സിഡ്‌നി: മൂന്ന് പതിറ്റാണ്ട് മുൻപ് ഏകദിന ലോകകപ്പിൽ സംഭവിച്ചത് തന്നെ ഇന്ന് ടി20 ലോകകപ്പ് സെമിയിലും സംഭവിച്ചു. ഏതാണ്ട് പൂർണമായും പാകിസ്ഥാൻ മേൽക്കൈ നേടിയ മത്സരത്തിൽ ബാബർ അസമിന്റെ പാക് പടയ്‌ക്ക് ഏഴ് വിക്കറ്റിന്റെ അഭിമാന ജയം. നാളെ ഇന്ത്യ- ഇംഗ്ളണ്ട് രണ്ടാം സെമിയിലെ വിജയിയെ പാകിസ്ഥാൻ ഫൈനലിൽ നേരിടും. മറ്റൊരു ആവേശകരമായ ഇന്ത്യാ-പാക് മത്സരം കാണാനാകുമോ എന്ന പ്രതീക്ഷയിലാണ് ലോക ക്രിക്കറ്റ് ആരാധകരെല്ലാം. ന്യൂസിലാന്റ് ഉയർത്തിയ 153 റൺസ് വിജയലക്ഷ്യം അവസാന ഓവറിൽ പാകിസ്ഥാൻ മറികടന്നു.

 

ടി20 ക്രിക്കറ്റിലെ മികച്ച ബാറ്റർമാരായ പാകിസ്ഥാൻ ഓപ്പണർമാർ ബാബർ അസവും (42 പന്തിൽ 53) മുഹമ്മദ് റിസ്വാനും ( 43 പന്തിൽ 57) അവസരത്തിനൊത്ത് ഉയർന്നതോടെ കിവീസിന്റെ വിജയ പ്രതീക്ഷ തകർന്നു. ആദ്യ വിക്കറ്റ് കൂട്ടുകെട്ടിൽ ഇരുവരും നേടിയത് 105 റൺസാണ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലാൻഡിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. കളി തുടങ്ങി മൂന്നാം പന്തിൽ ഷഹീൻ അഫ്രീദിയുടെ പന്തിൽ വിക്കറ്രിന് മുന്നിൽ കുരുങ്ങി ഫിൻ അലൻ (4) പുറത്തായി. നന്നായി കളിച്ചുവന്ന കോൺവെ ( 20 പന്തിൽ 21), ഈ ലോകകപ്പിൽ തകർപ്പൻ ഫോമിലുള‌ള ഗ്ളെൻ ഫിലിപ്‌സ് (6) എന്നിവർ തുടരെ മടങ്ങിയതോടെ കിവീസ് 3 വിക്കറ്റ് നഷ്‌ടത്തിൽ 49 എന്ന നിലയിൽ പരുങ്ങി. തുടർന്ന് ഒരറ്റത്ത് നിന്ന് ക്ഷമയോടെ കളിച്ച നായകൻ കെയിൻ വില്യംസൺ (42 പന്തിൽ 46) പുറത്താകാതെ 35 പന്തിൽ 53 റൺസ് നേടിയ ഡാരിൽ മിച്ചൽ എന്നിവർ ചേർ‌ന്ന് ന്യൂസിലാൻഡിനെ കരകയറ്റി. നീഷാം 12 പന്തിൽ 16 റൺസ് നേടി മിച്ചലിനൊപ്പം നിന്നു. പാകിസ്ഥാന് വേണ്ടി ഷഹീൻ ഷാ അഫ്രീദി നാലോവറിൽ 24 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്‌ത്തി.

 

മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാൻ കൃത്യമായ ഇടവേളകളിൽ ബൗണ്ടറി നേടി അതിവേഗം വിജയത്തിലേക്ക് കുതിച്ചു. സ്‌കോർ 105ൽ നിൽക്കെ ആദ്യം ബാബറും 132ൽ റിസ്വാനും പുറത്തായി. വിജയത്തിന് കേവലം രണ്ട് റൺസ് അകലെവച്ച് മുഹമ്മദ് ഹാരിസ് (26 പന്തിൽ 30) പുറത്തായി. ന്യൂസിലാൻഡിന് വേണ്ടി ട്രെൻഡ് ബോൾട്ട് 33 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടി. മുഹമ്മദ് റിസ്വാനാണ് കളിയിലെ കേമൻ.

LEAVE A REPLY

Please enter your comment!
Please enter your name here