ബംഗളൂരു: ഗതാഗതക്കുരുക്കില്‍ കുരുങ്ങി സമയം വൈകിയതോടെ അടിയന്തര ശസ്ത്രക്രിയ നടത്താനായി മൂന്ന് കിലോമീറ്റര്‍ ഓടി ആശുപത്രിയിലെത്തി ഡോക്ടര്‍. ബംഗളൂരുവിലെ സര്‍ജാപുരിലാണ് സംഭവം. മണിപ്പാല്‍ ആശുപത്രിയിലെ ഗാസ്‌ട്രോ എന്‍ട്രോളജിസ്റ്റ് ഡോക്ടര്‍ ഗോവിന്ദ് നന്ദകുമാറാണ് രോഗിക്കു വേണ്ടി ആശുപത്രിയിലേക്ക് ഓടിയെത്തിയത്. ആശുപത്രിയില്‍ കൃത്യസമയത്തെത്തി ശസ്ത്രക്രിയ വിജയകരമാക്കാനും ഡോക്ടര്‍ക്ക് കഴിഞ്ഞു.

കഴിഞ്ഞയാഴ്ചയുണ്ടായ സംഭവമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. പിത്താശയ രോഗം മൂലം ദുരിതമനുഭവിക്കുന്ന രോഗിക്കാണ് അടിയന്തര ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. കാര്‍ സര്‍ജാപുര- മാറത്തഹള്ളി റോഡില്‍ എത്തിയപ്പോള്‍ ട്രാഫിക്കില്‍ കുടുങ്ങി. ആശുപത്രിയിലേക്ക് 10 മിനുറ്റു ദൂരമേ ബാക്കിയുണ്ടായിരുന്നുള്ളൂ, പക്ഷേ 45 മിനിറ്റു എടുത്താലും ആ ദൂരം താണ്ടാന്‍ ചിലപ്പോള്‍ ഈ ട്രാഫിക്ക് ബ്ലോക്കിനിടെ സാധിക്കില്ലെന്ന് മനസിലാക്കിയാണ് കാര്‍ ഡ്രൈവറെ ഏല്‍പ്പിച്ച് ആശുപത്രിയിലേക്ക് ഓടാമെന്ന് തീരുമാനിച്ചതെന്നും ഡോക്ടര്‍ പറഞ്ഞു.

ദിവസവും വ്യായാമം ചെയ്യുന്നതിനാല്‍ ഓടാന്‍ പ്രയാസമൊന്നും തോന്നിയില്ല. ആംബുലന്‍സുകള്‍ക്കു പോലും കടന്നു പോകാന്‍ കഴിയാത്ത തരത്തിലുള്ള ഗതാഗതപ്രശ്‌നത്തിനു പരിഹാരം ഉണ്ടായില്ലെങ്കില്‍ വലിയ അത്യാഹിത ഉണ്ടാകും എന്നും ഡോക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനു മുമ്പും ബംഗളൂരുവിലെ ഗതാഗതക്കുരുക്കില്‍ വാഹനം ഉപേക്ഷിച്ച് ഡോക്ടര്‍ ഗോവിന്ദ് നടന്നിട്ടുണ്ട്. രോഗിയെ നന്നായി പരിചരിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ആശുപത്രിയില്‍ ഉള്ളതിനാല്‍ മറ്റു പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായില്ല. ചെറിയ ആശുപത്രികളുടെ സ്ഥിതി ഇങ്ങനെയാവണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബംഗളൂരുവിലെ ഗതാഗതക്കുരുക്കില്‍ പെട്ട് നേരത്തെ മരണം വരെ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ മഴയും വെള്ളക്കെട്ടും കൂടാതെ റോഡിലെ കുഴികളും കൂടി നഗരനിരത്തുകളിലെ ഗതാഗതം വീണ്ടും ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here