ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരുടേയും വായനക്കാരുടേയും നിരൂപകരുടേയും ആസ്വാദകരുടേയും സംയുക്ത സംഘടനയായ കേരളാ റൈറ്റേഴ്സ് ഫോറം ജൂണ്‍ 19-ാംതീയതി വൈകുന്നേരം ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള ദേശി ഇന്ത്യന്‍ റസ്റ്റോറണ്ട് ഓഡിറ്റോറിയത്തില്‍ വെച്ച് ഹ്യൂസ്റ്റനിലെ പ്രമുഖ എഴുത്തുകാര്‍ രചിച്ച പ്രബന്ധങ്ങളും നര്‍മ്മ ചിത്രീകരണങ്ങളും കവിതകളും അവതരിപ്പിക്കുകയുണ്ടായി. പ്രസിഡന്‍റ് മാത്യു നെല്ലിക്കുന്നിന്‍റെ അധ്യക്ഷതയിലാരംഭിച്ച യോഗത്തില്‍ ഡോക്ടര്‍ മാത്യു വൈരമണ്‍ മോഡറേറ്ററായിരുന്നു.
മനുഷ്യനൊപ്പം യാത്ര ചെയ്യുന്ന ഭാഷ എന്ന ശീര്‍ഷകത്തില്‍ ജോണ്‍ മാത്യു എഴുതിയ പ്രബന്ധം അദ്ദേഹം തന്നെ വായിച്ചു. സാങ്കേതിക രംഗത്തുണ്ടായ മാറ്റങ്ങളും വളര്‍ച്ചയും ഓരോ ഭാഷകളേയും പോലെ മലയാളത്തേയും സ്വാധീനിച്ചു. ഭാഷകള്‍ ലോകത്തെ മനുഷ്യനൊപ്പം യാത്ര ചെയ്യുകയും സമ്മളിതമായി സമ്മേളിക്കുകയും പരസ്പരം കൊണ്ടും കൊടുത്തും വളര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് പ്രബന്ധാവതാരകന്‍ ചൂണ്ടിക്കാട്ടി.

ഫൊക്കാനയും ഫോമയും പിന്നെ ഞാനും എന്ന തലക്കെട്ടില്‍ എ.സി. ജോര്‍ജ് എഴുതിയ നര്‍മ്മ ചിത്രീകരണം അദ്ദേഹം തന്നെ അവതരിപ്പിച്ചു. അമേരിക്കയിലെ രണ്ടു പ്രമുഖ മലയാളി ദേശീയ സംഘടനകളാണ് ഫൊക്കാനയും ഫോമയും. സംഘടിച്ച് സംഘടിച്ച് വളര്‍ന്നുകൊണ്ടിരിക്കുന്നതോ തളര്‍ന്നു കൊണ്ടിരിക്കുന്നതോ ആയ ഇത്തരം സംഘടിത പ്രക്രീയകളെ പറ്റിയും കേരളാ മോഡലിലുള്ള ഇലക്ഷന്‍ പ്രചാരണ തന്ത്ര കുതന്ത്രങ്ങളെ പറ്റിയും വായനാ സാഹിത്യ പ്രസ്ഥാനങ്ങളെ പറ്റിയും ആനുകാലിക അമേരിക്കന്‍ മലയാളി ജീവിത പശ്ചാത്തലത്തില്‍ ഓരോ വരികള്‍ക്കും നര്‍മ്മത്തിന്‍റേയും ആക്ഷേപഹാസ്യത്തിന്‍റേയും അനായാസമായ എന്നാല്‍ ഒട്ടും അശ്ലീല ചുവയില്ലാത്ത ഗന്ധവും തുടിപ്പും ജോര്‍ജിന്‍റെ രചനയില്‍ പ്രകടമായിരുന്നു.

