മുംബൈ : സ്വകാര്യതയെക്കുറിച്ചുള്ള ചർച്ചകൾ നടക്കവേ, 500 ദശലക്ഷം ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ മൊബൈൽ ഫോൺ നമ്പറുകൾ ടെലഗ്രാമിൽ വിൽപനയ്ക്ക്. ടെലഗ്രാം ബോട്ടിലൂടെയാണു ഫോൺ നമ്പറുകൾ വിൽക്കാൻ വച്ചിരിക്കുന്നതെന്നാണു മദർബോർഡ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ ആറു ലക്ഷത്തോളം ഇന്ത്യക്കാരുടെ നമ്പരുമുണ്ടെന്നു സുരക്ഷാ ഗവേഷകൻ അലോൺ ഗാൽ അഭിപ്രായപ്പെട്ടു. വിഷയം ആദ്യമായി ട്വിറ്ററിലൂടെ പുറംലോകത്തെ അറിയിച്ചത് അലോൺ ഗാൽ ആണ്. ഫെയ്സ്ബുക്കിന്റെ ദൗർബല്യം മുതലെടുത്തു പ്രവർത്തിക്കുന്ന ബോട്ടിനെക്കുറിച്ചു 2020ൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതു താൽക്കാലികമായി പരിഹരിച്ചെന്നാണു കമ്പനി അറിയിച്ചത്. എന്നാൽ, എല്ലാ രാജ്യങ്ങളിലെയും ഫെയ്സ്ബുക് അക്കൗണ്ടുമായി ലിങ്കുചെയ്തിട്ടുള്ള ഫോൺ നമ്പറുകൾ ഇപ്പോഴും ആർക്കും സ്വന്തമാക്കാൻ കഴിയുമെന്നാണു തെളിയുന്നത്. ഈ ഡേറ്റാബേസ് വിൽപനയ്ക്കു വച്ചിരിക്കുന്നു എന്നതും ഗൗരവതരമാണ്.

ഇന്ത്യയുൾപ്പെടെ നൂറിലധികം രാജ്യങ്ങളിൽനിന്നുള്ള ഉപയോക്താക്കളെ ഇത് ബാധിച്ചു. മദർബോർഡ് പറയുന്നതിനുസരിച്ച്, ഫോൺ നമ്പർ ഉണ്ടെങ്കിൽ, ടെലഗ്രാം ബോട്ടിന്റെ സഹായത്തോടെ അവർക്ക് ആ നമ്പറിലെ ഫെയ്സ്ബുക് ഉപയോക്തൃ ഐഡി കണ്ടെത്താനാകും. ഇതിലേക്ക് ആക്സസ് കിട്ടണമെങ്കിൽ ടെലിഗ്രാം ബോട്ട് സൃഷ്ടിച്ചയാൾക്കു പണം നൽകണം. ഒരു ഫോൺ നമ്പർ അഥവാ ഫെയ്സ്ബുക് ഐഡി 20 ഡോളറിനാണു വിൽക്കുന്നത്. ഇന്ത്യയിൽ ഏകദേശം 1460 രൂപ.

ഉപയോക്താക്കളുടെ ഡേറ്റ മൊത്തത്തിലും വിൽക്കുന്നുണ്ട്; 10,000 ക്രെഡിറ്റുകൾക്ക് 5,000 ഡോളർ (ഏകദേശം 3,65,160 രൂപ). സമാന സുരക്ഷാപ്രശ്നം ഇതാദ്യമല്ല. സുരക്ഷിതമല്ലാത്ത സെർവറിൽ 419 ദശലക്ഷം ഫെയ്സ്ബുക് ഉപയോക്താക്കളുടെ മൊബൈൽ നമ്പറുകൾ കണ്ടെത്തിയതായി 2019 ൽ റിപ്പോർട്ടുണ്ടായിരുന്നു. ഇതു കമ്പനി സമ്മതിക്കുകയും പിന്നീട് പരിഹരിക്കുകയും ചെയ്തു. 2019 മുതലുള്ള ഡേറ്റയാണു ടെലിഗ്രാമിൽ വിൽക്കുന്നത്. ഭൂരിപക്ഷം ആളുകളും ഓരോ വർഷവും ഫോൺ നമ്പറുകൾ അപ്‌ഡേറ്റ് ചെയ്യാത്തതിനാൽ ഈ വിവരങ്ങൾ കൃത്യമായിരിക്കും എന്നതാണു ശ്രദ്ധേയം.

LEAVE A REPLY

Please enter your comment!
Please enter your name here