ധർമശാല∙ അനിൽ കുംബ്ലെയെ ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി തിരഞ്ഞെടുത്തു. ഇതുമായി ബന്ധപ്പെട്ട് ദിവസങ്ങളായി തുടരുന്ന ഊഹോപോഹങ്ങൾക്കൊടുവിലാണ് കുംബ്ലെയെ പരിശീലകനായി നിശ്ചയിച്ചത്. സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മണ്‍ എന്നിവരടങ്ങിയ ബിസിസിഐയുടെ ഉപദേശക സമിതിയാണ് 6.4 കോടി രൂപ വാർഷിക വരുമാനമുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകസ്ഥാനത്തേക്ക് കുംബ്ലെയെ തിരഞ്ഞെടുത്തത്. ഒരു വർഷത്തേയ്ക്കാണ് കുംബ്ലെയുടെ നിയമനം. ബാറ്റിങ്, ബോളിങ് പരിശീലകരെ പിന്നീട് തീരുമാനിക്കും.

ചരിത്രത്തിലാദ്യമായാണ് അപേക്ഷ ക്ഷണിച്ച് ഇന്ത്യൻ പരിശീലകനെ നിയമിച്ചത്. അപേക്ഷ ക്ഷണിച്ചതനുസരിച്ച് ബിസിസിഐയ്ക്ക് കിട്ടിയത് 57 അപേക്ഷകൾ. അതിൽ മുപ്പത്തിയാറെണ്ണം പ്രാഥമിക പരിശോധനയിൽ തള്ളി. ശേഷിക്കുന്ന 21 പേരിൽനിന്ന് 10 പേരെ അഭിമുഖത്തിന് തിരഞ്ഞെടുത്തു. ഇവരിൽനിന്നാണ് കുംബ്ലെ എന്ന അന്തിമ പേരിലേക്കെത്തിയത്.

അനിൽ കുംബ്ലെയ്ക്ക് പുറമെ മുൻ ഇന്ത്യൻ താരങ്ങളായ രവി ശാസ്ത്രി, ലാൽചന്ദ് രജ്പുത്ത്, പ്രവീൺ ആംറെ, മുൻ ഓസ്ട്രേലിയൻ താരങ്ങളായ സ്റ്റുവർട്ട് ലോ, ടോം മൂഡി, ന്യൂസീലൻഡ്, അഫ്ഗാനിസ്ഥാൻ ടീമുകളെ പരിശീലിപ്പിച്ച ആൻഡി മോൾസ് തുടങ്ങിയ പ്രമുഖരാണ് ഉപദേശക സമിതിക്കു മുന്നിൽ അഭിമുഖത്തിനു ഹാജരായത്. ചിലർ നേരിട്ടെത്തിയപ്പോൾ ചിലർ വിഡിയോ കോൺഫറൻസിങ്ങിലൂടെ ഉപദേശക സമിതിക്കു മുന്നിൽ ആശയങ്ങൾ അവതരിപ്പിച്ചു. ഇവർക്കുപുറമെ, വിക്രം റാത്തോർ, ബൽവീന്ദർ സിങ് സന്ധു, സുരേന്ദ്ര ഭാവെ, ഋഷികേഷ് കനിക്തർ, മുൻ സിംബാബ്‌വെ ക്യാപ്റ്റൻ ഹീത്ത് സ്ട്രീക്ക്, ഡാനിയല്‍ വെട്ടോറി തുടങ്ങിയവർ ഇന്ത്യൻ പരിശീലകസ്ഥാനത്തേക്ക് അപേക്ഷിച്ചിരുന്നു.

ഇന്ത്യയുടെ ഏറ്റവും മികച്ച ബോളറായിരുന്ന കുംബ്ലെ ടെസ്‌റ്റിൽ 619 വിക്കറ്റും ഏകദിനത്തിൽ 337 വിക്കറ്റും വീഴ്‌ത്തിയിട്ടുണ്ട്. ഇപ്പോൾ 44 വയസ്സിലെത്തിയ ഈ കർണാടകക്കാരൻ തന്റെ ലെഗ് സ്‌പിൻ മായാജാലത്തിലൂടെ പലകുറി ഇന്ത്യൻ ക്രിക്കറ്റിന്റെ രക്ഷാപുരുഷനായിട്ടുണ്ട്. ടെസ്‌റ്റിൽ ഒരിന്നിങ്‌സിൽ പത്തു വിക്കറ്റുകളും നേടിയ ലോകത്തിലെ രണ്ടേ രണ്ടു ബോളർമാരിലൊരാളാണു കുംബ്ലെ. ഇംഗ്ലണ്ടിന്റെ ജിം ലേക്കർ നേടിയ പെർഫെക്‌ട് ടെൻ പാക്കിസ്‌ഥാനെതിരായ ടെസ്‌റ്റിൽ കുംബ്ലെ ആവർത്തിച്ചപ്പോൾ അതൊരു ചരിത്രമായി. കർണാടക ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ ടെക്‌നിക്കൽ കമ്മിറ്റി തലവനുമായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here