ന്യൂഡൽഹി ∙ ഇന്ത്യൻ വ്യവസായലോകത്തെ കാരണവരായ രത്തൻ ടാറ്റ നവസംരംഭകർക്കുള്ള പിന്തുണ തുടരുന്നു. യുഎസ് ആസ്ഥാനമായ ലൈബ്രേറ്റ് എന്ന ഹെൽത്ത് കെയർ സ്റ്റാർട്ടപ് കമ്പനിയിൽ നടത്തിയ നിക്ഷേപമാണ് ഏറ്റവും ഒടുവിലത്തേത്.

ടാറ്റയും ടൈഗർ ഗ്ളോബൽ മാനേജ്മെന്റ്, നെക്സസ് വെഞ്ച്വർ പാർട്നേഴ്സ് എന്നീ സംരംഭകരും ചേർന്ന് ഏതാണ്ട് 65 കോടി രൂപയാണു ലൈബ്രേറ്റിൽ നിക്ഷേപിച്ചത്. രോഗികളെയും ഡോക്ടർമാരെയും ബന്ധിപ്പിക്കുന്ന ഓൺലൈൻ പ്ലാറ്റ്ഫോമാണു കമ്പനിയുടെ പ്രധാന സംരംഭം. ഫെയ്സ്ബുക്കിൽ നിന്നെത്തിയ സൗരഭ് അറോറയും സ്നാപ്ഡീലിൽ നിന്നെത്തിയ രാഹുൽ നാരംഗുമാണ് 2013 ൽ ലൈബ്രേറ്റ് സ്ഥാപിച്ചത്. രത്തൻ ടാറ്റയുടെ നിക്ഷേപത്തുക എത്രയെന്നു വെളിപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞദിവസം കോയമ്പത്തൂർ ആസ്ഥാനമായ ആംപിയർ എന്ന വൈദ്യുതവാഹന നിർമാണക്കമ്പനിയിൽ ടാറ്റ നിക്ഷേപം നടത്തിയിരുന്നു. ഹേമലത അണ്ണാമലൈ എന്ന സംരംഭകയുടെ കമ്പനി വിഭിന്നശേഷിയുള്ളവർക്കായി ഇലക്ട്രിക് സൈക്കിൾ, സ്കൂട്ടർ, ട്രോളി എന്നിവ നിർമിക്കുന്നു. ടാറ്റയുടെ നിക്ഷേപത്തുക വെളിപ്പെടുത്തിയിട്ടില്ല.

ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻ പദവിയിൽ നിന്നു പടിയിറങ്ങിയ ശേഷമാണ് സ്റ്റാർട്ടപ് കമ്പനികളിൽ വ്യക്തിഗത നിക്ഷേപം നടത്താൻ ടാറ്റ പ്രത്യേക കമ്പനി തന്നെ ആരംഭിച്ചത്. ‘ആർഎൻടി അസോഷ്യേറ്റ്സ്’ നിക്ഷേപത്തുക എത്രയെന്നു വെളിപ്പെടുത്തുക പതിവില്ല.

ടാറ്റയുടെ നിക്ഷേപം കിട്ടിയ പ്രധാന സ്റ്റാർട്ടപ്പുകൾ:

1∙ 2014 ഫെബ്രുവരി: ആൾട്ടെറോസ് എനർജീസ്: കാറ്റിൽ നിന്നു വൈദ്യുതി ഉണ്ടാക്കുന്ന വ്യവസായ രംഗത്തു പ്രവർത്തിക്കുന്ന യുഎസ് കമ്പനി. 2∙ ഓഗസ്റ്റ്: സ്നാപ്ഡീൽ: ഇന്ത്യയിലെ ഏറ്റവും പ്രമുഖ ഓൺലൈൻ വ്യാപാര കമ്പനികളിലൊന്ന്.

3∙ സെപ്റ്റംബർ: ബ്ലൂസ്റ്റോൺ: ബാംഗ്ലൂർ ആസ്ഥാനമായ ഓൺലൈൻ ജ്വല്ലറി. 4∙ നവംബർ: അർബൻ ലാഡർ: ഫർണിച്ചർ വ്യാപാര രംഗത്തെ ഓൺലൈൻ സംരംഭം. ആസ്ഥാനം ബാഗ്ലൂർ

5∙ ഡിസംബർ: സ്വസ്ഥ് ഇന്ത്യ: കുറഞ്ഞ ചെലവിൽ ആരോഗ്യ പരിപാലന സേവനങ്ങൾ ലഭ്യമാക്കുന്ന ഇന്ത്യൻ കമ്പനി. രണ്ടു കോടി രൂപയാണു ടാറ്റയുടെ നിക്ഷേപം. 6∙ 2015 ഫെബ്രുവരി: കാർ ദേഖോ: വാഹന ക്ലാസിഫൈഡ്സ് കമ്പനി 7∙ മാർച്ച്: ഗ്രാമീൺ ക്യാപിറ്റൽ: സാമൂഹിക സംരംഭങ്ങൾക്ക് വായ്പ നൽകുന്ന കമ്പനി. 8∙ പേടിഎം: ഓൺലൈൻ പണമിടപാട് സേവന കമ്പനി 9∙ ഏപ്രിൽ: ഷവോമി: ചൈനീസ് മൊബൈൽ ഹാൻഡ്സെറ്റ് നിർമാണ കമ്പനി. 10∙ ജൂൺ: കാര്യ: സ്ത്രീകൾക്കായുള്ള ഫോമൽ വെസ്റ്റേൺ വസ്ത്രങ്ങൾ നിർമിക്കുന്ന ഇന്ത്യൻ കമ്പനി

11∙ ജൂലൈ: ഒല: ടാക്സി സർവീസ് അഗ്രിഗേറ്റർ 12∙ ആംപിയർ: ഇലക്ട്രിക് സൈക്കിൾ സ്കൂട്ടർ നിർമാതാക്കൾ 13∙ ലൈബ്രേറ്റ്: ആരോഗ്യപരിപാലന രംഗത്ത് പ്രവർത്തിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here