ചെന്നൈ: ചെപ്പോക്കിനെ മഞ്ഞ പുതപ്പിച്ചെത്തിയ ജനസാഗരത്തെ മഹേന്ദ്രസിങ് ധോണിയും സംഘവും നിരാശരാക്കിയില്ല. യുവത്വവും പരിചയസമ്പത്തും ഏറ്റുമുട്ടിയ ആവേശപ്പോരാട്ടത്തിൽ, ഹാർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസിനെ വീഴ്ത്തി മഹേന്ദ്രസിങ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സ് ഐപിഎൽ ഫൈനലിൽ. ടോസ് ഉൾപ്പെടെ അനുഗ്രഹിച്ചിട്ടും മുതലെടുക്കാനാകാതെ പോയ ഗുജറാത്തിനെ, 15 റൺസിനാണ് ചെന്നൈ വീഴ്ത്തിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 172 റൺസ്. ഗുജറാത്തിന്റെ മറുപടി നിശ്ചിത 20 ഓവറിൽ 157 റൺസിൽ അവസാനിച്ചു. ഐപിഎൽ ചരിത്രത്തിൽ ഇതുവരെ ഗുജറാത്തിനെ തോൽപ്പിക്കാനായിട്ടില്ലെന്ന നാണക്കേടും ചെപ്പോക്കിൽ ധോണിയും സംഘവും മറികടന്നു.

തോറ്റെങ്കിലും ഫൈനലി‍ൽ എത്താൻ ഗുജറാത്തിനു മുന്നിൽ ഒരു ‘ക്വാളിഫയർ’ അവസരം കൂടി ബാക്കിയുണ്ട്. ബുധനാഴ്ച ഇതേ വേദിയിൽ നടക്കുന്ന ലക്നൗ സൂപ്പർ ജയന്റ്സ് – മുംബൈ ഇന്ത്യൻസ് എലിമിനേറ്റർ പോരാട്ടത്തിലെ വിജയികളുമായിട്ടാണ് ഗുജറാത്തിന്റെ രണ്ടാം ക്വാളിഫയർ പോരാട്ടം.

ടോസ് നേടി ആദ്യം ബാറ്റു ചെയ്യുന്നതാണ് ചെന്നൈയുടെ രാശിയെന്ന ചരിത്രം മുന്നിൽ നിൽക്കെ, ടോസ് നേടിയ ഗുജറാത്ത് നായകൻ ഹാർദിക് പാണ്ഡ്യ ചെന്നൈയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. സീസണിൽ ആദ്യം ബാറ്റു ചെയ്ത 8 മത്സരങ്ങളിൽ അഞ്ചിലും ജയിച്ച ധോണിയുടെ ടീം, ഇത്തവണ അത് ഒൻപത് മത്സരങ്ങളിൽ ആറു ജയം എന്നാക്കി മെച്ചപ്പെടുത്തി. ചേസിങ്ങിനോടു പൊതുവെ പ്രിയമുള്ള ഗുജറാത്തിന്, ഇത്തവണ പിഴവും പറ്റി. ഐപിഎലിൽ രണ്ടാമത് ബാറ്റു ചെയ്യുന്ന മത്സരങ്ങളിൽ 82.3 വിജയശതമാനമുണ്ടെന്ന റെക്കോർഡും ചെപ്പോക്കിൽ പാണ്ഡ്യയെയും സംഘത്തെയും തുണച്ചില്ല.

∙ പ്രതീക്ഷ നൽകി റാഷിദ്, പക്ഷേ…

ഒരിക്കൽക്കൂടി ഓപ്പണർ ശുഭ്മൻ ഗിൽ ഒരറ്റത്ത് പിടിച്ചുനിന്നെങ്കിലും, ഗുജറാത്തിനെ രക്ഷിക്കാനായില്ല. ഗിൽ 38 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 42 റൺസെടുത്ത് പുറത്തായി. ഇതോടെ, 15 മത്സരങ്ങളിൽനിന്ന് 722 റൺസുമായി ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തിൽ ഗിൽ രണ്ടാമതെത്തി. ഒന്നാമതുള്ള ഡുപ്ലേസിക്ക് 14 മത്സരങ്ങളിൽനിന്ന് 730 റൺസാണ് സമ്പാദ്യം. ഗില്ലിന് ഇനിയും മത്സരം ബാക്കിയുള്ളതിനാൽ, ഡുപ്ലേസിയെ മറികടക്കാനും അവസരമുണ്ട്.

