ലണ്ടൻ∙ 33-ാം വയസ്സിലും റോജർ ഫെഡററുടെ ശൗര്യത്തിനു കുറവില്ല. ഫ്രഞ്ച് താരം ഗില്ലെസ് സിമണിനെ ക്വാർട്ടർ ഫൈനലിൽ അനായാസം തകർത്തു വിട്ട് ഫെഡറർ വിമ്പിൾഡൻ സെമിഫൈനലിൽ കടന്നു (6-3, 7-5, 6-2). രണ്ടു തവണ മഴ തടസ്സപ്പെടുത്തിയത് ഒഴിച്ചാൽ ഗംഭീരമായിരുന്നു ഫെഡററുടെ കളി. ഒന്നര മണിക്കൂറിൽ ഫെഡറർ വിജയത്തിലെത്തി. സ്വിസ് താരത്തിന്റെ 37-ാം ഗ്രാൻസ്‌ലാം സെമിഫൈനലാണിത്-വിമ്പിൾഡനിൽ പത്താമതും. ആതിഥേയ താരം ആൻഡി മറിയുമായിട്ടാണ് ഫെഡററുടെ സെമിഫൈനൽ പോരാട്ടം. മറി രണ്ടാം ക്വാർട്ടർ ഫൈനലിൽ വാസെക് പോസ്പിസിലിനെ പറഞ്ഞു വിട്ടു (6-4,7-5, 6-4).

വനിതാ ഡബിൾസിലും ഒന്നാംനിര താരങ്ങൾ തമ്മിലുള്ള സെമിഫൈനലിന് കളമൊരുങ്ങി. വിക്ടോറിയ അസറെങ്കയെ തോൽപിച്ചെത്തിയ സെറീന വില്യംസും വാന്ദെവെഗെയെ തോൽപിച്ച മരിയ ഷറപ്പോവയും വീണ്ടുമൊരിക്കൽ കൂടി ഗ്രാൻസ്‌ലാം പോരാട്ടത്തിൽ ഏറ്റുമുട്ടും. അഗ്‌നീസ്ക റാ‍ഡ്‌വാൻസ്ക-ഗാർബിൻ മുഗുരുസ എന്നിവർ തമ്മിലാണ് രണ്ടാം സെമിഫൈനൽ.

പുരുഷ ഡബിൾസിൽ ടോപ് സീഡുകളായ ബ്രയാൻ സഹോദരൻമാരെ മറികടന്ന് റോഹൻ ബോപ്പണ്ണയും ഫ്ലോറിൻ മെർഗിയയും സെമിയിലെത്തി. അ‍ഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിലായിരുന്നു ഇന്തോ-റൊമാനിയൻ സഖ്യത്തിന്റെ ജയം (7-5,4-6,6-7,6-7).

LEAVE A REPLY

Please enter your comment!
Please enter your name here