ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ടീമിൽ മുംബൈയുടെ രാജസ്ഥാൻ റോയൽസ് യുവതാരം യശസ്വി ജയ്സ്വാളിന് ഇടം. റിസർവ് നിരയിൽ, പകരക്കാരനായാണ് താരം ലണ്ടനിലേക്ക് പറക്കുക. റിസർവ് നിരയിലുണ്ടായിരുന്ന മഹാരാഷ്ട്രയുടെ ചെന്നൈ സൂപ്പർ കിംഗ്സ് താരം ഋതുരാജ് ഗെയ്ക്‌വാദ് തൻ്റെ വിവാഹമായതിനാൽ ടൂർണമെൻ്റിൽ നിന്ന് പിന്മാറിയിരുന്നു. ഇതോടെയാണ് ജയ്സ്വാളിന് ഇടം ലഭിച്ചത്. ജൂൺ മൂന്നിനാണ് ഋതുരാജിൻ്റെ വിവാഹം. ജൂൺ ഏഴിനാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആരംഭിക്കുക. വിവിധ ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തു.

ഐപിഎലിൽ തകർപ്പൻ പ്രകടനം നടത്തിയെങ്കിലും അതുകൊണ്ട് മാത്രമല്ല, ജയ്സ്വാളിനെ റിസർവ് നിരയിൽ പരിഗണിച്ചത്. ആഭ്യന്തര മത്സരങ്ങളിൽ സമാനതകളില്ലാത്ത പ്രകടനമാണ് ജയ്സ്വാൾ നടത്തുന്നത്. 15 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 80.21 ശരാശരിയും 9 സെഞ്ചുറികളും രണ്ട് അർദ്ധസെഞ്ചുറികളും ഉൾപ്പെടെ 1845 റൺസാണ് താരത്തിൻ്റെ സമ്പാദ്യം. രഞ്ജി, ദുലീപ് ട്രോഫി, ഇറാനി ട്രോഫി എന്നീ ടൂർണമെൻ്റുകളിലെല്ലാം താരത്തിന് ഇരട്ടസെഞ്ചുറികളുണ്ട്. ഇറാനി കപ്പിൽ ഇരട്ട സെഞ്ചുറിയും സെഞ്ചുറിയും താരം നേടിയിരുന്നു. ഇക്കഴിഞ്ഞ ഐപിഎലിൽ 14 ഇന്നിംഗ്സുകളിൽ നിന്ന് 625 റൺസാണ് ജയ്സ്വാൾ നേടിയത്.

ഇന്ത്യക്കായി ഇതുവരെ അരങ്ങേറിയിട്ടില്ലെങ്കിലും വരും തലമുറയിൽ മൂന്ന് ഫോർമാറ്റിലും കളിക്കാനിടയുള്ള താരമായാണ് ജയ്സ്വാളിനെ വിലയിരുത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here