പുതിയ സാമ്പത്തികവര്‍ഷത്തില്‍ രാജ്യമൊട്ടാകെയായി 100 ഷോറൂമുകള്‍ തുറക്കാന്‍ ലക്ഷ്യം

ആദ്യവിദേശ ഷോറൂം ഏപ്രിലില്‍ യുകെയില്‍ തുറക്കും

കോഴിക്കോട്: കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലായി കേരളത്തില്‍ അഞ്ചു പുതിയ എക്സ്‌ക്ലൂസീവ് ഷോറൂമുകള്‍ തുറന്ന് പ്രമുഖ ബേബി കെയര്‍ ബ്രാന്‍ഡായ പോപ്പിസ് ബേബി കെയര്‍ പുതിയ സാമ്പത്തിക വര്‍ഷത്തിലെ വന്‍വികസന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. തിരുവനന്തപുരം നഗരത്തില്‍ എം.ജി റോഡ്, പത്തനംതിട്ടയില്‍ അടൂര്‍, മലപ്പുറം ജില്ലയില്‍ മലപ്പുറം, വളാഞ്ചേരി, കോഴിക്കോട് നഗരത്തില്‍ തൊണ്ടയാട് ബൈപ്പാസില്‍ ഐടി പാര്‍ക്കിനു സമീപം എന്നിവിടങ്ങളിലാണ് പുതിയ ബ്രാന്‍ഡ് ഷോറൂമുകള്‍ തുറന്നത്. 3000-ത്തിലധികം ച അടി വിസ്തൃതിയില്‍ മൂന്നു നിലകളിലായി പോപ്പിസിന്റെ ഏറ്റവും വലിയതും നാല്‍പ്പത്തിരണ്ടാമത്തെയും ഷോറൂമാണ് കോഴിക്കോട് ഐടി പാര്‍ക്കിനു സമീപം തുറന്നിരിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ ഷാജു തോമസ് പറഞ്ഞു.

2022-23 സാമ്പത്തികവര്‍ഷം രാജ്യമൊട്ടാകെയായി നൂറ് പുതിയ ഷോറൂമുകള്‍ തുറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കു പുറത്തുള്ള പോപ്പീസിന്റെ ആദ്യഷോറൂം യുകെയില്‍ ഏപ്രിലില്‍ പ്രവര്‍ത്തനമാരംഭിക്കും. ലണ്ടന്‍ നഗരത്തിലാണ് ഷോറും തുറക്കുന്നത്. വിവിധതാല്‍പ്പര്യക്കാരായ ആഗോള ഉപയോക്താക്കളുടെ അഭിരുചികള്‍ കണക്കിലെടുത്ത് ഏറ്റവും ട്രെന്‍ഡിയായ ചില്‍ഡ്രന്‍സ് ക്ലോത്തിംഗാണ് ലണ്ടനിലെ ഷോറൂമില്‍ അവതരിപ്പിക്കുകയെന്നും ഷാജു തോമസ് പറഞ്ഞു. ജിസിസി രാജ്യങ്ങളിലും കമ്പനിയുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കാന്‍ പരിപാടിയുണ്ട്.

വിപണനശൃംഖലയുടെ വികസനത്തിനു പുറമെ പുതിയ ബേബി കെയര്‍ ഉല്‍പ്പന്നങ്ങളും ഈ വര്‍ഷം അവതരിപ്പിക്കും. കുട്ടികളുടെ ഡയപ്പര്‍, ബേബി പൗഡര്‍, വെള്ളത്തില്‍ മുങ്ങിപ്പോകാത്ത മദര്‍ ബേബി ഫ്ളോട്ടിംഗ് സോപ്പ്, ഗ്ലിസറിന്‍ സോപ്പ് എന്നിവ ഏപ്രില്‍-മെയ് മാസങ്ങളില്‍ വിപണിയിലെത്തിക്കാന്‍ പോപ്പീസ് തയ്യാറെടുത്തു കഴിഞ്ഞു.

വിപണനശൃംഖലയുടെ വികസനം ഫ്രാഞ്ചൈസി മാതൃകയിലായിരിക്കുമെന്നും ഷാജു തോമസ് പറഞ്ഞു. കോവിഡ്ഭീതി ഒഴിഞ്ഞതിന്റെ പശ്ചാത്തലത്തില്‍ മികച്ച വളര്‍ച്ചാ സാധ്യതകളാണ് ചില്‍ഡ്രന്‍സ് ക്ലോത്തിംഗ്, ബേബി കെയര്‍ ഉല്‍പ്പന്നങ്ങളുടെ മേഖലയില്‍ പോപ്പീസ് പ്രതീക്ഷിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ അതത് പ്രദേശങ്ങളുടെ സ്വഭാവം പരിഗണിച്ച് വിവിധ വലിപ്പങ്ങളിലുള്ള ഫ്രാഞ്ചൈസികള്‍ക്ക് ഏറെ ആദായകരമായ പ്ലാനുകളാണ് തയ്യാറാക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

തിരുപ്പൂര്‍, ബംഗളൂരു, മലപ്പുറം ജില്ലയിലെ തിരുവാലി എന്നീ മൂന്നിടങ്ങളിലായി നിര്‍മാണ യൂണിറ്റുകളുള്ള കമ്പനി ഇ-കോമേഴ്‌സ് രംഗത്തെ സാന്നിധ്യം വിപൂലീകരിയ്ക്കാനും തയ്യാറെടുക്കുകയാണ്. പുതുതായി വരുന്ന ഒമ്‌നിചാനല്‍ പുതിയ ഒരു ഉപഭോക്തൃ അനുഭവമാണ് വാഗ്ദാനം ചെയ്യുന്നതെന്നും ഷാജു തോമസ് പറഞ്ഞു. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, അജിയോ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ ബ്രാന്‍ഡിന് നിലവിലുള്ള മികച്ച വളര്‍ച്ചയ്ക്കു പുറമേയാണിത്.

