ഇരു രാജ്യങ്ങളുടെയും വികസനത്തിനായി ഒന്നിച്ചു നീങ്ങാമെന്ന നിർദ്ദേശവുമായി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗിന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്‍റെ കത്ത്. അമേരിക്കൻ പ്രസിഡന്റ് ആയി അധികാരമേറ്റ ട്രംപിനെ അഭിനന്ദിച്ച് ഷി അയച്ച കത്തിനു മറുപടിയായി അയച്ച കത്തിലാണ് ട്രംപ് സഹകരണത്തിന് സന്നദ്ധത അറിയിച്ചത്. കത്തിൽ ചൈനീസ് പുതുവർഷത്തിന് ആശംസകളും നേർന്നിട്ടുണ്ട്.

ചൈനയുടെ വ്യാപാര ഇടപാടുകളെയും സൗത്ത് ചൈന കടലിലെ സൈനിക വിന്യാസത്തെയും വിമർശിച്ചതിനു പിന്നാലെയാണ് ട്രംപ് യോജിച്ചു പ്രവർത്തിക്കാൻ താത്പര്യം പ്രകടിപ്പിക്കുന്ന കത്ത് ചൈനീസ് പ്രസിഡന്റിന് അയച്ചത്. ട്രംപ് പ്രസിഡന്റ് ആയി അധികാരമേറ്റ ശേഷം ബ്രീട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുമായി കൂടിക്കാഴ്ച നടത്തുകയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ നിരവധി ലോകനേതാക്കളുമായി നേരിട്ടും ഫോണിലൂടെയും സംസാരിക്കുകയും ചെയ്തിരുന്നു.

ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയും ഇസ്രേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും ഈ ആഴ്ച അവസാനം വൈറ്റ് ഹൗസിൽ ട്രംപിനെ സന്ദർശിക്കാനിരിക്കുകയാണ്.

തായ്‌‌വാനിൽ ഒറ്റ ചൈന നയം നടപ്പാക്കുന്നതിനെ തെരഞ്ഞെടുപ്പ് സമയത്ത് ട്രംപ് എതിർത്തിരുന്നു. എന്നാൽ ട്രംപിന്റെ എതിർപ്പിനെ ചൈന തള്ളിക്കളയുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here