ഐ പി എൽ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അർദ്ധ സെഞ്ച്വറി നേട്ടത്തിലെത്തി രാജസ്ഥാന്റെ യശ്വസി ജയ്‌സ്വാൾ. 13 പന്തിലാണ് താരം അർധ സെഞ്ച്വറി സ്വന്തമാക്കിയത്. മത്സരത്തിന്റെ ആദ്യ പന്തു
മുതൽ ആക്രമണം അഴിച്ച് വിട്ട രാജസ്ഥാൻ ഓപ്പണർ ജയ്‌സ്വാൾ, കെ.എൽ രാഹുലിന്റെ 14 പന്തിലെ അർധ സെഞ്ച്വറി റെക്കോർഡാണ് മറികടന്നത്. 2018ലായിരുന്നു രാഹുലിന്റെ വെടിക്കെട്ട്. കഴിഞ്ഞ ഐ പി എല്ലിൽ കൊൽക്കത്ത താരം പാറ്റ് കമ്മിൻസ് മുംബൈയ്‌ക്കെതിരെയും 14 പന്തിൽ അർധ സെഞ്ച്വറി നേടിയിരുന്നു.

ഇന്നത്തെ രാജസ്ഥാൻ – കൊൽക്കത്ത മത്സരത്തിൽ രാജസ്ഥാന്റെ മറുപടി ബാറ്റിങ്ങിൽ ആദ്യ ഓവറെറിഞ്ഞ ക്യാപ്റ്റൻ നിതീഷ് റാണയ്ക്കെതിരെ വെടിക്കെട്ട് ബാറ്റിങ്ങാണ് ജയ്‌സ്വാൾ നടത്തിയത് .ആദ്യ ഓവറിൽ തന്നെ 26 റൺസാണ് പിറന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 149 റൺസാണ്
നേടിയത്.

ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്ന ടീമിന് മൂന്നാം സ്ഥാനത്തെത്താനുള്ള അവസരം കൂടിയുണ്ട്. രാജസ്ഥാൻ റോയൽസ് താരം യുസ്‌വേന്ദ്ര ചഹൽ ഇന്ത്യൻ പ്രിമിയർ ലീ​ഗിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുക്കുന്ന ബൗളറാവുകയും ചെയ്തു. 144 മത്സരങ്ങളിൽ നിന്ന് 186 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുള്ള മത്സരത്തിൽ നിതീഷ് റാണയെ ഔട്ടാക്കിയതോടെയാണ് ചഹൽ ഈ റെക്കോർഡ് സ്വന്തം പേരിൽ കുറിച്ചത്.

നിതീഷ് റാണയെ പുറത്താക്കിയതോടെ താരത്തിന്റെ വിക്കറ്റ് നേട്ടം 184ൽ എത്തി. തുടർന്ന് വെങ്കിടേഷ് അയ്യരുടെയും ഷർദുൽ താക്കൂറിന്റെയും വിക്കറ്റുകൾ കൂടി പിഴുതാണ് വിക്കറ്റ് നേട്ടം 186ൽ എത്തിച്ചത്. കഴിഞ്ഞ മത്സരത്തോടെ 183 വിക്കറ്റുകളെന്ന സി.എസ്.കെയുടെ ഡെയിൻ ബ്രാവോയുടെ നേട്ടത്തിനൊപ്പം ചഹൽ എത്തിയിരുന്നു. 161 മത്സരങ്ങളിൽ നിന്നാണ് ബ്രാവോ ഇത്ര വിക്കറ്റുകൾ നേടിയതെങ്കിൽ 144 മത്സരം കളിച്ചാണ് ചഹൽ റെക്കോർഡ് മറികടന്നത്.

ചഹലിന് പിറകിലുള്ളത് മുംബൈ ഇന്ത്യൻസ് താരം പിയൂഷ് ചാവ്‌ലയാണ് (174 വിക്കറ്റ്). ലഖ്‌നൗ സൂപ്പർ ജയൻറ്‌സിന്റെ അമിത് മിശ്ര (172), രാജസ്ഥാൻ റോയൽസിന്റെ രവി ചന്ദ്രൻ അശ്വിൻ (171), രാജസ്ഥാൻ ബൗളിംഗ് കോച്ച് ലസിത് മലിംഗ (170) എന്നിവരാണ് വിക്കറ്റ് വേട്ടയിൽ തുടർന്നുള്ള സ്ഥാനങ്ങളിലൊന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here