ഡല്‍ഹി ഡൈനാമോസിനെ തറപറ്റിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍ പ്രവേശിച്ചതോടെ ഐ.എസ്.എല്‍ മൂന്നാം സീസണ്‍ ഒന്നാം സീസണിന്റെ തനിയാവര്‍ത്തനമാവുന്നു. ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും ഉടമകളായ ടീമിനാണ് ഐ.എസ്.എല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധകരുമുള്ളതും. ഇനി ആരാധക ലക്ഷങ്ങളുടെ ആരവങ്ങള്‍ക്കിടയില്‍ കൊച്ചിയില്‍ ഞായറാഴ്ച നടക്കുന്ന പോരാട്ടത്തില്‍ മഞ്ഞപ്പട കപ്പില്‍ മുത്തമിടേണ്ടിയിരിക്കുന്നു.

കൊല്‍ക്കത്തയുടെ ഫൈനല്‍ പ്രവേശം അനായാസമായിരുന്നെങ്കിലും കേരളത്തിന്റെ ഫൈനല്‍ പ്രവേശം കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും അതിലുപരി ഭാഗ്യത്തിന്റെയും വഴിയേയുണ്ടായതാണ്.

കൊച്ചിയില്‍ നടന്ന ആദ്യപാദ മത്സരത്തില്‍ കേരളം ഡല്‍ഹിക്കെതിരെ വിജയം കൊയ്‌തെങ്കിലും ഇന്നു ഡല്‍ഹിയില്‍ നടന്ന മത്സരം നിര്‍ണായകമായിരുന്നു. വിടില്ലെന്ന മട്ടിലുള്ള ഡല്‍ഹിയുടെ കളിയും ആക്രമണ ശൈലിയും കളിയിലുടനീളം കേരളത്തിനെ ശരിക്കും മുള്‍മുനയില്‍ നിര്‍ത്തുന്നതായിരുന്നു.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ മൂന്നാമത്തെ സീസണില്‍ ചരിത്രം സൃഷ്ടിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍ പ്രവേശിച്ചു. ഡല്‍ഹിക്കെതിരെ നടന്ന ആവേശകരമായ രണ്ടാം പാദ സെമിയില്‍ ഉദ്യോഗജനമായ രംഗങ്ങള്‍ക്കൊടുവിലാണ് കേരളം ഡല്‍ഹിയുടെ പരിപ്പിളക്കിയത്. കളിയുടെ മുഴുവന്‍ സമയവും പിന്നിട്ടപ്പോള്‍ ഡല്‍ഹി ഒരു ഗോളിനു മുന്നിട്ടു നില്‍ക്കുകയും അഗ്രഗേറ്റ് ഗോളില്‍ സമനില പാലിക്കുകയുമായിരുന്നു.

ഇതോടെ അരമണിക്കൂര്‍ അധികസമയം അനുവദിച്ചെങ്കിലും പക്ഷെ, ആര്‍ക്കും ലീഡ് ഗോള്‍ നേടാനായില്ല. പിന്നീട് ആവേശകരമായ ഷൂട്ടൗട്ടിലേക്ക് കളി നീങ്ങി. പിന്നെയുള്ളതെല്ലാം കേരളത്തിന്റെ സമയമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here