ആഷാ മാത്യു

ബാബുസാര്‍ എന്നു വിളിക്കുന്ന ഫിലിപ്പോസ് ചെറിയാനെ അറിയാത്തവര്‍ ചുരുക്കമായിരിക്കും അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍. 1986ലാണ് ഫിലിപ്പോസ് ചെറിയാന്‍ അമേരിക്കയിലെത്തുന്നത്. അമേരിക്കയിലെത്തുന്നതിനു മുന്‍പും അതിനു ശേഷവും ഫിലിപ്പോസ് ചെറിയാന്റെ ജീവിതത്തില്‍ യാതൊരു മാറ്റവുമില്ലാതെ നിലനില്‍ക്കുന്നത് എന്താണെന്ന് ചോദിച്ചാല്‍ അത് തീക്ഷ്ണമായ ദൈവ വിശ്വാസമാണെന്ന് പറയുന്നതില്‍ യാതൊരു അതിശയോക്തിയുമുണ്ടാകില്ല.

എംഎസ് സി കെമിസ്ട്രിയില്‍ റാങ്കുകാരനായ അദ്ദേഹം സിറ്റി ഓഫ് ഫിലാഡല്‍ഫിയ എയര്‍പൊലൂഷന്‍ കെമിസ്റ്റ്, സൂപ്പര്‍വൈസറായാണ് ജോലി ചെയ്തിരുന്നത്. ജോലിയുടെ തിരക്കുകള്‍ക്കിടയിലും പള്ളിയും മറ്റ് സാമൂഹിക പ്രവര്‍ത്തനങ്ങളുമായി സജീവമായിരിക്കുന്നതിലായിരുന്നു ഫിലിപ്പോസ് ചെറിയാന്റെ സന്തോഷം. 1986ല്‍ അമേരിക്കയില്‍ എത്തിയ വര്‍ഷം തന്നെ അദ്ദേഹം സെന്റ് മേരീസ് ചര്‍ച്ചിലെ അംഗത്വം സ്വീകരിച്ചിരുന്നു. വാടകക്കെട്ടിടത്തിലാണ് ആദ്യ കാലത്ത് ദേവാലയം പ്രവര്‍ത്തിച്ചിരുന്നത്. 1988 ലാണ് ഇടവക ജനങ്ങള്‍ ചേര്‍ന്ന് സ്വന്തമായി ദേവാലയം വാങ്ങുന്നത്. പിന്നീട് 2017ല്‍ ഹണ്ടിംങ്ടണ്‍ വാലിയില്‍ നവീകരിച്ച മറ്റൊരു പുതിയ ദേവാലയം ഇടവക സ്വന്തമാക്കി.

പുതിയ പള്ളിയുടെ കൂദാശകര്‍മ്മം സെപ്റ്റംബര്‍ 30, 1 തീയതികളിലാണ് നടക്കുന്നത്. ഓര്‍ത്തഡോക്‌സ് സഭയുടെ പരി. മോറോന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതിയന്‍ കാതോലിക്കാ ബാവായും ഓര്‍ത്തഡോക്‌സ് സഭയുടെ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ ബഹുമാന്യനായ നീലത്തിയോസ് തിരുമേനിയുമാണ് അന്നേദിവസം പ്രധാന കാര്‍മ്മികത്വം വഹിക്കുന്നത്. അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ സഖറിയാസ് മാര്‍ നിക്കളോവസ് എപ്പിസ്‌കോപ്പാ സഹകാര്‍മ്മികത്വം നിര്‍വഹിക്കും.