16 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 36 റൺസെടുത്ത റാഷിദ് ഖാൻ അവസാന ഓവറുകളിൽ ഗുജറാത്തിന് വിജയപ്രതീക്ഷ പകർന്നെങ്കിലും, 19–ാം ഓവറിൽ പുറത്തായത് തിരിച്ചടിയായി. 11 പന്തിൽ രണ്ടു ഫോറുകളോടെ 12 റൺസുമായി വൃദ്ധിമാൻ സാഹ, 16 പന്തിൽ ഓരോ സിക്സും ഫോറും സഹിതം ദസുൻ ശനക, 10 പന്തിൽ ഒരു സിക്സ് സഹിതം 14 റൺസെടുത്ത വിജയ് ശങ്കർ എന്നിവരാണ് ഗുജറാത്ത് നിരയിൽ രണ്ടക്കം കണ്ട മറ്റുള്ളവർ.

16–ാം ഓവറിൽ പതിരണയ്‌ക്കെതിരെ ഒരു സിക്സും ഫോറും സഹിതം 13 റൺസും, 17–ാം ഓവറിൽ ദേശ്പാണ്ഡെയ്‌ക്കെതിരെ രണ്ടു സിക്സും ഒരു ഫോറും സഹിതം 19 റൺസും ഉൾപ്പെടെ ഏഴാം വിക്കറ്റിൽ വെറും 18 പന്തിൽ 38 റൺസ് അടിച്ചെടുത്ത റാഷിദ് ഖാൻ – വിജയ് ശങ്കർ സഖ്യം മാത്രമാണ് ചെന്നൈയെ കുറച്ചെങ്കിലും വിറപ്പിച്ചത്. 18–ാം ഓവറിൽ വിജയ് ശങ്കറിനെ പുറത്താക്കി പതിരണയാണ് ചെന്നൈയെ വിജയവഴിയിലേക്ക് തിരിച്ചെത്തിച്ചത്. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (ഏഴു പന്തിൽ എട്ട്), ഡേവിഡ് മില്ലർ (ആറു പന്തിൽ നാല്), രാഹുൽ തെവാത്തിയ (അഞ്ച് പന്തിൽ മൂന്ന്), ദർശൻ നൽകണ്ഡെ (0), മുഹമ്മദ് ഷമി (അഞ്ച് പന്തിൽ അഞ്ച്) എന്നിവർ നിരാശപ്പെടുത്തി. നൂർ അഹമ്മദ് അഞ്ച് പന്തിൽ ഏഴു റൺസുമായി പുറത്താകാതെ നിന്നു.

ചെന്നൈയ്ക്കായി രവീന്ദ്ര ജഡേജ നാല് ഓവറിൽ 18 റൺസ് വഴങ്ങിയും മഹീഷ് തീക്ഷണ നാല് ഓവറിൽ 28 റൺസ് വഴങ്ങിയും ദീപക് ചാഹർ നാല് ഓവറിൽ 29 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മതീഷ പതിരണ നാല് ഓവറിൽ 28 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു.

∙ ചെന്നൈയ്ക്ക് രക്ഷകനായി ഗെയ്ക്‌വാദ്

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങി ചെന്നൈ, നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 172 റൺസെടുത്തത്.‌ അർധസെഞ്ചറി നേടിയ ഓപ്പണർ ഋതുരാജ് ഗെയ്ക്‌വാദ് ഒരിക്കൽക്കൂടി ചെന്നൈയുടെ ടോപ് സ്കോററായി. 44 പന്തുകൾ നേരിട്ട ഗെയ്ക്‌വാദ് ഏഴു ഫോറും ഒരു സിക്സും സഹിതം അടിച്ചുകൂട്ടിയത് 60 റൺസ്. ഗുജറാത്തിനെതിരായ മത്സരങ്ങളിൽ മികച്ച ഫോം പുറത്തെടുക്കാറുള്ള ഗെയ്ക്‌വാദ് അവർക്കെതിരെ നേടുന്ന നാലാം അർധസെഞ്ചറി കൂടിയാണിത്. ഈ സീസണിൽ ഗെയ്ക്‌വാദിന്റെ നാലാം അർധസെഞ്ചറിയെന്ന പ്രത്യേകതയുമുണ്ട്. ഡിവോൺ കോൺവേ 34 പന്തിൽ നാലു ഫോറുകളോടെ 40 റൺസെടുത്ത് പുറത്തായി. അജിൻക്യ രഹാനെ (10 പന്തിൽ ഒരു സിക്സ് സഹിതം 17), അമ്പാട്ടി റായുഡു (ഒൻപതു പന്തിൽ ഓരോ സിക്സും ഫോറും സഹിതം 17) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

