ജിനേഷ് തമ്പി
ന്യൂജേഴ്‌സി : ന്യൂയോർക് സിറ്റി കൗൺസിലിലേക്ക് ,ക്യുൻസിലെ ഇരുപ്പത്തിമൂന്നാം ഡിസ്ട്രിക്റ്റിൽ നിന്നും മത്സരിക്കുന്ന കോശി ഉമ്മൻ തോമസിന് വിജയാശംസകളും , പരിപൂർണ്ണ പിന്തുണയുമായി വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ്
ഇരുപത്തിയേഴു വർഷമായി ക്യുൻസിൽ താമസിക്കുന്ന ,ട്രൈസ്റ്റേറ്റ് മേഖലയിലെ മലയാളികൾക്ക് ഏറെ സുപരിചിതനായ കോശി തോമസ് കുട്ടം പേരൂർ സ്വദേശിയാണ്. സംഘടനാ നേതൃത്വരംഗത്തു തനതായ വ്യക്തിമുദ്ര പതിപ്പിച്ചു, തിളക്കമാർന്ന വ്യക്തിത്വത്തിന് ഉടമയായ കോശി തോമസ് അറ്റോർണിയും , ബാങ്കിങ് രംഗത്ത് പ്രവർത്തിക്കുന്ന ബിസിനസുകാരൻ കൂടിയാണ് . നിലവിലെ വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ വൈസ് ചെയർമാനാണ് കോശി തോമസ്
ജൂൺ ഇരുപത്തിയൊന്നിനു നടക്കുന്ന പ്രൈമറി തെരെഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിക്ക് ഭൂരിപക്ഷമുള്ള കോശി തോമസ് മത്സരിക്കുന്ന ഇരുപ്പത്തിമൂന്നാം ഡിസ്ട്രിക്റ്റിൽ , പ്രൈമറി വിജയിക്കുന്ന സ്ഥാനാർഥി വിജയക്കൊടി നാട്ടാനാണ് എല്ലാ സാധ്യതും . ഏകദേശം ഒന്നര ലക്ഷത്തോളം വോട്ടർമാരുള്ള ഈ ഡിസ്ട്രിക്റ്റിൽ ഏഷ്യൻ വോട്ടർമാർക്ക് നിർണായക സ്വാധീനമാണുള്ളത്.
മലയാളികൾ തിങ്ങിപ്പാർക്കുന്ന ഫ്ലോറൽ പാർക്ക് മുതലായ സ്ഥലങ്ങൾ ഉള്ളതിനാൽ മലയാളികൾ ഊർജിതമായി , ഒത്തൊരുമയോടെ പ്രവർത്തിച്ചാൽ കോശി തോമസിന് വിജയം ഉറപ്പാണെന്നാണ് പരക്കെ കരുതപ്പെടുന്നത് .
തന്റെ വിജയത്തിൽ ഏറെ ശുഭാപ്‌തി വിശ്വാസം പ്രകടിപ്പിച്ച കോശി തോമസ് ഡിസ്ട്രിൻറ്റെ വികസനപ്രവർത്തനങ്ങളിൽ സമഗ്രമായ മാറ്റം കൊണ്ടുവരാനാകുമെന്ന പ്രതീക്ഷ പങ്കു വെച്ചു .