ആരംഭകാലം മുതല്‍ പള്ളിക്കു വേണ്ടി അഹോരാത്രം പ്രയത്നിച്ചിട്ടുള്ള ബാബു സാറിനെപ്പോലെയുള്ള ഇടവകാംഗങ്ങളില്‍ പലര്‍ക്കും ഇത് സ്വപ്ന സാഫല്യം കൂടിയാണ്. ആഘോഷപൂര്‍വ്വം നടക്കുന്ന കൂദാശാ കര്‍മ്മങ്ങളുടെ ചിലവിലേക്കായി ഇറക്കുന്ന സുവനീര്‍ കണ്‍വീനറായി പ്രവര്‍ത്തിക്കുന്നത് ഫിലിപ്പോസ് ചെറിയാനാണ്. പള്ളിയുടെ ഉന്നമനത്തിനായി അദ്ദേഹത്തിന്റേയും കൂടെയുള്ളവരുടേയും ആത്മാര്‍ത്ഥമായ പരിശ്രമത്തിന്റെ ഭാഗമായി അനേകമാളുകളാണ് നല്ല മനസ്സോടെ പണം സ്പോണ്‍സര്‍ ചെയ്തത്.

സഭയിലെ വിവിധ ചാരിറ്റി സംഘടനകള്‍ക്കായി ഫിലാഡല്‍ഫിയ റീജിയണിലെ പുരോഹിതരോടൊപ്പം നിറഞ്ഞ സന്തോഷത്തോടെയാണ് ഫിലിപ്പോസ് ചെറിയാന്‍ പ്രവര്‍ത്തിക്കുന്നത്. തുടക്കം മുതല്‍ പള്ളി വികാരിയായി ഉണ്ടായിരുന്ന റവ. ഫാ. ജോണ്‍സണ്‍ കോര്‍ എപ്പിസ്‌കോപ്പയ്‌ക്കൊപ്പം അന്നു മുതല്‍ ഇന്നു വരെ നീണ്ട 36 വര്‍ഷങ്ങള്‍ ചെറിയാന്‍ ഫിലിപ്പ് ചേര്‍ന്നു നിന്നു പ്രവര്‍ത്തിച്ചു. പള്ളി സെക്രട്ടറിയായും ട്രസ്റ്റിയായും കമ്മിറ്റി മെമ്പറായും അനേകം വര്‍ഷക്കാലം ദേവാലയവുമായി ബന്ധപ്പെട്ട വിവിധ ഉത്തരവാദിത്വങ്ങള്‍ ആത്മാര്‍ത്ഥതയോടെ നിര്‍വഹിച്ചു.

പള്ളിയിലെ സജീവമായ ഇടപെടലുകള്‍ക്കൊപ്പം ഫിലിപ്പോസ് ചെറിയാന്‍ കോണ്‍ഗ്രസിന്റെ സജീവപ്രവര്‍ത്തകന്‍ കൂടിയാണ്. അതിനു പുറമേ, ഫിലാഡല്‍ഫിയിലുള്ള ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടെ പ്രസിഡന്റ്, ട്രൈസ്റ്റേറ്റ് കേരളയുടെ ട്രസ്റ്റി, പമ്പ അസോസിയേഷന്റെ കമ്മിറ്റി മെമ്പര്‍, ഫ്രണ്ട്‌സ് ഓഫ് റാന്നി, കോട്ടയം അസോസിയേഷന്‍, ഓര്‍മ്മ, തുടങ്ങി നിരവധി സംഘടനകളിലെ പ്രവര്‍ത്തനവും ഒരുമിച്ചുകൊണ്ടുപോകുന്നു. സിറ്റി ഓഫ് ഫിലാഡല്‍ഫിയ എയര്‍പൊലൂഷന്‍ കെമിസ്റ്റ്, സൂപ്പര്‍വൈസര്‍ എന്നീ പദവികളിലെ റിട്ടയര്‍മെന്റിന് ശേഷം ഇപ്പോള്‍ അതേ ഡിപ്പാര്‍ട്ട്‌മെന്റില്‍ കണ്‍സള്‍ട്ടന്റായി വര്‍ക്ക് ചെയ്യുകയാണ് ഫിലിപ്പോസ് ചെറിയാന്‍.

