ഹ്യൂസ്റ്റന്‍: അമേരിക്കാകാര്‍ മാത്രമല്ല, ലോകജനതകള്‍ പോലും ആകാംഷയോടെ ഉറ്റുനോക്കുന്ന അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ തിരുതകൃതിയായി നടക്കുന്ന, ഈ അവസരത്തില്‍, കേരളാ ഡിബേറ്റ് ഫോറം, യു.എസ്.എ. അത്യന്തം വാശിയേറിയതും, വിജ്ഞാനപ്രദവും, രാഷ്ട്രീയ ബോധവല്‍ക്കരണത്തിന് ഉതകുന്നതുമായ അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍ ഡിബേറ്റ്- സംവാദം- ഒക്ടോബര്‍ 8 ശനിയാഴ്ച രാവിലെ 10മണി മുതല്‍ ഹ്യൂസ്റ്റനിലെ ഷുഗര്‍ലാന്‍റിലുള്ള ലൈബ്രറി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്നു. 550 ഇല്‍ഡിര്‍ജ് റോഡ്, ഷുഗര്‍ലാന്‍റ്, ടെക്സാസ് എന്ന മേല്‍വിലാസത്തിലുള്ള ലൈബ്രറി ഓഡിറ്റോറിയം ഏവര്‍ക്കും എളുപ്പം ചെന്നെത്താവുന്നതും സൗകര്യപ്രദവുമാണ്. അമേരിക്കന്‍ ജനതയുടെ ഭാഗമായ, രാഷ്ട്രീയ പ്രബുദ്ധരായ അമേരിക്കന്‍ മലയാളികള്‍ക്കും ഈ പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍ അത്യന്തം വിധിനിര്‍ണ്ണായകമാണ്. അമേരിക്കയുടെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളില്‍ ഉത്തരവാദിത്തബോധത്തോടെ പ്രവര്‍ത്തിക്കേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി ആരും പറഞ്ഞുതരേണ്ട കാര്യമില്ലല്ലോ. ഇവിടത്തെ രാഷ്ട്രീയ ഭരണസംവിധാനങ്ങളും, തെരഞ്ഞെടുപ്പുകളും അടിയൊഴുക്കുകളും മറ്റ് അമേരിക്കന്‍ പൗരന്മാരെപ്പോലെ തന്നെ ഇവിടത്തെ കേരള കുടിയേറ്റക്കാരേയും അവരുടെ സന്തതി പരമ്പരകളായ പിന്‍തലമുറയേയും ബാധിക്കുന്നു.

അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ ഇലക്ഷന് ഏതാണ്ട് ഒരു മാസം ബാക്കി നില്‍ക്കെയാണ് കേരളാ ഡിബേറ്റ് ഫോറം യു.എസ്.എ.യുടെ ഈ പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍ സംവാദം. ഇലക്ഷന്‍ ഗോദയില്‍ കൊമ്പുകോര്‍ക്കുന്ന മുഖ്യ രണ്ടുകക്ഷികളിലെ, റിപ്പബ്ലിക്കന്‍ പാര്‍ട്ടി നോമിനി ഡൊനാള്‍ഡ് ട്രംപ്, ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഹിലരി ക്ലിന്‍റണ്‍,  എന്നിവരുടെ ഇരുചേരികളില്‍ നിലയുറപ്പിച്ചുകൊണ്ട് രാഷ്ട്രീയ പ്രബുദ്ധരായ അമേരിക്കന്‍ മലയാളി പ്രമുഖര്‍ ആശയ, അജണ്ടകള്‍ നിരത്തിക്കൊണ്ട് കാര്യകാരണസഹിതം പക്ഷ പതിപക്ഷ ബഹുമാനത്തോടെ ആരോഗ്യപരമായി ഏറ്റുമുട്ടുകയാണ്. ആവേശം അലതല്ലുന്ന ഈ രാഷ്ട്രീയ ആശയ-പ്രത്യയശാസ്ത്ര അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ സംവാദത്തിലേക്ക് യാതൊരു പ്രവേശനഫീസുമില്ലാതെ ഏവരേയും സ്വാഗതം ചെയ്തിരിക്കുകയാണ്. മൂന്നു മണിക്കൂര്‍ ദീര്‍ഘിച്ചേക്കാവുന്ന ഈ ഡിബേറ്റില്‍ തുടക്കം മുതല്‍ തന്നെ റിപ്പബ്ലിക്കന്‍ പക്ഷവും, ഡെമോക്രാറ്റിക് പക്ഷവും,  വെവ്വേറെ ഇരിപ്പിടം ഉറപ്പാക്കേണ്ടതാണ്. അതുപോലെ കേള്‍വിക്കാരും ചോദ്യകര്‍ത്താക്കളും അവര്‍ക്കായി അലോട്ട് ചെയ്തിരിക്കുന്ന ഇരിപ്പിടവും ഉറപ്പാക്കണം. കക്ഷിഭേദമെന്യെ തികച്ചും നിഷ്പക്ഷവും നീതിയും പുലര്‍ത്തുന്ന കേരള ഡിബേറ്റ് ഫോറത്തിന്‍റെ ഈ സംവാദ പ്രക്രീയയില്‍ ഏവരും മോഡറേറ്ററുടെ നിര്‍ദ്ദേശങ്ങളും, അഭ്യര്‍ത്ഥനകളും കര്‍ശനമായി പാലിക്കേണ്ടതാണ്. കേരളാ ഡിബേറ്റ് ഫോറം യു.എസ്.എ.,  ഔദ്യോഗികമായി ഒരു പാര്‍ട്ടിയേയും പിന്‍തുണക്കുന്നില്ല. അതുപോലെ ഇവിടത്തെ മലയാളികളുടെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സംഘടനാരംഗത്തും മാധ്യമരംഗത്തും പക്ഷങ്ങളുണ്ടെങ്കില്‍ ഒരുപക്ഷവും പിടിക്കാതെ ഒരു സ്വതന്ത്ര നിലപാടോടെയാണ് കേരളാ ഡിബേറ്റ് ഫോറം യു.എസ്.എ. നിലകൊള്ളുന്നത്. അതിനാല്‍ വിവിധ സംഘടനാ ഭാരവാഹികളേയും പ്രവര്‍ത്തകരേയും മാധ്യമങ്ങളേയും, ഒരേ പോലെ ആദരവോടെയാണ് കേരളാ ഡിബേറ്റ് ഫോറം യു.എസ്.എ. സ്വാഗതം ചെയ്യുന്നത്.

ഈ ഡിബേറ്റില്‍ ഹിലരി ക്ലിന്‍റനോ, ഡൊനാള്‍ഡ് ട്രംപോ, നേരിട്ട് വ്യക്തിപരമായി പങ്കെടുക്കുന്നില്ല എന്നോര്‍മ്മിക്കുക. അത് അസാദ്ധ്യവുമാണല്ലോ. അവരിരുവര്‍ക്കും വേണ്ടി അമേരിക്കന്‍ മലയാളി രാഷ്ട്രീയ പ്രബുദ്ധര്‍ റിപ്പബ്ലിക്കന്‍ സൈഡിലും, ഡെമോക്രാറ്റിക് സൈഡിലും, നിന്ന് സൗഹാര്‍ദ്ദപരമായി ഏറ്റുമുട്ടുകയാണ്. തല്‍സമയം ടെലവയിസ് ചെയ്യപ്പെടുന്നതും അച്ചടി ദൃശ്യമാധ്യമങ്ങള്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ടു ചെയ്യുന്നതുമായ ഈ അമേരിക്കന്‍ രാഷ്ട്രീയ സംവാദത്തിലേക്ക് സംഘാടകര്‍ ഏവരേയും സ്വാഗതം ചെയ്തിരിക്കുകയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക:-
എ.സി. ജോര്‍ജ്ജ് : 281-741-9465, ജോസഫ് പൊന്നോലി: 832-356-7142, തോമസ് ഓലിയാല്‍കുന്നേല്‍ : 713-679-9950, മാത്യൂസ് ഇടപ്പാറ: 845-309-3671, ടോം വിരിപ്പന്‍: 832-462-4596, മോട്ടി മാത്യു: 713-231-3735, മാത്യു നെല്ലിക്കുന്ന് : 713-444-7190.    

3-Kerala Debate Forum-USA, American Presidential Debate news

LEAVE A REPLY

Please enter your comment!
Please enter your name here