ലണ്ടൻ ∙ ക്രിക്കറ്റിൽ നാളെ മുതൽ ആവേശത്തിന്റെ കനലെരിഞ്ഞു തുടങ്ങുന്നു. ചാരം സാക്ഷിയാണെങ്കിലും ചാരമായി മാറാതിരിക്കുന്നുള്ള ശ്രമത്തിൽ ഇംഗ്ലണ്ടും ഓസ്ട്രേലിയയും നേർക്കുനേർ എത്തുമ്പോൾ ഇരു നായകർക്കും തീർക്കാനുണ്ട് ഒട്ടേറെ കണക്കുകൾ. പരമ്പരയിലെ ആദ്യ ടെസ്റ്റ് നാളെ കാർഡിഫിൽ തുടങ്ങും.

ഇംഗ്ലണ്ട് നായകൻ അലസ്റ്റയർ കുക്ക് ആണ് കൂടുതൽ സമ്മർദത്തിൽ. 2013-14ൽ ഒ‌ാസ്ട്രേലിയയിൽ പോയി സമ്പൂർണ തോൽവി ഏറ്റുവാങ്ങിയതിന്റെ നാണക്കേട് ഇനിയും ഒഴിഞ്ഞിട്ടില്ല. ഫോം അത്രയ്ക്കു പോരാ. നേട്ടങ്ങൾ കൊണ്ട് അനുഗൃഹീതമായ തന്റെ രാജ്യാന്തര കരിയറിനു തൊങ്ങൽ ചാർത്താൻ ഓസ്ട്രേലിയൻ നായകൻ മൈക്കൽ ക്ലാർക്കിന് ഇംഗ്ലണ്ടിൽ ഒരു വിജയം അനിവാര്യം. മുൻപു മൂന്നു തവണയും ഇംഗ്ലണ്ടിൽ പോയപ്പോൾ തോൽവി ഏറ്റുവാങ്ങാനായിരുന്നു ക്ലാർക്കിന്റെ വിധി.

തന്ത്രമികവിൽ ക്ലാർക്കാണു മുന്നിൽ. അതിനു സാക്ഷ്യം പറയാൻ നേട്ടങ്ങളുടെ ശേഷിപ്പുകൾ ഒട്ടേറെയുണ്ടെങ്കിലും ക്ലാർക്കിന്റെ ചെറുപ്രായത്തിൽ തന്നെ മികവു തിരിച്ചറിഞ്ഞ ലോകത്തിലെ എക്കാലത്തെയും മികച്ച ലെഗ് സ്പിന്നർ ഷെയ്ൻ വോണിന്റെ വാക്കുകൾ കൂടുതൽ ശ്രദ്ധേയമാണ്. 2004ൽ ഇംഗ്ലിഷ് കൗണ്ടി ഹാംഷെറിൽ ഒരുമിച്ചു കളിക്കുമ്പോൾ സ്‌ലിപ്പിലായിരുന്നു ഇരുവരും ഫീൽഡ് ചെയ്തത്. ‘‘ഞങ്ങൾ അടുത്താണ് നിൽക്കുന്നത്. ദിവസം മുഴുവൻ ക്ലാർക്കിനു പറയാനുണ്ടായിരുന്നത് ടീമിനെ നയിക്കുന്ന തന്ത്രങ്ങളെക്കുറിച്ചായിരുന്നു. ഇത്രയും ചെറുപ്രായത്തിൽ തന്നെ അനുഗൃഹീത ക്രിക്കറ്റ് ബുദ്ധികൊണ്ട് സമ്പന്നനാണ് ക്ലാർക്കെന്ന് എനിക്കു തോന്നിയിരുന്നു.’’- വോൺ പറയുന്നു.

പക്ഷേ, ഓസ്ട്രേലിയൻ ടീമിന്റെ പൂർണ പി‌ന്തുണ പലപ്പോഴും ക്ലാർക്കിനു ലഭിച്ചില്ല. 2013 ആഷസിനു പിന്നാലെ മിക്കി ആർതർ മാറി ഡാരൻ ലീമാൻ കോച്ചായി എത്തിയതു ടീമിന്റെ ഒത്തൊരുമയ്ക്കു കാരണമായി. എന്നാൽ, ടീമിൽ കുക്ക് എക്കാലവും സർവ സമ്മതനായിരുന്നു. കലാപമുണ്ടാക്കി ടീമിൽ നിന്നിറങ്ങിപ്പോയ കെവിൻ പീറ്റേഴ്സൻപോലും കുക്കിനെതിരെ വ്യക്തിപരമായ ആക്രമണങ്ങൾക്കു മുതിർന്നില്ല.

ട്രെവർ ബേലിസ് പരിശീലക സ്ഥാനത്ത് എത്തിയശേഷം ഇംഗ്ലണ്ടിന്റെ ആദ്യ ആഷസ് പരമ്പരയാണെന്ന പ്രത്യേകതയും ഇതിനുണ്ട്. പല്ലിനു പല്ലുമായി എതിർത്താൽ മാത്രമേ ഓസ്ട്രേലിയയിൽനിന്ന് ആഷസ് തിരിച്ചു പിടിക്കാൻ ഇംഗ്ലണ്ടിനു കഴിയൂ എന്നു കോച്ച് തന്നെ പറയുന്നു. ആക്രമണ ശൗര്യമുള്ള തന്ത്രങ്ങൾ കോച്ച് ഒരുക്കുമ്പോൾ അതിനൊത്തു പോകുന്ന രീതിയല്ല കുക്കിന്റേത് എന്ന വിലയിരുത്തലും ഉയരുന്നുണ്ട്.

വെസ്റ്റ് ഇൻഡീസിനെതിരെ അന്നാട്ടിലും ന്യൂസീലൻഡിനെതിരെ ലോർഡ്സിലും നേടിയ സെഞ്ചുറികൾ കുക്ക് വീണ്ടും ഫോമിലെത്തുന്നതിന്റെ ശുഭലക്ഷണമാണ്. വ്യക്തിപരമായ ഫോമിനെ ആശ്രയിച്ചാണു കുക്കിന്റെ കളിക്കളത്തിലെ തന്ത്രങ്ങളുടെ മൂർച്ചയും. വിഭവങ്ങളുടെ ധാരാളിത്തം പേസ് ബോളിങ് വിഭാഗത്തിലെങ്കിലും ക്ലാർക്കിന് അവകാശപ്പെടാം. അതുകൊണ്ടുതന്നെ തന്ത്രങ്ങളിൽ കുറച്ചുകൂടി ആക്രമണസ്വഭാവമുണ്ട്.

എന്നാൽ, എസക്സിനെതിരായ അവസാന പരിശീലന മൽസരത്തിൽ നേഥൻ ലയൺ അടികൊണ്ടു വലഞ്ഞപ്പോൾ പ്രതിരോധ ഫീൽഡൊരുക്കിയതു ക്ലാർക്കിന്റെ പരിമിതികൾക്കും തെളിവാണ്. ക്യാപ്റ്റൻസിയെ സംബന്ധിച്ചു മുൻ ഓസ്ട്രേലിയൻ നായകൻ റിച്ചി ബെനോഡിന്റെ വാക്കുകൾ ഏറെ ശ്രദ്ധേയമാണ്. ‘‘ക്യാപ്റ്റൻസി 90% ഭാഗ്യവും 10% മികവുമാണ്. എന്നാൽ, ആ 10% ഇല്ലാത്തവർ 90 ശതമാനത്തിനു ശ്രമിക്കാതിരിക്കുന്നതാണ് ബുദ്ധി.’’

LEAVE A REPLY

Please enter your comment!
Please enter your name here