ബ്യൂണസ് ഐറിസ്: അര്‍ജന്റീനയില്‍ ബീച്ചില്‍ ബൈക്ക് ഓടിച്ചു പോകുന്നതിനിടെ കാണാതായ യുവാവിന്റെ ശരീരാവശിഷ്ടങ്ങള്‍ സ്രാവിന്റെ വയറ്റില്‍ നിന്ന് കണ്ടെത്തി. ഡിയേഗോ ബാരിയ (32) എന്നയാളുടെ ശരീരാവശിഷ്ടങ്ങളാണ് സ്രാവിന്റെ വയറ്റില്‍ നിന്ന് ലഭിച്ചത്. സ്രാവിന്റെ വയറ്റില്‍ നിന്ന് ലഭിച്ച കയ്യിലെ ടാറ്റു കണ്ട് ആണ് ഡിയേഗോ ബാരിയയാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചത്.

ബാരിയ തീരത്തുകൂടി സഞ്ചരിക്കുന്ന സമയത്ത് വലിയ തിരമാലകളുണ്ടായിരുന്നു. തിരയില്‍പ്പെട്ട് കടലിലെത്തുകയും സ്രാവ് പിടികൂടുകയും ചെയ്തതാകാമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അര്‍ജന്റീനയുടെ തെക്കന്‍ തീരമായ ചുബുട് പ്രവിശ്യയിലൂടെ ബൈക്ക് ഓടിച്ചു പോകുന്നതിനിടെയാണ് ഫെബ്രുവരി 18ന് ഡിയേഗോ ബാരിയയെ കാണാതായത്. പ്രദേശത്ത് തെരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. കാണാതായി പത്ത് ദിവസത്തിന് ശേഷം ചൊവ്വാഴ്ച രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് മൂന്ന് സ്രാവിനെ ലഭിച്ചിരുന്നു.

ഇവയില്‍ ഒന്നിനെ മുറിച്ചു നോക്കിയപ്പോഴാണ് മനുഷ്യന്റെ കൈ വയറ്റില്‍ നിന്ന് ലഭിച്ചത്. ഉടനെ മത്സ്യത്തൊഴിലാളികള്‍ കോസ്റ്റ് ഗാര്‍ഡിനെ വിവരമറിയിക്കുകയായിരുന്നു.ഡിയേഗോ ബാരിയയുടെ കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഡാനിയേല മില്ലട്രൂസ് സ്ഥലത്തെത്തി ശരീരവശിഷ്ടം പരിശോധിച്ചു. യുവാവിന്റെ കുടുംബവും സ്ഥലത്തെത്തി. കയ്യിലെ ടാറ്റു കണ്ട് കുടുംബം ബാരിയയാണ് മരിച്ചതെന്ന് ഉറപ്പിക്കുകയായിരുന്നു. ശരീരാവശിഷ്ടത്തിന്റെ ഡിഎന്‍എ പരിശോധന നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here