സ്വന്തം ബ്രാന്‍ഡില്‍ കുഞ്ഞുടുപ്പുകള്‍ വില്‍ക്കുന്ന അപൂര്‍വം ചില്‍ഡ്രന്‍ ക്ലോത്തിംഗ് നിര്‍മാതാക്കളിലൊന്നാണ് പോപ്പീസെന്നും ഷാജു തോമസ് ചൂണ്ടിക്കാണിച്ചു. ദക്ഷിണേന്ത്യയില്‍ നിരവധി ചില്‍ഡ്രന്‍ ക്ലോത്തിംഗ് നിര്‍മാതാക്കളുണ്ടെങ്കിലും വിദേശ ലേബലുകള്‍ക്കു വേണ്ടിയുള്ള കരാര്‍ നിര്‍മാണരംഗത്താണ് ഏറെ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്. ‘2005-ല്‍ കമ്പനി പ്രവര്‍ത്തനമാരംഭിച്ചതു മുതല്‍ ഗുണനിലവാരം, ഡിസൈനുകള്‍, മാര്‍ക്കറ്റിംഗ് മികവ് എന്നിവയിലുള്ള മികവും ആത്മവിശ്വാസമാണ് സ്വന്തം ബ്രാന്‍ഡിലൂടെയുള്ള വിപണനത്തിന് പ്രേരണയായത്’ ഷാജു തോമസ് വിശദീകരിച്ചു.

മൂന്ന് പ്ലാന്റുകളിലായി 2000-ത്തിലേറെപ്പേര്‍ ജോലി ചെയ്യുന്ന കമ്പനിക്ക് മാസം തോറും 5 ലക്ഷം ഗാര്‍മെന്റുകള്‍ നിര്‍മിക്കാന്‍ ശേഷിയുണ്ട്. ചില്‍ഡ്രന്‍ ക്ലോത്തിംഗിനു പുറമെ ഡെനിം ഗാര്‍മെന്റ്‌സ്, വൂവന്‍ ഫേബ്രിക്‌സ് ഗാര്‍മെന്റ്‌സ്, സ്ത്രീകള്‍ക്കുള്ള മറ്റേണിറ്റി വെയര്‍ എന്നിവയും നിര്‍മിക്കുന്നുണ്ട്. ദക്ഷിണേന്ത്യയില്‍ നിന്നുള്ള ആദ്യ ബേബി സോപ്പും ബ്രാന്‍ഡ് കഴിഞ്ഞ വര്‍ഷം വിപണിയിലിറക്കി. ബേബി ഓയില്‍, വൈപ്‌സ്, ബാത് ജെല്‍, ബേബി ഷാംപൂ എന്നിവയും ഈയിടെ തുടക്കമിട്ട ഉല്‍പ്പന്നവിഭാഗങ്ങളാണ്. ‘ഇന്ത്യയില്‍ ഇത്തരം എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും വരുംനാളുകളില്‍ വന്‍വളര്‍ച്ചയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. അതേ സമയം കയറ്റുമതിയില്‍ ക്ലോത്തിംഗ് ഉല്‍പ്പന്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നീക്കം. നിലവില്‍ 30-ഓളം രാജ്യങ്ങളിലേയ്ക്ക് കയറ്റുമതിയുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എക്‌സ്‌ക്ലൂസീവ് സ്റ്റോറുകള്‍ തുറന്ന് ഇത് വര്‍ധിപ്പിക്കാനും പരിപാടിയുണ്ട്,’ ഷാജു തോമസ് പറഞ്ഞു.


ഫോട്ടോ ക്യാപ്ഷന്‍: ഇന്ത്യയിലെ പ്രമുഖ ബേബി കെയര്‍ ബ്രാന്‍ഡായ പോപ്പിസ് ബേബി കെയറിന്റെ നാല്‍പ്പത്തിരണ്ടാമത് ഷോറൂം കോഴിക്കോട് തൊണ്ടയാട് ബൈപാസ് റോഡില്‍ ഐടി പാര്‍ക്കിനു സമീപം സെലിബ്രിറ്റി ആങ്കര്‍ ലക്ഷ്മി നക്ഷത്രയും ലക്കി ഡ്രോ വിജയി മാസ്റ്റര്‍ ധ്യാന്‍ കൃഷ്ണയും ചേര്‍ന്ന് ഉല്‍ഘാടനം ചെയ്യുന്നു. പോപ്പിസ് റീട്ടെയില്‍ എജിഎം ഷഫീക്ക്, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ എം പി സുരേഷ്, സുജാത കൂടത്തിങ്കല്‍, ഷിജു തോമസ്, പോപ്പിസ് മാനേജിംഗ് ഡയറക്ടര്‍ ഷാജു തോമസ്, ഡയറക്ടര്‍ ലിന്‍ഡ ഷാജു തുടങ്ങിയവര്‍ സമീപം

LEAVE A REPLY

Please enter your comment!
Please enter your name here