സോഷ്യൽ മീഡിയ സേവനമായ ട്വിറ്ററിനെ ഇലോൺ മസ്ക് ഏറ്റെടുക്കുകയാണെന്ന ഔദ്യോഗിക പ്രഖ്യാപനമുണ്ടായത് തിങ്കളാഴ്ചയാണ്. ഈ സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള അനേകം പ്രതികരണങ്ങൾ പുറത്തുവരുന്നുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം സംബന്ധിച്ച ഇലോൺ മസ്കിന്റെ നിലപാടുകളാണ് മുഖ്യമായും ചോദ്യം ചെയ്യപ്പെടുന്നത്.

ഇപ്പോഴിതാ അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് എങ്ങനെയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം.

“അഭിപ്രായ സ്വാതന്ത്ര്യം എന്നതുകൊണ്ട് ഞാൻ ലളിതമായി അർത്ഥമാക്കുന്നത് അത് നിയമത്തോട് യോജിക്കുന്നതായിരിക്കണം എന്നാണ്. നിയമം മറികടന്നുള്ള സെൻസർഷിപ്പിന് എതിരാണ് ഞാൻ. പരിമിതമായ അഭിപ്രായ സ്വാതന്ത്ര്യമാണ് ജനങ്ങൾ ആഗ്രഹിച്ചിരുന്നത് എങ്കിൽ അവർ ഭരണകൂടത്തോട് അതിന് വേണ്ടി നിയമം കൊണ്ടുവരാൻ ആവശ്യപ്പെടും. അതുകൊണ്ട്, തന്നെ നിയമം മറികടക്കുന്നത് ജനഹിതത്തിന് വിരുദ്ധമാണ്.” മസ്ക് തന്റെ പുതിയ ട്വീറ്റിൽ പറഞ്ഞു.

അതേസമയം, ഇലോൺ മസ്കിന്റെ ഈ വിശദീകരണം ചില മറുചോദ്യങ്ങളും ഉന്നയിക്കുന്നുണ്ട്. ഏത് നിയമത്തെയാണ് ഇലോൺ മസ്ക് ഉദ്ദേശിക്കുന്നത്? അഭിപ്രായ സ്വാതന്ത്ര്യം സംബന്ധിച്ച് ഒരോ രാജ്യത്തിനും ഓരോ നിയമങ്ങളും നിലപാടുകളുമാണുള്ളത്. അങ്ങനെയെങ്കിൽ ഏത് നിയമത്തെ ആധാരമാക്കിയാണ് ട്വിറ്റർ സെൻസർഷിപ്പ് പോളിസി നിർണയിക്കേണ്ടത്?

ആഗോളതലത്തിൽ ലഭ്യമാകുന്ന ഒരു സേവനം എന്ന നിലയിൽ മസ്ക് മുന്നോട്ട് വെക്കുന്ന രീതിയിലാണെങ്കിൽ ഓരോ രാജ്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യ നിയമങ്ങൾ ട്വിറ്റർ പാലിക്കേണ്ടതായി വരും. വിദ്വേഷ പ്രസംഗം പോലും ഓരോ രാജ്യവും ഓരോ രീതിയിലാണ് പരിഗണിക്കുന്നത്. ഈ സാഹചര്യത്തിലാണ് മസ്ക് ചുമലയേറ്റാൽ അഭിപ്രായ സ്വാതന്ത്ര്യം, സെൻസർഷിപ്പ്, വിദ്വേഷ പ്രസംഗം എന്നിവയിൽ ട്വിറ്റർ എന്ത് നിലപാട് സ്വീകരിക്കും എന്ന ചോദ്യമുയരുന്നത്.

ശ്രദ്ധേയമായ മറ്റൊരു കാര്യവും ഇതുമായി ബന്ധപ്പെട്ട് ഉണ്ടായി. ഇലോൺ മസ്ക് കമ്പനി ഏറ്റെടുത്തതിന് പിന്നാലെ നടന്ന ഒരു യോഗത്തിൽ ട്വിറ്ററിന്റെ നിലവിലെ ലീഗൽ ഹെഡ് വിജയ ഗഡ്ഡേ കരച്ചിലിന്റെ വക്കോളമെത്തിയെന്ന ഒരു വാർത്തയുണ്ടായിരുന്നു. സാഗർ എൻജെറ്റി എന്നയാൾ ഈ വാർത്തയുടെ സ്ക്രീൻ ഷോട്ട് ട്വീറ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here