പാകിസ്താനിലെ സിന്ദ് പ്രവിശ്യയിലുണ്ടായ സ്‌ഫോടനത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടു. ദക്ഷിണ സിന്ദ് പ്രവിശ്യയിലെ സെഹ്‌വാന്‍ നഗരത്തിലാണു സംഭവം. വിശ്രുത പാക് സൂഫി പണ്ഡിതന്‍ ലാല്‍ ഷഹബാസ് ഖലന്ദറിന്റെ ദര്‍ഗയിലാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ 50 പേര്‍ കൊല്ലപ്പെടുകയും 100ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ചാവേര്‍ സ്‌ഫോടനമാണ് നടന്നതെന്ന് അധികൃതര്‍ അറിയിച്ചു.

ഏഷ്യയിലെ തന്നെ പ്രമുഖ സൂഫീ തീര്‍ഥാടനകേന്ദ്രമായ ലാല്‍ ഷഹബാസ് കലന്ദര്‍ ദര്‍ഗയില്‍ പ്രത്യേക ചടങ്ങായ ദമാലിനിടെ ദര്‍ഗക്കു മുറ്റത്താണു സ്‌ഫോടനം നടന്നത്. ചടങ്ങു തുടങ്ങുന്നതിനു മുന്‍പ് ദര്‍ഗക്കു മുന്‍പിലെ സുവര്‍ണ കവാടത്തിലൂടെ അകത്തുകടന്ന ഭീകരന്‍ ചടങ്ങുകള്‍ ആരംഭിച്ച ശേഷം ജനക്കൂട്ടത്തിനു നേരെ ഗ്രനേഡ് എറിഞ്ഞ ശേഷം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഗ്രനേഡ് പൊട്ടിത്തെറിച്ചില്ലെന്ന് നഗരത്തിലെ അസിസ്റ്റന്റ് പൊലിസ് സൂപ്രണ്ട് പറഞ്ഞു. സംഭവസമയത്ത് ദര്‍ഗക്കകത്തു വന്‍ ജനക്കൂട്ടമായിരുന്നു ഉണ്ടായിരുന്നത്.

മഗ്‌രിബ് നിസ്‌കാര ശേഷമാണു ദര്‍ഗയിലെ ചടങ്ങുകള്‍ ആരംഭിച്ചത്. അപകടത്തില്‍ പരുക്കേറ്റവരെ ലിയാഖത്ത് മെഡിക്കല്‍ കോംപ്ലക്‌സ്, സബ് ജില്ലാ ആശുപത്രി അടക്കമുള്ള നഗരത്തിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. സൈനിക ഉദ്യോഗസ്ഥ തലവന്‍ ഖമര്‍ ജാവിദ് ബജ്്‌വ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ അടിയന്തര സഹായമെത്തിക്കാന്‍ ഉത്തരവിട്ടു.

കഴിഞ്ഞ വര്‍ഷം നവംബര്‍ 12ന് ബലൂചിസ്താനിലെ ഷാഹ് നൂറാനി ദര്‍ഗയില്‍ നടന്നതിനു സമാനമായ ചാവേര്‍ സ്‌ഫോടനത്തിനമാണ് ഇന്നലെ ദര്‍ഗയില്‍ നടന്നത്. സംഭവത്തില്‍ 52 പേര്‍ മരിക്കുകയും 102 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

സംഭവത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്. ലാല്‍ ഷഹബാസ് ഖലന്ദര്‍ ദര്‍ഗയില്‍ നടന്നത് പാകിസ്താന്റെ ഭാവിക്കുമേലുള്ള ആക്രമണമാണെന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here