുൽദീപ് സെൻ, ഉമ്രാൻ മാലിക്ക് എന്നിവർ മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കി. മറുപടി ബാറ്റിംഗിൽ സർഫറാസ് ഖാൻ്റെ സെഞ്ചുറിയും (138) ക്യാപ്റ്റൻ ഹനുമ വിഹാരിയുടെ ഫിഫ്റ്റിയും (82) റെസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് കൂറ്റൻ ലീഡ് സമ്മാനിക്കുകയായിരുന്നു. സൗരഭ് കുമാറും (55) റെസ്റ്റ് ഓഫ് ഇന്ത്യക്കായി തിളങ്ങി. സൗരാഷ്ട്രക്കായി ചേതൻ സക്കരിയ 5 വിക്കറ്റ് വീഴ്ത്തി.

രണ്ടാം ഇന്നിംഗ്സിലും സൗരാഷ്ട്രയുടെ തുടക്കം തകർച്ചയോടെ ആയിരുന്നു. വെറും 87 റൺസിന് അഞ്ച് വിക്കറ്റ് നഷ്ടമായ അവരെ ലോവർ – മിഡിൽ ഓർഡറും വാലറ്റവും ചേർന്നാണ് രക്ഷിച്ചെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here