ബെംഗളൂരു ∙ നിർണായകമായ അഞ്ചാം ഏകദിനത്തിലെ ഉജ്വല ജയത്തോടെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി. അവസാന ഏകദിനത്തിൽ ഒൻപതു വിക്കറ്റിനു ജയിച്ചാണ് ഇന്ത്യ 3-2നു പരമ്പര സ്വന്തമാക്കിയത്. സ്കോർ: ന്യൂസീലൻഡ് 118നു പുറത്ത്. ഇന്ത്യ 27.2 ഓവറിൽ ഒന്നിന് 121. ടീമിന് ബിസിസിഐ 21 ലക്ഷം രൂപ കാഷ് അവാർഡ് പ്രഖ്യാപിച്ചു. ബോളിങ് നിരയുടെ ഒന്നിച്ചുള്ള മികച്ച പ്രകടനമാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കിവീസിനെ തുടക്കത്തിൽ തന്നെ അവർ സമ്മർദത്തിലാക്കി. അഞ്ച് ഓവറിൽ രണ്ടിന് 12 എന്ന നിലയിൽ തുടങ്ങിയ ന്യൂസീലൻ‌ഡിനായി മൂന്നാം വിക്കറ്റിൽ സൂസീ ബേറ്റ്സും (42) സോഫീ ഡിവൈനും (18) ചേർന്ന് ചെറുത്തുനിന്നെങ്കിലും അവർ വീണതോടെ കൂട്ടത്തകർച്ചയായി. എട്ടാമതായി ഇറങ്ങിയ അന്ന പീറ്റേഴ്സൺ (22) മാത്രമാണ് പിന്നീട് ന്യൂസീലൻഡ് നിരയിൽ രണ്ടക്കം കടന്നത്. അവസാന എട്ടു വിക്കറ്റുകൾ വെറും 57 റൺസിനിടയിൽ വീണതോടെ 41 ഓവറിൽ 118 റൺസിന് ന്യൂസീലൻഡ് പുറത്തായി. ഇന്ത്യയ്ക്കു വേണ്ടി ജുലൻ ഗോസ്വാമി, രാജേശ്വരി ഗെയ്ക്‌വാദ്, ദീപ്തി ശർമ എന്നിവർ രണ്ടു വിക്കറ്റെടുത്തു. മൂന്നാം ഓവറിൽ സ്മൃതി മന്ദാനെയെ നഷ്ടമായെങ്കിലും ദീപ്തി ശർമയും (44 നോട്ടൗട്ട്) തിരുഷ് കാമിനി (62 നോട്ടൗട്ട്) ഇന്ത്യയെ വിജയത്തിലെത്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here