വാഷിംഗ്ടണ്‍: സ്റ്റീമ്ഡ് റൈസ് കേക്ക് എന്ന പേരുകേട്ട് പേടിക്കേണ്ട…സംഗതി മലയാളികളുടെ സ്വന്തം പുട്ട് തന്നെ. യുഎസിലെ പ്രമുഖ ടെലിവിഷന്‍ പാചകപരിപാടിയായ എല്ലെന്‍ഷോയില്‍ ആവി പറക്കുന്ന പുട്ടായിരുന്നു താരം. അതിനു കാരണമായതാകട്ടെ ആറുവസയുള്ള ഒരു മലയാളി പയ്യന്‍ നിഹാലും. കിച്ച എന്ന് വിളിപ്പേരുള്ള നിഹാലിന്റെ രുചി വൈവിധ്യം കേട്ടറിഞ്ഞ് ആദ്യമായാണ് അമേരിക്കന്‍ ചാനിലിന്റെ ലോക പ്രശസ്ത പരിപാടിയായ എല്ലെന്‍ ഷോയില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചത്. പങ്കെടുത്തപ്പോഴാകട്ടെ പുട്ടുണ്ടാക്കാന്‍ മാത്രമല്ല അമേരിക്കക്കാരെ പുട്ടുകുറ്റിയെന്ന് പോലും പറഞ്ഞ് പഠിപ്പിച്ചുകളഞ്ഞു ഈ കൊച്ചു മിടുക്കന്‍.
അമേരിക്കന്‍ ടെലിവിഷനിലെ എല്ലെന്‍ ഷോയിലൂടെയാണ് കിച്ച കേരളത്തിന്റെ പുട്ടിനെ ലോകത്തിന് പരിചയപ്പെടുത്തിയത്. കൊച്ചിയിലെ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിയായ നിഹാല്‍ എന്ന കിച്ചയുടെ കുഞ്ഞു പാചക വിശേഷങ്ങള്‍ കേട്ടറിഞ്ഞാണ് കഴിഞ്ഞ ദിവസം അമേരിക്കന്‍ ടെലിവിഷനിലെ ദി എല്ലെന്‍ ഡിജെനേറെസ് എന്ന ലോകപ്രശസ്ത ടി.വി പരിപാടിയില്‍ പങ്കെടുക്കാന്‍ നിഹാലിന് അവസരം ലഭിച്ചത്. ഈ വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്ന് പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളും നിഹാല്‍ തന്നെ. പക്ഷെ തുള്ളിച്ചാടി, ഡാന്‍സ് കളിച്ചുകൊണ്ട് പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കിച്ചയെ കണ്ട് കാഴ്ചക്കാര്‍ക്ക് പോലും ചിരിയടക്കാനായില്ല. ഇത്ര ചെറുപ്പത്തില്‍ എങ്ങനെ പാചകം ചെയ്യുമെന്ന അവതാരകയുടെ ചോദ്യത്തോട് തനിക്ക് ഫെയിസ്ബുക്കിലും,ട്വിറ്ററിലും സ്വന്തമായി പാചക പേജുണ്ടെന്നും സ്വന്തം യുട്യുബ് ചാനല്‍ ഉണ്ടെന്നും അറിയിച്ചപ്പോള്‍ അവതാരക പോലും ശരിക്കും മിഴിച്ചു നിന്നു.
കേരളത്തിന്റെ തനത് പ്രാതല്‍ വിഭവമായ പുട്ടുണ്ടാക്കിയാണ് എല്ലെന്‍ ഷോയില്‍ ഈ കുഞ്ഞു പാചക വിദഗ്ധന്‍ താരമായത്. പുട്ടെന്നും പുട്ടുകുറ്റിയെന്നും പറയാന്‍ അവതാരക അല്‍പ്പം പണിപെട്ടെങ്കിലും പുട്ടിനെ സ്റ്റീമ്ഡ് റൈസ് കേക്കെന്നും, പുട്ടുകുറ്റിയെ സ്റ്റീമ്ഡ് റൈസ് കേക്ക് കുറ്റിയെന്നും പറഞ്ഞ് പരിചയപ്പെടുത്തുന്നുമുണ്ട് നിഹാല്‍. അവതാരകയോടൊപ്പം വട്ടത്തൊപ്പിയും കുഞ്ഞ് പാചക ഉടുപ്പുമണിഞ്ഞ് രസകരമായ സംഭാഷണത്തോടെയാണ് നിഹാല്‍ എല്ലെന്‍ ഷോ തുടങ്ങുന്നത്. താന്‍ വലിയ കുക്കാണോയെന്ന അവതാരകയുടെ ചോദ്യത്തോട് ഇപ്പോള്‍ വലിയ പരിചയമുള്ളവനല്ലെന്നും എന്നാല്‍ ഒരു പത്ത് വര്‍ഷത്തിനുള്ളില്‍ വലിയ പാചകക്കാരനാവുമെന്നും നിഹാല്‍ പറഞ്ഞപ്പോള്‍ സദസ്സിനും ചിരിയടക്കാനായില്ല.
കാഴ്ചയില്‍ കുഞ്ഞനാണെങ്കിലും ഐസ്‌ക്രിം കേക്ക്, ഇളനീര്‍ പുഡ്ഡിങ്ങ്, മാംഗോ ഐസ്‌ക്രിം, ഓറിയോ ട്രഫിള്‍സ്, സ്‌ട്രോബറി കൂളര്‍ തുടങ്ങി വലിയ ഷെഫുമാരെ പോലും ഞെട്ടിച്ചുകളയുന്നതരത്തിലുള്ള രുചികരമായ വിഭവ രഹസ്യങ്ങളുണ്ട് നിഹാലിന്റെ കയ്യില്‍. കൊച്ചി സ്വദേശികളായ രാജ ഗോപാല്‍ വി കൃഷ്ണന്റൂബി ദമ്ബതികളുടെ മകനാണ് കിച്ച. പ്രഫസറായ റൂബി പാചകത്തിലെ താല്‍പ്പര്യം കൊണ്ട് ഇപ്പോള്‍ നല്ലൊരു ബേക്കര്‍ കൂടിയാണ്. വളരെ ചെറുപ്പത്തില്‍ തന്നെ കിച്ച താന്‍ അടുക്കളയില്‍ പാചകം ചെയ്യുമ്‌ബോള്‍ താല്‍പ്പര്യം കാണിച്ചിരുന്നതായി റൂബി പറയുന്നു. ഇത് കണ്ടാണ് റൂബി കിച്ചയെ കൊണ്ട് കുഞ്ഞ് പാചക നുറുങ്ങുകള്‍ ചെയ്യിപ്പിച്ച് തുടങ്ങിയത്. ഇതെല്ലാം വളരെ വേഗത്തില്‍ പഠിച്ചെടുക്കുകയും ചെയ്തു ഈ കൊച്ചു മിടുക്കന്‍.

LEAVE A REPLY

Please enter your comment!
Please enter your name here