2022ലെ ലോകകപ്പ് ഫുട്‌ബോളിനുള്ള ഒരുക്കങ്ങള്‍ക്കായി ഓരോ ആഴ്ചയും ഖത്തര്‍ ചെലവാക്കുന്നത് 500 ദശലക്ഷം ഡോളര്‍ വീതം. ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് വേണ്ടിയുള്ള പ്രധാന അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടിയാണ് ഇത്രയും തുക ചെലവാക്കുന്നതെന്ന് ഖത്തര്‍ ധനമന്ത്രി അലി ശരീഫ് അല്‍ഇമാദി പറഞ്ഞു. 2021വരെ ഇത് തുടരേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫിഫ ലോകകപ്പിന്റെ ഒരുക്കങ്ങള്‍ക്കായി മൊത്തം 20,000 കോടി ഡോളറിലേറെ ചെലവ് വരുമെന്നാണ് ഖത്തര്‍ പ്രതീക്ഷിക്കുന്നത്. സ്റ്റേഡിയങ്ങള്‍ക്കു മാത്രമുള്ള ചെലവല്ല ഇത്രയും വലിയ തുകയെന്ന് അല്‍ഇമാദി വ്യക്തമാക്കി.

റോഡുകള്‍, പുതിയ എയര്‍പോര്‍ട്ട്, ഹോസ്പിറ്റലുകള്‍ തുടങ്ങിയവയുടെ ചെലവും ഇതില്‍ ഉള്‍പ്പെടും. 2022ലേക്കുള്ള 90 ശതമാനം കരാറുകളും ഇതിനകം നല്‍കിക്കഴിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. ഹൈവേകള്‍, റെയില്‍, തുറമുഖങ്ങള്‍ തുടങ്ങിയവയുടെ പണികളെല്ലാം പുരോഗമിക്കുകയാണ്. എല്ലാം നിശ്ചിത സമയപ്രകാരം തന്നെ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ്.

ഏറ്റവും ചെലവേറിയ ലോകകപ്പായിരിക്കില്ല ഖത്തറിലേതെന്നും അദ്ദേഹം വ്യക്തമാക്കി. എണ്ണവിലയിടിവുമായി ബന്ധപ്പെട്ട ചെലവ് ചുരുക്കലില്‍ നിന്ന് ലോക കപ്പ് പദ്ധതികളെ ഒഴിവാക്കിയിട്ടുണ്ടെന്നും അല്‍ഇമാദി അറിയിച്ചു. ലോകകപ്പുമായി ബന്ധപ്പെട്ട പദ്ധതികള്‍ സന്ദര്‍ശിക്കുന്നതിന് അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി ഒരുക്കിയ പ്രത്യേക ട്രിപ്പില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

നിലവിലുള്ള എണ്ണവില ഖത്തറിനെ സംബന്ധിച്ചിടത്തോളം തൃപ്തികരമാണെന്ന് അദ്ദേഹം അറിയിച്ചു. ബജറ്റ് കമ്മി പരിഹരിക്കുന്നതിന് അന്താരാഷ്ട്ര ബോണ്ട് മാര്‍ക്കറ്റില്‍ കടപ്പത്രം വില്‍ക്കാന്‍ പദ്ധതിയുണ്ടോ എന്ന ചോദ്യത്തിന് അത് സംബന്ധമായി തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് അല്‍ഇമാദി പ്രതികരിച്ചു. വാറ്റിന് പിന്നാലെ ഖത്തറില്‍ വരുമാന നികുതി ഏര്‍പ്പെടുത്താനുള്ള സാധ്യത അദ്ദേഹം തള്ളിക്കളഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here