ദേശീയ ഗാനം എവിടെയെങ്കിലും നിര്‍ബന്ധമാണെന്നോ, പാടുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണമെന്നോ നമ്മുടെ ഭരണഘടനയിലോ നിയമങ്ങളിലോ ഒരിടത്തും പറയുന്നില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. നിര്‍ബന്ധിച്ച് ചെയ്യിക്കാനുള്ള ഒന്നായല്ല ദേശീയഗാനത്തെ സ്ഥആപിച്ചിരിക്കുന്നത്. ഇന്ത്യയുടെ പരമോന്നത കോടതി താമസിയാതെ ഇതു തിരുത്തും എന്ന് വിശ്വസിക്കുന്നു- മാതൃഭൂമി ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ ബേബി പറയുന്നു.
 
സിനിമാഹാളില്‍ ദേശീയ ഗാനം കേള്‍പ്പിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണമെന്നത് ഇന്ത്യയുടെ നിയമവ്യവസ്ഥയുടെ അന്തസ്സത്തയ്‌ക്കെതിരാണ്. ദേശീയഗാനം രചിച്ച ടാഗോര്‍ തന്നെ ദേശഭ്രാന്തിനെതിരെ അതിശക്തമായി എഴുതിയിട്ടുണ്ട്. പൊലീസ് വന്ന് തിയറ്ററില്‍ പരിശോധന നടത്തിയാല്‍ ചലച്ചിത്രോത്സവം നിര്‍ത്തിവെക്കുമെന്ന് പ്രഖ്യാപിച്ച അക്കാദമി അധ്യക്ഷന്‍ കമലിനെ ബേബി അഭിമുഖത്തില്‍ അഭിനന്ദിക്കുന്നു.
 
ആരെയെങ്കിലും ആസൂത്രണം നടത്തി അക്രമിച്ച് കൊല്ലുന്നവര്‍ക്ക് സിപിഎമ്മില്‍ തുടരാനാവില്ല. ടി.പി ചന്ദ്രശേഖരന്റെ വധമാണ് ഇതിന് ഉദാഹരണം. അതിലുള്‍പ്പെട്ട പാര്‍ട്ടി അംഗത്തെ ഞങ്ങള്‍ പുറത്താക്കി- നിലമ്പൂരില്‍ മാവോയിസ്റ്റുകളെ കൊന്നതിനെയും ബേബി തള്ളിപ്പറയുന്നു. കൊല്ലരുത് എന്നു പറഞ്ഞാല്‍ മാവോയിസ്റ്റുകളേയും കൊല്ലരുത് എന്നു തന്നെയാണര്‍ത്ഥം.
 
കൊടും കുറ്റവാളികളെ പോലും ഭരണകൂടം വ്യവസ്ഥാപിതമായി നിയമ സംവിധാനത്തിലൂടെ വിചാരണ നടത്തിയിട്ടായാലും കൊല്ലുന്നതിന് പാര്‍ട്ടി എതിരാണ്. അപ്പോള്‍ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെ അനുകൂലിക്കുന്നുവോ എന്ന ചോദ്യം തന്നെ അസ്ഥാനത്താണ്- നിലമ്പൂരിലേത് ഏറ്റുമുട്ടല്‍ കൊലപാതകം തന്നെയെന്ന് ബേബി ഉറപ്പിക്കുന്നു.
 
ഇടതു സാഹസികതയുടെ വഴിപിഴച്ച രൂപമാണ് മാവോയിസം. അവരെ വെടിവെച്ചു കൊല്ലുന്നതിന് എതിരാണ്. അവരുടെ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി നിലനില്‍ക്കും എന്നതു കൊണ്ട് അവരുടെ രാഷ്ട്രീയത്തെ ശക്തിയുക്തം എതിര്‍ക്കുന്നതില്‍ നിന്ന് സിപിഎം ഒരു ചുവടു പോലും പിന്നോട്ടില്ല. കേരള രാഷ്ട്രീയം നേരിട്ട ഏറ്റവും വലിയ പിന്നോട്ടടികളിലൊന്നാണ് നക്‌സലിസം- മാവോയിസത്തെ ശക്തമായി അഭിമുഖം തള്ളിപ്പറയുന്നു.
 
രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും നിയമപരമായും നേരിടേണ്ട ജനവിരുദ്ധ സംഘടനയാണ് മാവോയിസ്റ്റുകള്‍. നിരോധനം കൊണ്ട് ഫലമൊന്നുമുണ്ടാകില്ല. മാവോയുടെ പേരിന് അപമാനം വരുത്തിവെക്കുന്നവരാണ് മാവോയിസ്റ്റുകളെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇക്കൂട്ടര്‍.
 
കാട്ടിലെ ഈ വധത്തിന്റെ പേരില്‍ നാട്ടില്‍ എഴുത്തുകാരേയും പൊതുപ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്യാനും മറ്റും പൊലീസ് നടത്തിയ ശ്രമം ഉചിതമായില്ല. അത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയം അവഗണിച്ച് ചില പൊലീസ് ഉദ്യേഗസ്ഥര്‍ നിരുത്തരവാദപരമായി പെരുമാറിയതാണ്. പൊലീസ് നടത്തിയ അനുചിതമായ നടപടികളിലൊന്ന്. മഹാവിപ്ലവകാരി മാവോയേയും ഇന്ന് മാവോയിസ്റ്റുകളെന്ന് സ്വയം വിളിക്കുന്നവരുമായി പറയാന്‍ പാടുള്ളതല്ല- അഭിമുഖത്തില്‍ മാവോയിസ്റ്റുകളോടുള്ള നിലപാട് വിശദമാക്കുന്നുണ്ട് ബേബി.
 
നദീറിനെതിരെ യുഎപിഎ ചുമത്തിയത് യുഡിഎഫ് സര്‍ക്കാരെന്ന്- എംഎ ബേബിയും അഭിമുഖത്തില്‍ പറയുന്നു. ഇത് വസ്തുതയല്ല. കണ്ടാലറിയാവുന്ന എന്നതിലേയ്ക്ക് നദീറിനെ ഉള്‍പ്പെടുത്തിയത് ഈ സര്‍ക്കാരാണ്. ഇന്നും പൊലീസിനാല്‍ ഏറ്റവുമധികം അക്രമിക്കപ്പെടുന്നത് സിപിഎം പ്രവര്‍ത്തകരാണ്.
 
മട്ടാഞ്ചേരിയിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറി മുതല്‍ ആലപ്പുഴയിലെ ഡിവൈഎഫ്‌ഐ ജില്ലാപ്രസിഡന്റും പത്തനംതിട്ടയിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരും വരെ. ആ സ്ഥിതി മാറും. പൊലീസുകാര്‍ അനാവശ്യമായി രാഷ്ട്രീയ പ്രവര്‍ത്തകരെയോ ജനങ്ങളെയോ ഉപദ്രവിക്കുന്ന സ്ഥിതി മാറും- പൊലീസിനേയും അഭിമുഖത്തില്‍ ശക്തമായി വിമര്‍ശിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here