രവീന്ദ്ര ജഡേജ 16 പന്തിൽ രണ്ടു ഫോറുകൾ സഹിതം 22 റൺസുമായി അവസാന പന്തിൽ പുറത്തായി. അതേസമയം, ശിവം ദുബെ (മൂന്നു പന്തിൽ ഒന്ന്), മഹേന്ദ്ര സിങ് ധോണി (രണ്ടു പന്തിൽ ഒന്ന്) എന്നിവർ നിരാശപ്പെടുത്തി. മോയിൻ അലി നാലു പന്തിൽ ഒരു സിക്സ് സഹിതം ഒൻപതു റൺസുമായി പുറത്താകാതെ നിന്നു.

ഓപ്പണിങ് വിക്കറ്റിൽ ഗെയ്ക്‌വാദ് – കോൺവേ സഖ്യം 63 പന്തിൽ കൂട്ടിച്ചേർത്ത 87 റൺസാണ് ചെന്നൈ ഇന്നിങ്സിന്റെ നട്ടെല്ല്. തകർത്തടിച്ച ഗെയ്ക്‌വാദിന്റെയും, പതിവു താളം കണ്ടെത്താനായില്ലെങ്കിലും 16–ാം ഓവർ വരെ ക്രീസിൽനിന്ന സഹ ഓപ്പണർ ഡിവോൺ കോൺവേയുടെയും മികവിലാണ്, ഇന്നിങ്സിന്റെ ആദ്യ പകുതി ചെന്നൈ കയ്യടക്കിയത്. ഓപ്പണിങ് വിക്കറ്റിൽ ചെന്നൈയ്ക്കായി ഒൻപതാം അർധസെഞ്ചറി കൂട്ടുകെട്ട് തീർത്ത ഗെയ്ക്‌വാദ് – കോൺവേ സഖ്യത്തിന്റെ മികവിൽ, 10 ഓവർ പൂർത്തിയാകുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 85 റൺസ് എന്ന നിലയിലായിരുന്നു ചെന്നൈ. മികച്ച സ്കോർ കുറിക്കുമെന്ന് തോന്നിച്ച നിമിഷം. ഓപ്പണർമാർ മികവു കാട്ടിയതോടെ ഈ സീസണിൽ പവർപ്ലേയിൽ ചെന്നൈ നഷ്ടമാക്കിയത് വെറും 9 വിക്കറ്റുകൾ മാത്രമാണ്. സീസണിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണിത്.

എന്നാൽ, ചെന്നൈ ഇന്നിങ്സിന്റെ രണ്ടാം പകുതിയിൽ കണ്ടത് ഗുജറാത്തിന്റെ ശക്തമായ തിരിച്ചുവരവ്. 10 വിക്കറ്റും കയ്യിലിരിക്കെ അടുത്ത 10 ഓവറിൽ അവർക്കു നേടാനായത് 87 റൺസ് മാത്രം. നഷ്ടമാക്കിയത് ഏഴു വിക്കറ്റുകളും! 11–ാം ഓവറിൽ അപകടകാരിയായ ഗെയ്ക്‌വാദിനെ പുറത്താക്കി മോഹിത് ശർമ തുറന്നുകൊടുത്ത വഴിയിലൂടെ, മറ്റു ഗുജറാത്ത് ബോളർമാർ ചെന്നൈയെ വരിഞ്ഞുമുറുക്കുകയായിരുന്നു. ഗുജറാത്തിനായി മുഹമ്മദ് ഷമി നാല് ഓവറിൽ 28 റൺസ് വഴങ്ങിയും മോഹിത് ശർമ നാല് ഓവറിൽ 31 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. നൂർ അഹമ്മദ് നാല് ഓവറിൽ 29 റൺസ് വഴങ്ങിയും റാഷിദ് ഖാൻ നാല് ഓവറിൽ 37 റൺസ് വഴങ്ങിയും ദർശൻ നാൽകണ്ഡെ നാല് ഓവറിൽ 44 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here