മാന്നാര്‍ വില്ലേജില്‍, നിരണം കടപ്ര ചേരുവാക്കല്‍ കുടുംബാംഗംമായ ഫിലിപ്പോസ് ചെറിയാന്‍, തോമസ് ചെറിയാന്‍-സാറാമ്മ ചെറിയാന്‍(തലവടി കൊച്ചുമാമൂട്ടില്‍ കുടുംബാംഗം) ദമ്പതികളുടെ നാലാമത്തെ മകനാണ്. ചങ്ങനാശ്ശേരി എസ്ബി കോളേജില്‍ നിന്ന് എംഎസ്എസി കെമിസ്ട്രിയില്‍ കേരളാ യൂണിവേഴ്സിറ്റിയില്‍ തേഡ് റാങ്കോടെ പാസായ അദ്ദേഹം പഠനത്തിനു ശേഷം ഓര്‍ത്തഡോക്‌സ് സഭയിലെ പ്രസിദ്ധമായ ബസേലിയസ് കോളേജില്‍ പത്ത് വര്‍ഷക്കാലം സേവനമനുഷ്ഠിച്ചു. പിന്നീട് ലീവ് വേക്കന്‍സിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം നൈജീരിയയില്‍ സ്‌കൂളില്‍ പഠിപ്പിക്കാന്‍ പോയി. അതിനു ശേഷം 1986ലാണ് കുടുംബസമേതം അമേരിക്കയിലെത്തിയത്.

ഫിലിപ്പോസ് ചെറിയാന്റെ എല്ലാവിധ പ്രവര്‍ത്തനങ്ങള്‍ക്കും ശക്തമായ പിന്തുണയുമായി ഭാര്യ അമ്മിണി ടീച്ചര്‍ അദ്ദേഹത്തിന്റെ കൂടെയുണ്ട്. പുരാതന കുടുംബമായ മണ്ണേക്കാട്ടില്‍ ശാഖയിലുള്ള റാന്നി എലിമുള്ളുമാങ്കല്‍ കുടുംബാംഗമാണ് അമ്മിണി ടീച്ചര്‍. നഴ്സിംഗ് ജോലിയോടൊപ്പം റിയല്‍ എസ്റ്റേറ്റ് ബിസിനസിലും മികവ് തെളിയിച്ച വ്യക്തിയാണ് അമ്മിണി ടീച്ചര്‍. സാറ, ശ്യാമ, സൈബു എന്നിങ്ങനെ മൂന്നുമക്കളാണ് ഈ ദമ്പതികള്‍ക്ക്.

മൂത്തയാള്‍ സാറ വായത്ത് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി അസോസിയേറ്റ് ഡയറക്ടറാണ്. രണ്ടാമത്തെയാള്‍ ശ്യാമ നോവാര്‍ട്ടിസ് ഫാര്‍മസ്യൂട്ടിക്കലില്‍ ഡയറക്ടറാണ്. മൂന്നാമത്തെയാള്‍ സൈബു എംഡി, മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത് ഡിഗ്രി എന്നിവ പൂര്‍ത്തിയാക്കിയതിനു ശേഷം ഇന്റേണല്‍ മെഡിസിന്‍ സെക്കന്റ് ഇയര്‍ റസിഡന്‍സി, ചെയ്യുന്നു. മരുമക്കള്‍: ജോസഫ് പറമ്പില്‍ ഇന്റേണല്‍ മെഡിസിന്‍ എംഡി, റോണ്‍ ഡാനിയേല്‍, ഫൈനാന്‍ഷ്യല്‍ അഡൈ്വസര്‍, അക്കൗണ്ടന്റ്. മാത്യു, ലൂക്ക്, മാര്‍ക്ക്, ഏവ എന്നിവരാണ് കൊച്ചുമക്കള്‍.

LEAVE A REPLY

Please enter your comment!
Please enter your name here