തുടര്‍ന്ന് ജോസഫ് പൊന്നോലി വായിച്ച പ്രവാസികളുടെ നാട്ടിലെ അന്യസംസ്ഥാന തൊഴിലാളികള്‍ എന്ന പ്രബന്ധം തൊഴിലും ജീവിതമാര്‍ഗ്ഗവും തേടി ബീഹാറില്‍ നിന്നും ഒഡീഷയില്‍ നിന്നും ബംഗാളില്‍ നിന്നും എത്തുന്ന അന്യസംസ്ഥാന തൊഴിലാളികളുടേയും അതുമൂലം കേരളത്തിനും കേരളീയര്‍ക്കും ഉണ്ടായിക്കൊണ്ടിരിക്കുന്ന നേട്ടങ്ങളേയും, കോട്ടങ്ങളേയും, ജീവല്‍ പ്രശ്നങ്ങളേയും പരാമര്‍ശിച്ചു കൊണ്ടുള്ളതായിരുന്നു. പ്രത്യേകിച്ച് ജിഷ വധക്കേസിനു ശേഷം തദ്ദേശവാസികളും ഉത്തരേന്ത്യയില്‍ നിന്നെത്തിയ തൊഴില്‍ക്കാരും കുടിയേറ്റക്കാരും തമ്മിലുള്ള വിശ്വാസ്യത കേരളത്തിലെ സാമൂഹ്യ-സാംസ്ക്കാരിക വ്യവസ്ഥയിലുണ്ടായി കൊണ്ടിരിക്കുന്ന വ്യതിയാനങ്ങളിലേക്കെല്ലാം പ്രബന്ധാവതാരകന്‍ വിരല്‍ ചൂണ്ടി.

തുടര്‍ന്ന്  ‘മരണമെത്തുന്ന നേരം’ എന്ന തന്‍റെ കവിത ദേവരാജ് കാരാവള്ളില്‍ കാവ്യാത്മകമായി പാടി അവതരിപ്പിച്ചു. മരണമെത്തുന്ന ഓരോ ജീവിതത്തിന്‍റേയും അന്ത്യ നാളുകളില്‍ തങ്ങള്‍ ഏറ്റവും സ്നേഹിക്കുന്ന ആരായാലും അരികത്തുണ്ടായിരുന്നെങ്കില്‍ എന്ന്  കവി ഹൃദയമുരുകി കാംക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയുമാണ് ഈ കവിതയില്‍. തന്‍റെ ഇഷ്ട സ്നേഹിതയൊ, സ്നേഹിതനൊ വിട്ടു പോകുമ്പോഴുണ്ടാകുന്ന ആ അപരിഹാര്യമായ നഷ്ടവും ദുഃഖവും കവി ഇതില്‍ ഹൃദയഹാരിയായി വിവരിച്ചു.

അവതരിപ്പിക്കപ്പെട്ട ഭാഷാ-സാഹിത്യ രചനകളെ ആധാരമാക്കിയുള്ള നിരൂപണങ്ങളിലും ചര്‍ച്ചകളിലും എഴുത്തുകാരും സാഹിത്യ രചയിതാക്കളും ചിന്തകരും ആസ്വാദകരുമായ മാത്യു നെല്ലിക്കുന്ന്, മാത്യു മത്തായി, ജോണ്‍ മാത്യു, എ.സി. ജോര്‍ജ്, ദേവരാജ് കാരാവള്ളില്‍, ബോബി മാത്യു, പീറ്റര്‍ പൗലോസ്, നയിനാന്‍ മാത്തുള്ള, ബാബു തെക്കേകര, റെജി മാണി, ജോസഫ് തച്ചാറ, ഡോക്ടര്‍ മാത്യു വൈരമണ്‍, ജോസഫ് പൊന്നോലി, ഇന്ദ്രജിത് നായര്‍, മാത്യു വെള്ളാമറ്റം, വല്‍സന്‍ മഠത്തിപറമ്പില്‍, ബാബു കുരവക്കല്‍, മേരി കുരവക്കല്‍, റവ. വര്‍ഗീസ് ജോസഫ്, മോട്ടി മാത്യു, ജേക്കബ് ഈശൊ തുടങ്ങിയവര്‍ സജീവമായി പങ്കെടുത്ത് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.

4-Kerala Writers Forum June news 5-Kerala Writers Forum June news

LEAVE A REPLY

Please enter your comment!
Please enter your name here