എവിടെയും സംസാരവിഷയം ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കുറിച്ചാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നമ്മുടെ സമൂഹത്തിന്റെ വലിയൊരു ഭാഗമാകാനുള്ള തയ്യാറെടുപ്പിലാണ്. ഇന്ന്, സമൂഹമാധ്യമങ്ങളിലൂടെ AIയുടെ അനന്ത സാദ്ധ്യതകൾ വളരെയേറെ ചർച്ചയാകുന്നുണ്ട്. AI യുടെ സൃഷ്ടികളും ആളുകൾക്കിടയിൽ ഏറെ ശ്രദ്ധനേടുന്നുണ്ട്. അതിൽ ഏറ്റവും പുതിയതാണ് സ്മാര്‍ട് ഫോണും സെല്‍ഫി ക്യാമറയുമൊന്നുമില്ലാതിരുന്ന കാലത്തെ ലോകം ആദരിച്ചിരുന്ന വ്യക്തിത്വങ്ങള്‍ സെല്‍ഫി എടുത്താല്‍ എങ്ങനെയിരിക്കും എന്നത്. മലയാളി ജ്യോ ജോണ്‍ മുല്ലൂർ ആണ് ഈ സെല്‍ഫി സീരീസ് തയ്യാറാക്കിയിരിക്കുന്നത്. 

മഹാത്മാഗാന്ധിയും കാള്‍മാക്‌സും ചെഗുവേരയും അംബേദ്കറും നെഹ്‌റുവും സ്റ്റാലിനും എബ്രഹാം ലിങ്കണും ഐന്‍സ്റ്റീനുമെല്ലാം ഈ സെല്‍ഫി ചിത്രങ്ങളിലുണ്ട്. ഗാന്ധിയുടെ നരച്ച ചെറു താടി രോമം മുതല്‍ നിഷ്‌കളങ്കമായ ചിരി വരെയും ഒപ്പം നില്‍ക്കുന്നവരുടെ വസ്ത്രധാരണവും പ്രത്യേകതകളുമെല്ലാം ഭൂതകാലത്തില്‍ നിന്നുള്ള ഈ സെല്‍ഫി ചിത്രങ്ങളില്‍ കാണാം. സൂഷ്മമായ ഈ വിശദാംശങ്ങളാണ് ജ്യോ ജോണിന്റെ സെല്‍ഫി സീരീസിനെ ശ്രദ്ധേയമാക്കുന്നത്.

എന്തുതന്നെയാണെങ്കിലും ഈ സെൽഫി സീരീസ് ആളുകൾക്കിടയിൽ കൗതുകമായിരിക്കുകയാണ്. നിര്‍മിത ബുദ്ധി ഉപയോഗിച്ച് ചിത്രങ്ങള്‍ ഒരുക്കാന്‍ സഹായിക്കുന്ന മിഡ്‌ജേണി എന്ന എ.ഐ സോഫ്റ്റ്‌വെയറും ഫോട്ടോഷോപ്പും ഉപയോഗിച്ചാണ് ചിത്രങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. ഇന്‍സ്റ്റന്റ് മെസേജിങ് സോഷ്യല്‍ പ്ലാറ്റ്‌ഫോമായ ഡിസ്‌കോര്‍ഡില്‍ മിഡ് ജേണി ബോട്ട് ഉപയോഗിച്ച് സമാനമായ എ.ഐ ചിത്രങ്ങള്‍ നിര്‍മിക്കാനാവും.

ദേശീയ രാജ്യാന്തര മാധ്യമങ്ങളടക്കം ഈ സെല്‍ഫി സീരീസ് ചർച്ചയായിട്ടുണ്ട്. സെല്‍ഫി സീരീസ് ഹിറ്റായതോടെ ജ്യോ ജോണിന്റെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം കുത്തനെ വര്‍ധിക്കുകയും ചെയ്തു. ഡിജിറ്റല്‍ കലാകാരനായ ജ്യോ ജോണ്‍ നിര്‍മിച്ച ചിത്രങ്ങളും സീരീസുകളും നേരത്തെയും ശ്രദ്ധേയമായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here