ട്വന്റി20 ലോകകപ്പില്‍ ഇംഗ്ലണ്ട് ചാംപ്യന്‍മാര്‍. ഫൈനലിൽ പാകിസ്താൻ ഉയർത്തിയ 138 റൺസ് വിജയലക്ഷ്യം 5 വിക്കറ്റ് ശേഷിക്കെ മറികടന്നു. 138 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് ഒരു ഓവര്‍ അവശേഷിക്കെ ലക്ഷ്യത്തിലെത്തി. സ്കോര്‍: പാക്കിസ്ഥാന്‍– 137/8, ഇംഗ്ലണ്ട്–138/5. ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സും മൂന്ന് വിക്കറ്റ് വീഴ്ത്തിയ സാം കുറാനുമാണ് ഇംഗ്ലണ്ടിന്റെ വിജയശിൽപ്പികൾ. ചരിത്രത്തിൽ ഒരേസമയം ടി20, ഏകദിന ലോക ടൈറ്റിൽസ് സ്വന്തമാക്കുന്ന ആദ്യ ടീമായി ഇംഗ്ലണ്ട്.

49 പന്തിൽ 52 റൺസെടുത്ത ബെന്‍ സ്റ്റോക്സ്‌‌ ആണ് ഇം​ഗ്ലണ്ടിനെ ഈ സ്വപ്നവിജയത്തിലേക്ക് നയിച്ചത്. 138 എന്ന താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഇം​ഗ്ലണ്ടിന് തുടക്കം പിഴച്ചു. അലക്സ് ഹെയ്ൽസ് (രണ്ട് ബോളിൽ ഒന്ന്), ഫിലിപ് സാള്‍ട്ട് (ഒൻപതു ബോളിൽ പത്ത്) എന്നിവരെ തുടക്കത്തിലെ നഷ്ടമായി. ക്യാപ്റ്റൻ ജോസ് ബട്‌ലർ ( 26), ഹാരി ബ്രൂക്ക് ( 20), മൊയീൻ അലി ( 19), ലിയാം ലിവിങ്‌സ്റ്റണ്‍ (1) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സംഭാവന.

 

ടോസ് നഷ്ടപ്പെട്ട പാകിസ്താനാണ് ആദ്യ ബാറ്റിങ്ങിനിറങ്ങിയത്. 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനേ പാക്കിസ്ഥാന് സാധിച്ചുള്ളൂ. 38 റൺസെടുത്ത ഷാൻ മസൂദാണു പാക്കിസ്ഥാൻ നിരയിലെ ടോപ് സ്കോറർ. ക്യാപ്റ്റൻ ബാബർ അസം 28 പന്തിൽ 32 റൺസെടുത്തു. സ്ലോഗ് ഓവറുകളിൽ ഷഹീൻ അഫ്രീദി പരുക്ക് മൂലം പിന്മാറിയത് പാക്കിസ്ഥാന് തിരിച്ചടിയായി.നാല് ഓവറില്‍ വെറും 10 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ സാം കറനാണ് ഇംഗ്ലീഷ് ബൗളര്‍മാരില്‍ തിളങ്ങിയത്. ആദില്‍ റഷീദും ക്രിസ് ജോര്‍ദനും രണ്ടു വിക്കറ്റ് വീഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here