വായനശാലതേടി വട്ടംകുളത്തേക്ക് ഇറങ്ങിയ കൗമാരത്തില്‍ അവിടെക്കണ്ട ആജാനബാഹുവായ മനുഷ്യന്‍ ഒരു ഉത്തരേന്ത്യക്കാരനാണെന്നാണ് ആദ്യം തോന്നിയത്. വട്ടംകുളത്തുകാരുടെ സംസാരഭാഷയോ ശരീരഭാഷയോ ആയിരുന്നില്ല അദ്ദേഹത്തിന്റേത്. അങ്ങാടിയിലൂടെ നടന്നുപോകുമ്പോള്‍ അദ്ദേഹം കൂട്ടത്തില്‍ വേറിട്ടു കാണപ്പെട്ടു. ക്ലീന്‍ഷേവു ചെയ്ത മുഖവും ഉയര്‍ന്ന നെറ്റിയും തൂവെള്ളക്കുപ്പായവും എടുപ്പിലും നടപ്പിലും തെളിയുന്ന ആഭിജാത്യവും കണ്ടുമുട്ടുന്ന ആരിലും ബഹുമാനം ജനിപ്പിക്കുന്നതായിരുന്നു.

അദ്ദേഹം ഉത്തരേന്ത്യയില്‍നിന്ന് വന്നതുതന്നെയാണെന്ന് പിന്നീടു മനസ്സിലായി. ബോംബെയിലെ ജോലി ഉപേക്ഷിച്ച് ഗൃഹഭരണം ഏറ്റെടുക്കാന്‍ എത്തിയതാണ്. തന്റെ പീടികക്കെട്ടിടത്തിന്റെ മുകള്‍നില ഇതിനകം അദ്ദേഹം ചെറിയതോതില്‍ ഒരു സ്വയംഭരണ സര്‍വ്വകലാശാലയാക്കി മാറ്റി. ഉച്ചതിരിയുവോളം ക്ലാസുമുറി. സന്ധ്യയോടെ വായനശാല. ഇടയ്ക്കിടെ അക്ഷരശ്ലോകസദസ്സ്. പൊട്ടാക്കിപ്ഫാലവട്ടത്തിരുമിഴി, ജടയെ.. എന്നൊക്കെ ആ പീടികക്കെട്ടിടത്തിന്റെ മുകള്‍നിലയില്‍നിന്ന് ഉയരുന്ന ഉച്ചത്തിലുള്ള പദ്യഘോഷം കേട്ട് താഴെ ബാര്‍ബര്‍ഷാപ്പിലും ചായക്കടയിലും ഇരുന്ന വട്ടംകുളത്തുകാര്‍ അത്ഭുതംകൂറി.

പരിപ്പുവടയും പഴംപൊരിയും തിന്നുന്ന വായകൊണ്ട് ഇങ്ങനെയൊക്കെ മലയാളം ഉച്ചരിക്കാന്‍ പറ്റുമോ എന്ന് അതിശയിച്ചു. അര്‍ത്ഥം അറിഞ്ഞില്ലെങ്കിലും പതുക്കെപ്പതുക്കെ ആ ശബ്ദം അവര്‍ക്കു പരിചിതമായി. ക്ലാസു കഴിഞ്ഞ് അദ്ദേഹവും താഴെ വന്നു. അവരോടൊപ്പം ചായയും പഴംപൊരിയും കഴിച്ചു.
എല്ലാവരും മാഷാകാന്‍ വേണ്ടി പഠിച്ചപ്പോള്‍ അദ്ദേഹം പഠിക്കാന്‍ വേണ്ടി മാഷായി. സിലബസ്സ് മാറുമ്പോള്‍ അദ്ദേഹം സന്തോഷിച്ചു. ഇത്തവണ ഡിഗ്രി ഫസ്റ്റിയറിന് ജൂലിയസ് സീസറാണ് എന്നറിഞ്ഞാല്‍ സന്തോഷം. അതു പഠിക്കാമല്ലോ.

സ്വയം പഠിക്കാനുള്ള അവസരമാണ് പഠിപ്പിക്കല്‍. ആ കര്‍മ്മം തന്നെയാണ് അതിന്റെ പ്രതിഫലവും. അതുകൊണ്ട് അദ്ദേഹത്തിന് കുട്ടികളുടെ ഫീസ് വേണ്ട. തനിക്കു പഠിക്കാന്‍ അവസരം തന്നതിന് അദ്ദേഹം വിദ്യാര്‍ത്ഥികളോട് കടപ്പെട്ടവനായി. ശമ്പളം വാങ്ങുന്ന മാഷന്മാരുടേയും മാഷായി.

ഭാഷയാണ് ലഹരി. മലയാളം ഹിന്ദി ഇംഗ്ലീഷ്. വാക്യങ്ങള്‍ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയാണ് പഠിപ്പിക്കുക. മൈ ഡിയര്‍ എന്നു വായിച്ചാല്‍ പ്രിയതമ എന്ന് ഉടനെ അര്‍ത്ഥം പറയും. കുട്ടികള്‍ക്ക് അതുമതി. മാറിമാറിവന്ന പാഠപുസ്തകങ്ങള്‍ അദ്ദേഹത്തെ ഒരക്കാദമിക് സഹൃദയനാക്കി. ക്ലാസിക്കുകളില്‍ അനേകതവണ തീര്‍ത്ഥസ്നാനം ചെയ്തു. വട്ടംകുളത്തിന്റെ കല്പടവില്‍ നിന്ന് മൂന്നു ഭാഷകളിലെയും സാഹിത്യത്തിന്റെ സമുദ്രജലത്തെ കൈക്കുടന്നയിലാക്കി ആചമിച്ചു.
വായനകഴിഞ്ഞ് അടച്ചുവെച്ച അവിസ്മരണീയമായ ഒരു പുസ്തകമായി അദ്ദേഹത്തിന്റെ ഓര്‍മ്മ. പ്രിയപ്പെട്ട നമ്പീശന്‍മാഷ്.

LEAVE A REPLY

Please enter your comment!
Please enter your name here