ടൊറന്റോ: അന്താരാഷ്ട്ര ചലച്ചിത്രമേള (TIFF) യുടെ മുന്നോടിയായി ഇന്‍സ്റ്റാഗ്രാമുമായി ചേര്‍ന്ന് ഹ്രസ്വചിത്രമത്സരം നടത്തുന്നു. ഡിജിറ്റല്‍ സിനിമകളില്‍ പരീക്ഷണം നടത്താനിറങ്ങുന്ന നവാഗതര്‍ക്കു വേണ്ടിയാണീ മത്സരം നടത്തുന്നത്.

“ചലച്ചിത്രരംഗത്തേയ്ക്ക് പുതുതായി കടന്നുവരുന്നവര്‍ക്കുള്ള പ്രോത്സാഹനമെന്ന നിലയില്‍ ഇത് ടൊറോന്‍റോ ചലച്ചിത്രോത്സവത്തിന്റെ കേളികൊട്ടായി അവതരിപ്പിക്കപ്പെടുകയാണ്­. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നവാഗതപ്രതിഭകളെ കണ്ടെത്തി അവര്‍ക്കുള്ള വേദികളുണ്ടാക്കുന്നതിന്റെ ആദ്യപടിയെന്നോണമാണ്­, സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള ഈ പുതിയ സം­രം­ഭം.” ­ ചലച്ചിത്രോത്സവ മേധാവിയായ പിയേര്‍സ് ഹന്‍­ഡ്‌­ലിംഗ് (Piers Handling) പത്രക്കുറിപ്പിലൂടെ മാധ്യമങ്ങളെ അറിയിച്ചതാണ്­ ഇക്കാര്യം.

60 സെക്കന്‍ഡില്‍ കൂടാത്ത ഹ്രസ്വചിത്രങ്ങള്‍ #TIFFxInstagram എന്ന ഹാഷ് ടാഗില്‍ അപ്‌­ലോഡ് ചെയ്യുന്നതോടൊപ്പം TIFF Website ല്‍ രജിസ്റ്റര്‍ ചെയ്യുകയും മാത്രമാണ്­ ഇതിനായി ചെയ്യേണ്ടത്. മേളയുടെ സംഘാടകര്‍ ഇതില്‍ നിന്ന് 30 പേരുടെ അന്തിമപട്ടിക തെരഞ്ഞെടുക്കും. മികച്ച ചിത്രം ഒരുക്കുന്ന ആളിന്­ 2016 സെപ്റ്റംബര്‍ 8 മുതല്‍ 18 വരെ നടക്കുന്ന ചലച്ചിത്രോത്സവത്തിലേയ്ക്കുള്ള ക്ഷണം ലഭിക്കും. ജൂലായ് 20 വരെ ചിത്രങ്ങള്‍ സമര്‍പ്പിക്കാം.

നടനും സം­വിധായകനും എഴുത്തുകാരനുമായ ജെയിംസ് ഫ്രാങ്കോ അദ്ധ്യക്ഷനായ ജൂറിയാണ്­ വിജയികളെ തെരഞ്ഞെടുക്കുക. ബഹുമുഖപ്രതിഭയായ സേവ്യര്‍ ഡോളന്‍, സം­വിധായിക ആവ ദുവെര്‍ണേ, നടി പ്രിയങ്കാ ചോപ്ര, ഛായാഗ്രാഹകനും സംഗീതസം­വിധായകനുമായ നബീല്‍ എല്‍ദേര്‍കിന്‍, അനിമേറ്റര്‍ റെയ്ച്ചല്‍ റൈല്‍ എന്നിവരാണ്­ മറ്റ് ജൂറി അംഗങ്ങള്‍.

പ്രേക്ഷകര്‍ക്ക് അവര്‍ക്ക് ഇഷ്ടപ്പെട്ട ഹ്രസ്വചിത്രങ്ങള്‍ക്കായി ഇന്‍സ്റ്റാഗ്രാമിലൂടെ വോട്ടു രേഖപ്പെടുത്താനും സാധിക്കും. ഓഗസ്റ്റ് 8 മുതല്‍ 17 വരെ TIFF Website ലും ഇന്‍സ്റ്റാഗ്രാമിലും അന്തിമപട്ടികയിലെത്തുന്ന ചിത്രങ്ങള്‍ കാണാനുള്ള സൗകര്യമുണ്ടായിരിക്കും.

സുരേഷ് നെല്ലിക്കോട് (001 289 925 4605) അറിയിച്ചതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here