ന്യൂ ജേഴ്‌സി: വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ   സ്റ്റുഡന്റ്സ് എൻഗേജ്മെന്റ് പ്ലാറ്റ്ഫോം (SEP) നൂതന ആശയങ്ങളിലൊന്നായ  യൂത്ത് ലീഡർഷിപ്പ് പ്രോഗ്രാം, കഴിഞ്ഞ ആഴ്ച വിജയകരമായി പൂർത്തിയാക്കി. 2 ആഴ്ചകളിലായി 8 സെഷനുകലുണ്ടായിരുന്ന ഈ പ്രോഗ്രാമിൽ 16 ഹൈസ്കൂൾ വിദ്യാർത്ഥികൾ പങ്കെടുക്കുകയും ഇതിന്റെ ഗുണങ്ങൾ പ്രയോജനപ്പെടുത്തുകയും ചെയ്തു. ഈ ഓൺലൈൻ പ്രോഗ്രാം സ്പോൺസർ ചെയ്തത് ന്യൂ ജേഴ്‌സിയിലെ പാറ്റേഴ്സണിലുള്ള ഗുഡ് സോൾസ് ടോസ്റ്റ്മാസ്റ്റർ ആണ്.
 
ടോസ്റ്റ്മാസ്റ്റേഴ്സ് ഇന്റർനാഷണൽ, ഡിസ്ട്രിക്ട് 83, യൂത്ത് ലീഡർഷിപ്പ് ചെയർ ഡി.ടി.എം ശ്രീ. സോമേഷ് ചബ്ലാനി പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയും ഡി.ടി.എം ശ്രീ തോമസ് തോട്ടുകടവിൽ ശ്രീമതി മരിയ തോട്ടുകടവിൽ എന്നിവർ നേതൃത്വം നൽകുകയും ചെയ്തു. ഇരുവരും ഗുഡ് സോൾസ് ടോസ്റ്റ്മാസ്റ്റേഴ്സിന്റെ സ്ഥാപക അംഗങ്ങളാണ്
 
ജോവാന ജോർജ്, സഞ്ജന കലോത്ത്, കാൽവിൻ ചെറിയാൻ, അഞ്ജലി അനിൽ നായർ, ജയ്ഡൻ തോമസ്, ഓജസ് റാണ, നിമയ് സതീസ്, തേജ മാരെഡി എന്നിവരെ കമ്മറ്റി അംഗങ്ങളായി തിരഞ്ഞെടുത്തു. യൂത്ത് ലീഡർഷിപ്പ് കോഴ്സിൽ പങ്കെടുത്ത, കാൽവിൻ ചെറിയാൻ, അനന്യ രഘുനാഥ്, സഞ്ജന കലോത്ത്, ഋത്വിക് രാജേഷ്, അലൈന സായിബ്, അഞ്ജലി അനിൽ നായർ, നിമയ് സതീസ്, ചിന്മയി മഹേഷ്, ജയ്ഡൻ തോമസ്, ഗിയ ജെയ്സൺ, തൻവി മാരെഡി, തേജാ മാരെഡി, ഓജസ് റാണ, നോഹ പീറ്റർ, കല്യാണി അനിൽ, ഡേവ് പിന്റോ, ജോവാന ജോർജ് എന്നിവർക്ക് ആശംസകൾ അറിയിച്ചുകൊണ്ട് ഡബ്ല്യുഎംസി ചെയർമാൻ ശ്രീ ഫിലിപ്പ് തോമസ് എട്ടാം സെഷനിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കയും  ജീവിതത്തിന്റെ തുടക്കത്തിൽ ആശയവിനിമയവും നേതൃത്വ നൈപുണ്യവും വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. അവർ വികസിപ്പിക്കുന്ന കഴിവുകൾ അവരുടെ ജീവിതത്തിലുടനീളം നിലനിൽക്കും.
 
യുവാക്കളിൽ ആശയവിനിമയവും നേതൃത്വ നൈപുണ്യവും വളർത്തുക എന്ന ലക്ഷ്യത്തോടെ ടോസ്റ്റ്മാസ്റ്റേഴ്സ് ഇന്റർനാഷണൽ വികസിപ്പിച്ചെടുത്ത ഒരു പ്രോഗ്രാമാണ് യൂത്ത് ലീഡർഷിപ്പ് പ്രോഗ്രാം. പ്രോഗ്രാം നിലവിലെ കഴിവുകളുടെ വിലയിരുത്തലിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതു കൂടാതെ 8 വ്യത്യസ്ത സെഷനുകളിലൂടെ ആശയവിനിമയവും നേതൃത്വ നൈപുണ്യവും മെച്ചപ്പെടുത്താൻ പങ്കാളികളെ സഹായിക്കുന്നു. ചെയർമാൻ, സെക്രട്ടറി തുടങ്ങിയ പദവികൾ ഏറ്റെടുത്ത് അവർ പാർലമെന്ററി നടപടിക്രമങ്ങളെക്കുറിച്ചും പഠിക്കുന്നു.
 
ശ്രീ സുധീർ നമ്പ്യാരുടെയും ശ്രീ പിന്റോ കണ്ണമ്പള്ളിയുടെയും നേതൃത്വത്തിലുള്ള വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ആണ് ഓൺലൈനായി പ്രോഗ്രാമിന് ആതിഥേയത്വം വഹിച്ചത്. പ്രസിഡന്റ് റോസലിൻ തോട്ടുമാരിയുടെ നേതൃത്വത്തിലുള്ള ഗുഡ് സോൾസ് ടോസ്റ്റ്മാസ്റ്റർആണ് ഈ  പരിപാടി സ്പോൺസർ ചെയ്തത്. പോൾ വർഗീസ്, ലിയോ തോട്ടുമാരി, ജാനറ്റ് മാർക്കർട്ട്, മഞ്ജു പുളിക്കൽ, സോമേഷ് ചബ്ലാനി എന്നിവർ വിവിധ വിഷയങ്ങളിൽ  പ്രഭാഷണം നടത്തി.
യൂത്ത് ലീഡർഷിപ്പ് പ്രോഗ്രാം യുഎസ്എയിലെ ഏത് കമ്മ്യൂണിറ്റിയിലും ആ പ്രദേശത്ത് പ്രവർത്തിക്കുന്ന ഒരു ടോസ്റ്റ്മാസ്റ്റർ ക്ലബ്ബുമായി ചേർന്ന് നൽകാവുന്നതാണ്, www.toastmasters.org എന്ന വെബ്സൈറ്റ് വഴി പ്രാദേശിക ക്ലബ്ബുകൾ കണ്ടെത്താനാകും. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക www.WMCAmerica.org/ylp

LEAVE A REPLY

Please enter your comment!
Please enter your name here