കുടുംബാംഗങ്ങളുടെ ഡിഎന്‍എ നല്‍കാതെ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ അര്‍ധസഹോദരന്‍ കിം ജോങ് നാമിന്റെ മൃതശരീരം വിട്ടു നല്‍കില്ലെന്ന് മലേഷ്യ.

ഇതുമായി ബന്ധപ്പെട്ട് ഉത്തരകൊറിയ നല്‍കിയ അപേക്ഷ മലേഷ്യ തള്ളി. ക്വാലലംപുര്‍ രാജ്യാന്തര വിമാനത്താവളത്തില്‍, സ്ത്രീകള്‍ വിഷവസ്തു സ്‌പ്രേ ചെയ്താണു നാല്‍പത്തിയാറുകാരന്‍ നാമിനെ കൊലപ്പെടുത്തിയത്. ഫൊറന്‍സിക് സംഘം നടത്തിയ പരിശോധനയില്‍ കിം ജോങ് നാമിന്റെ മുഖത്ത് വിഷം കലര്‍ന്നുവെന്ന് വ്യക്തമായി.

എന്നാല്‍, ഉത്തര കൊറിയന്‍ ചാരസംഘടനയാണു നാമിന്റെ കൊലപാതകത്തിനു പിന്നില്‍ എന്ന നിഗമനത്തിലാണു ദക്ഷിണ കൊറിയയും യുഎസും. ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ തന്നെ വേട്ടയാടുമെന്നു ഭയന്ന് വര്‍ഷങ്ങളായി കിം ജോങ് നാം വിദേശത്തായിരുന്നു താമസം.

ഇതുവരെ നാമിന്റെ ബന്ധുക്കള്‍ ആരും തന്നെ അദ്ദേഹത്തിന്റെ മൃതശരീരം കാണുകയോ തിരിച്ചറിയുകയോ ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ അടുത്ത കുടുംബാംഗങ്ങളില്‍ ഒരാളുടെ ഡിഎന്‍എ സാംപിള്‍ പരിശോധിച്ച് മരിച്ച വ്യക്തിയുമായി ചേരുന്നതാണ് എന്ന് ഉറപ്പാക്കിയതിനു ശേഷമേ മൃതദേഹം വിട്ടുനല്‍കൂവെന്നും ഉന്നത മലേഷ്യന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

മൃതശരീരം വിട്ടുനല്‍കണമെന്ന് കാണിച്ച് ഉത്തരകൊറിയ ഒരു അപേക്ഷ നല്‍കിയിരുന്നു. പക്ഷേ, അത് പരിഗണിക്കുന്നതിന് മുന്‍പ് ഡിഎന്‍എ പരിശോധന നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാമിന്റെ വധവുമായി ബന്ധപ്പെട്ടു രണ്ടു സ്ത്രീകളടക്കം മൂന്നുപേരാണ് ഇതുവരെ പിടിയിലായത്. നാമിന്റെ മരണമൊഴിയും സമാനമാണ്. ബുധന്‍, വ്യാഴം ദിവസങ്ങളിലായി വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നാണു പൊലീസ് മൂവരെയും പിടികൂടിയത്.വിമാനത്താവളത്തിലെ സിസിടിവി ദൃശ്യത്തില്‍ നിന്നു കൊലയാളികളെന്നു കരുതുന്ന രണ്ടു സ്ത്രീകളെ തിരിച്ചറിഞ്ഞിരുന്നു. ഇവരില്‍ ഒരാള്‍ കഴിഞ്ഞ ദിവസം അറസ്റ്റിലാവുകയും ചെയ്തു.

പിന്നാലെയാണു മറ്റു രണ്ടുപേരുടെയും അറസ്റ്റ്. സ്ത്രീകളില്‍ ഒരാളുടെ കൈവശം വിയറ്റ്‌നാമീസ് യാത്രാരേഖകളാണുണ്ടായിരുന്നത്.

രണ്ടാമത്തെ സ്ത്രീയുടേത് ഇന്തൊനീഷ്യന്‍ പാസ്‌പോര്‍ട്ട് ആണെന്നും പൊലീസ് വെളിപ്പെടുത്തി. യുവതിയുടെ പൗരത്വം ഇന്തൊനീഷ്യ സ്ഥിരീകരിച്ചു. ഈ യുവതിയുടെ സുഹൃത്തായ മലേഷ്യന്‍ പൗരനാണു പിടിയിലായ മൂന്നാമത്തെയാള്‍.

LEAVE A REPLY

Please enter your comment!
Please enter your name here