വനിതാ ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ പൂജ വസ്ട്രാക്കറിനു പകരം സ്നേഹ് റാണയെ ഉൾപ്പെടുത്തി. പനി ബാധിച്ച് ആശുപത്രിയിലായിരുന്ന പൂജ ഇന്ന് ഓസ്ട്രേലിയക്കെതിരായ സെമിഫൈനലിനുള്ള ടീമിൽ നിന്ന് പുറത്തായിരുന്നു. ഇതോടെയാണ് താരത്തിനു പകരം റിസർവ് നിരയിലുണ്ടായിരുന്ന സ്നേഹ് റാണയെ ടീമിൽ ഉൾപ്പെടുത്തിയത്. സെമിയിൽ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും കളിച്ചേക്കില്ലെന്നാണ് റിപ്പോർട്ട്. ഹർമനും പനിയാണ്.
സ്നേഹ് റാണ ടീമിൽ ഉൾപ്പെട്ടതോടെ താരം ഓസ്ട്രേലിയക്കെതിരായ ഫൈനൽ ഇലവനിൽ കളിക്കുമെന്നാണ് കരുതപ്പെടുന്നത്. ഹർമനു പകരം സ്നേഹ് റാണയും പൂജയ്ക്ക് പകരം അഞ്ജലി ശർവാനിയും കളിച്ചേക്കും. ഹർമൻ്റെ അഭാവത്തിൽ സ്മൃതി മന്ദനയാവും ടീമിനെ നയിക്കുക. സെമിയിൽ ഓസ്ട്രേലിയക്ക് മേൽക്കൈ ഉണ്ട്. അതോടൊപ്പം ടീമിലെ സുപ്രധാന താരങ്ങളിൽ പെട്ട ഇരുവരും കളിച്ചില്ലെങ്കിൽ ഇന്ത്യയുടെ നില കൂടുതൽ പരുങ്ങലിലാവും.
ഇന്ത്യൻ സമയം വൈകിട്ട് 6.30ന് കേപ്പ്ടൗണിലെ ന്യൂലാൻഡ്സിലാണ് മത്സരം. ലോകകപ്പിൽ 5 തവണ കിരീടം നേടുകയും എല്ലാ എഡിഷനിലും സെമിയിലെത്തുകയും ചെയ്ത ഓസ്ട്രേലിയ കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ തോല്പിച്ചാണ് ജേതാക്കളായത്. അതുകൊണ്ട് തന്നെ ഓസ്ട്രേലിയയെ മറികടക്കുക എന്നത് ഇന്ത്യക്ക് വലിയ വെല്ലുവിളിയാണ്.