എല്ലാവർക്കും ആയിരം ഡോളർ വരെ ടാക്സ് ഇളവ് , കോവിഡ് നിര്‍മ്മാര്‍ജ്ജനത്തിനും , കോവിഡ് മൂലം ജോലി നഷ്ട്ടപെട്ടവർക്കു വേണ്ടിയുള്ള നൂതനമായ പദ്ധതികൾ , സ്വന്തമായി ജോലി ചെയ്യുന്നവർക്ക് രണ്ടായിരം ഡോളർ ടാക്സ് ഇളവ് , ചെറുകിട ബിസിനസുകൾക്ക് സഹായഹസ്തമേകാൻ വൈവിധ്യമാർന്ന പദ്ധതികൾ , നിലവിലുള്ള എല്ലാ ബിസിനസുകൾക്കും നികുതിയിലോ, ലൈസൻസ് ഫീ ഇനത്തിലോ രണ്ടായിരം ഡോളർ ഇളവ് , ബിൽഡ് എ ബ്ലോക്ക് പ്രോഗ്രാം, വിദ്യാഭ്യാസ രംഗത്ത് കാതലായ മാറ്റങ്ങൾ , സ്പെഷ്യലൈസ്‌ഡ് സ്കൂളുകൾ, അഞ്ചു വർഷത്തിനകം സർക്കാർ സ്ഥാപനങ്ങൾ, കാറുകൾക്ക് ക്ലീൻ എനർജി പ്രാവർത്തികമാക്കാനുള്ള കർമപദ്ധതികൾ , വിമുക്തഭടന്മാരുടെ പെൻഷനും ക്ഷേമവും മുൻനിർത്തിയുള്ള പ്രവർത്തനം എന്നിവയാണ കോശി തോമസിന്റെ പ്രകടന പത്രികയിലെ ശ്രദ്ധേയമായ വാഗ്ദാനങ്ങൾ .
കോശി തോമസിനെ പോലെ സംഘടനാ, രാഷ്ട്രീയ , സാംസ്‌കാരിക രംഗത്ത് ഉജ്വലമായ നേതൃപാടവവും , സംഘടനാ മികവും പ്രദർശിപ്പിച്ചു നേതൃനിരയിലേക്ക് കടന്നുവരുന്ന മലയാളികൾ , അമേരിക്കൻ രാഷ്ട്രീയ രംഗത്തിനു വലിയ മുതൽക്കൂട്ടാവുമെന്നും, കോശി തോമസിനെ പോലെയുള്ള വ്യക്തിത്വങ്ങൾ കൂടുതലായി അമേരിക്കൻ രാഷ്ട്രീയ രംഗത്തേക്ക് ചുവടു വെക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നു വിജയാശംസകൾ നേർന്നു കൊണ്ട് വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ് പ്രസിഡന്റ് ജിനേഷ് തമ്പി അഭിപ്രായപ്പെട്ടു
ന്യൂയോർക് ക്യുൻസിലെ ഇരുപ്പത്തിമൂന്നാം ഡിസ്ട്രിക്ട് പോലെയുള്ള നിർണായകമായ സീറ്റിൽ , മലയാളിയായ കോശി തോമസ് മത്സരിക്കുന്നത്തിൽ ഏറെ അഭിമാനമുണ്ടെന്നും, കോശി തോമസ്സിന്റെ വിജയത്തിനായി എല്ലാ മലയാളികളും അണിനിരക്കണമെന്നും , അദ്ദേഹത്തിന് എല്ലാ വിജയാശംസകളും നേരുന്നതായി വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ് ചെയർമാൻ ഡോ ഗോപിനാഥൻ നായർ പറഞ്ഞു
ന്യൂജേഴ്‌സി പ്രൊവിൻസ് അഡ്വൈസറി ബോർഡ് ചെയർമാൻ തോമസ് മൊട്ടക്കൽ, സെക്രട്ടറി ഡോ ഷൈനി രാജു , ട്രഷറർ രവികുമാർ എന്നിവരോടൊപ്പം മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി , അഡ്വൈസറി ബോർഡ് അംഗങ്ങളും കോശി തോമസിന് വിജയാശംസകൾ നേരുന്നതിൽ പങ്കുചേർന്നു
വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ചെയർമാൻ ഹരി നമ്പൂതിരി, പ്രസിഡന്റ് തങ്കം അരവിന്ദ്, ഗ്ലോബൽ ചെയർമാൻ ഡോ എ വി അനൂപ് , പ്രസിഡന്റ് ജോണി കുരുവിള എന്നിവരും കോശി തോമസിന് വിജയം ആശംസിച്ചു ഭാവുകങ്ങൾ നേർന്നു