ആഷാ മാത്യു

യുണൈറ്റഡ് നഴ്സസ് അസ്സോസിയേഷന്‍, യു.എന്‍.എ യുടെ ആദ്യത്തെ ഇന്റര്‍നാഷണല്‍ സമ്മേളനം മെയ് 12ന് കാനഡയില്‍ വെച്ച് നടക്കുമെന്ന് സംഘടനയുടെ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ എം അറിയിച്ചു. കാനഡയില്‍ യുഎന്‍എയുടെ ഔദ്യോഗിക ഉദ്ഘാടനവും പ്രഥമ സമ്മേളനവുമാണ് നടക്കുന്നത്. സമ്മേളനത്തില്‍ വെച്ച് ഇന്‍ര്‍നാഷണല്‍ ലീഡേഴ്‌സിനെ തിരഞ്ഞെടുക്കും. കാനഡയില്‍ നോണ്‍ പ്രോഫിറ്റഡ് ഓര്‍ഗനൈസേഷനായി പ്രവര്‍ത്തിക്കുന്നതിന് യുഎന്‍എയ്ക്ക് ഔദ്യോഗിക അനുമതി ലഭിച്ചിട്ടുണ്ട്. 14 രാജ്യങ്ങളില്‍ യുഎന്‍എയ്ക്ക് ഇന്ത്യന്‍ എംബസി അഫിലിയേഷന്‍ നല്‍കിയിട്ടുണ്ട്. എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ കാനഡയില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കും. ഇന്ത്യയില്‍ നിന്നുള്ള മന്ത്രിമാരും മറ്റ് ജനപ്രതിനിധികളും പെന്‍സില്‍വാനിയ നഴ്‌സിംഗ് ബോര്‍ഡ് ഓഫ് ഡയറക്ടേര്‍സ് അംഗവും മലയാളിയുമായ ബ്രിജിറ്റ് വിന്‍സെന്റും പ്രത്യേക ക്ഷണപ്രകാരം സമ്മേളനത്തില്‍ പങ്കെടുക്കും.

അതേസമയം ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തില്‍ വര്‍ദ്ധനവാവശ്യപ്പെട്ട് കേരളത്തില്‍ യുഎന്‍എയുടെ നേതൃത്വത്തില്‍ സമര പരിപാടികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് ജാസ്മിന്‍ ഷാ പറഞ്ഞു. കേരളത്തില്‍ മൂന്ന് വര്‍ഷം കൂടുമ്പോള്‍ നഴ്സുമാരുടെ ശമ്പളത്തില്‍ വര്‍ദ്ധനവുണ്ടാകണമെതാണ് നിയമം. അടിസ്ഥാന ശമ്പളത്തിന്റെ കുറഞ്ഞ കാലാവധി മൂന്നു വര്‍ഷവും കൂടിയ സമയ പരിധി അഞ്ച് വര്‍ഷവുമാണ്. കേരളത്തില്‍ 2017 ഒക്ടോബര്‍ ഒന്നിനാണ് അവസാനമായി ശമ്പള വര്‍ധനവുണ്ടായത്. നിയമപ്രകാരം 2020 ഒക്ടോബര്‍ ഒന്നിന് ഇത് പുതുക്കേണ്ടതായിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും ശമ്പളം പുതുക്കി നല്‍കിയിട്ടില്ല. അടിയന്തരമായി ശമ്പള വര്‍ദ്ധനവ് അനുവദിക്കണമെന്നും ആരോഗ്യ മേഖലയില്‍ നിന്ന് കോണ്‍ട്രാക്ട് ലേബര്‍ എടുത്തുകളയണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരളത്തില്‍ സമരം നടത്താനൊരുങ്ങുകയാണ് യുഎന്‍എ.

യാതൊരു കാരണവശാലും ആശുപത്രികളില്‍ കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ നഴ്സുമാരെ അപ്പോയിന്റ് ചെയ്യാന്‍ പാടില്ല എന്നും എത്രയും പെട്ടന്ന് ശമ്പളം പുതുക്കി നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് സമരം സംഘടിപ്പിക്കുന്നത്. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് യുഎന്‍എയുടെ നേതൃത്വത്തില്‍ ലോക്മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ നാല് മുതല്‍ ത്രിശ്ശൂരില്‍ നിന്ന് കാല്‍നടയായി തിരുവനന്തപുരത്തേക്കാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. യുഎന്‍എയുടെ കീഴിലുള്ള കേരളത്തിലെ മുഴുവന്‍ ആശുപത്രികളില്‍ നിന്നായി ഒന്നര ലക്ഷത്തോളം നഴ്സുമാര്‍ മാര്‍ച്ചില്‍ പങ്കെടുക്കും. നിലവില്‍ നാന്നൂറിലധികം ആശുപത്രികളാണ് കേരളത്തില്‍ യുഎന്‍എയുടെ കീഴിലുള്ളത്. സംസ്ഥാനത്തെ മൊത്തം നഴ്സുമാരുടെ എണ്ണമെടുത്താല്‍ അതില്‍ 90ശതമാനവും ഈ ആശുപത്രികളിലാണുള്ളത്.

നഴ്സിംഗ് മേഖലയില്‍ മുന്‍പ് നിലനിന്നിരുന്ന ബോണ്ട് വ്യവസ്ഥയ്ക്കും വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചു വെക്കുന്ന സ്ഥിതിക്കും മാറ്റമുണ്ടായത് വളരെയധികമാളുകളുടെ പരിശ്രമങ്ങള്‍ക്കൊടുവിലാണ്. ഇതിനു ശേഷം ഇപ്പോഴുള്ള കോണ്‍ട്രാക്ട് ലേബര്‍ എന്ന സ്ഥിതി വിശേഷം ഒരു തരത്തിലും വിദ്യാര്‍ത്ഥികളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്ന് നഴ്സിംഗ് സമരത്തില്‍ കാര്യമായി ഇടപെട്ട വ്യക്തി എന്ന നിലയില്‍ പ്രവാസി മലയാളി കൂടിയായ വിന്‍സെന്റ് ഇമ്മാനുവല്‍ പറഞ്ഞു. നിലവില്‍ പല ആശുപത്രികളിലും അടിസ്ഥാന ശമ്പളമായി കാണിക്കുന്ന തുക നഴ്സുമാര്‍ക്ക് ലഭിക്കാറില്ല. 27000 രൂപ ശമ്പളം കാണിച്ചിട്ട് കയ്യില്‍ കിട്ടുന്നത് 21000 രൂപയാണ്. പല പേരുകളിട്ട് മാനേജ്മെന്റ് കട്ട് ചെയ്യുന്നത് 6000 രൂപയാണ്. എന്തിന്റെ പേരിലാണ് ഈ തുക കട്ട് ചെയ്യുന്നതെന്ന് ജീവനക്കാര്‍ക്ക് ആര്‍ക്കുമറിയില്ല.

ഏറ്റവും ഉയര്‍ന്ന ശമ്പളമായ 8000 രൂപയില്‍ നിന്ന് സര്‍ക്കാര്‍ വിജ്ഞാപനപ്രകാരം 20,000 രൂപയിലേക്ക് നഴ്സുമാരുടെ പ്രതിമാസ വേതനമെത്തിക്കാന്‍ കഴിഞ്ഞത് യുഎന്‍എ നടത്തിയ സമരങ്ങളുടെ ഫലമാണ്. ഇന്ന് കേരളത്തില്‍ പഠിച്ചിറങ്ങുന്ന നഴ്സുമാര്‍ ഒരാശുപത്രിയില്‍ ജോലി ചെയ്യുന്നത് കുറഞ്ഞത് രണ്ട് വര്‍ഷം മാത്രമാണെന്ന് യുഎന്‍എ പ്രസിഡന്റ് ജാസ്മിന്‍ ഷാ പറഞ്ഞു. അതിനുള്ളില്‍ നഴ്സുമാര്‍ക്ക് വിദേശ രാജ്യങ്ങളില്‍ അവസരം ലഭിക്കുകയും അവര്‍ കേരളം വിടുകയും ചെയ്യും. എന്നാല്‍ നിവൃത്തികേടു കൊണ്ടാണ് പലരും കേരളം വിടുന്നതെന്നും മാന്യമായ ശമ്പളം നല്‍കുകയാണെങ്കില്‍ പലരും ഇവിടെ തന്നെ നില്‍ക്കാന്‍ തയ്യാറാകുമെന്നും യുഎന്‍എ സംസ്ഥാന സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറും ത്രിശ്ശൂര്‍ ജില്ലാ കോഡിനേറ്ററുമായ നിതിന്‍ മോന്‍ സണ്ണി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here